റംസാന് ചന്ദ്രിക പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണ് റംസാന് വ്രതാനുഷ്ഠാനം. പ്രായപൂര്‍ത്തിയുള്ള സ്ഥിരബുദ്ധിയുമുള്ള എല്ലാ സ്ത്രീപുരുഷന്മാര്ക്കും റംസാന് വ്രതാനുഷ്ഠാനം നിര്‍ബന്ധമാകുന്നു. വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കുക വഴി മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് നാം വ്രതമനുഷ്ഠിക്കുന്നത്. റംസാന് മാസത്തിലാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്.
പ്രതീക്ഷയാണ് ഏത് മനുഷ്യന്റേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷ ഇല്ലാത്തവന്റെ ജീവിതം മരണതുല്യമാണ്. മുഹമ്മദ് നബി അവതരിച്ച മാസമാണ് റംസാന്. അതുകൊണ്ടുതന്നെ മുസ്ലീം മതവിശ്വാസികള്‍ക്ക് എല്ലാ മാസങ്ങളിലും വച്ച് ഏറ്റവും പരിശുദ്ധമായ മാസമാണിത്. റംസാന് മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാന്‍ നമ്മുക്കാവും. പരമകാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ജീവിതത്തില്‍ എന്നും ഒരു തണലായി സര്വ്വേശ്വരന് ഉണ്ടെന്നും മനസിലാക്കിയാല്‍ അവനില്‍ പ്രതീക്ഷകള്‍ തനിയെ വളര്‍ന്നു കൊള്ളും. നന്മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാന്‍ റംസാന് വ്രതം ഏറെ സഹായകമാണ്.
റംസാന് മാസം പകല്‍സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു. ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിഞ്ഞാല്‍ സന്ധ്യാ നമസ്കാരത്തോടെ വ്രതമവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നു. ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന് മാസത്തിലെ തപശ്ചര്യകളില്‍ പെടുന്നു. 'ത്രാവീഹ്' എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന് മാസത്തിലാണ്. ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു.
റംസാന് നോമ്പിന്റെ ഫര്ളുകള് ഇങ്ങിനെയാണ് - അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച് റംസാന് മാസത്തെ നാളത്തെ നോമ്പ് ഞാന്‍ പിടിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക. നോമ്പിനെ ബാത്തിലാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍ ചെയ്യാതിരിക്കുക. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം. നോമ്പുകാരന്റെ ശരീരാന്തര്‍ഭാഗത്തേക്ക് എന്തെങ്കിലും ഒരു വസ്തു കടക്കുക, സ്വബോധത്തോടെ ശുക്ലസ്ഖലനം ഉണ്ടാക്കുക, കളവ് പറയുകപോലുള്ള തെറ്റായ കാര്യങ്ങളിലേര്‍പ്പെട്ടാല്‍ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്ന് മുഹമ്മദു നബി പ്രസ്താവിച്ചിരിക്കുന്നു
ഇഅത്കഫെത്താല്‍ വ്രതമനുഷ്ഠിച്ചുകൊണ്ട് ദൈവാനുഗ്രഹം പ്രതീക്ഷിച്ച് പള്ളിയില്‍ കഴിച്ചു കൂട്ടുന്നതാണ് ഇഅതികാഫും ദുആയും. അഷ്ഹദു അന്‍ലാളലാഹ ഇല്ലുള്ള അസ്തഗ്ഫിറുള്ള അസ്അലുക്കല്‍ ജന്നത വഅഊദുബിക മിനന്നാര്‍ ആണ് റംസാന് മുഴുവനും ചൊല്ലേണ്ട ദുആ. അല്ലാഹുമ്മഗ്ഫര്‍ലീ ദുന്ത്രബീയാറബ്ബല്‍ ആലമീന്‍ ആണ് ആദ്യത്തെ പത്തില്‍ ചെല്ലേണ്ട ദുആ.
റംസാന് വ്രതാനുഷ്ഠാനങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളായി. പെരുന്നാളിന് പുത്തനുടുപ്പുകള്‍ അണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്.