വിശുദ്ധ ഡോണ്‍ ബോസ്കോയുടെ തിരുശേഷിപ്പ് ബുധനാഴ്ച തൃശൂരിലെത്തി. രാവിലെ അഞ്ചിന് പൂങ്കുന്നത്തുവച്ച് തിരുശേഷിപ്പിന് സ്വീകരണം നല്കി. ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ മരിയാപുരം ഡോണ്‍ബോസ്കോ ദൈവാലയത്തില്‍ കൊണ്ടുപോയി. വിശുദ്ധ ഡോണ്‍ ബോസ്കോയുടെ രണ്ടാം ജന്മ ശതാബ്ദി 2015 ആഘോഷിക്കുന്നതിന്റെ ഭാഗമായി വിശുദ്ധന്റെ വലതുകരത്തിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന പേടകം 2009-ല്‍ ഇറ്റലിയില്‍നിന്നും ആരംഭിച്ച് 130 രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തിവരികയാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ വൈദികനായിരുന്ന വിശുദ്ധ ജോണ്‍ ബോസ്കോ (ഡോണ്‍ ബോസ്കോ) ആഗോളത ലത്തില്‍ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്.
വിശുദ്ധന്റെ പൂര്‍ണകായ രൂപം സ്റ്റീലും ഗ്ലാസും കൊണ്ടുള്ള പേടകത്തില്‍ എഴുന്നള്ളിക്കുന്നുണ്ട്. അഞ്ഞൂറ് കിലോഗ്രാം തൂക്കവും 253 സെന്റീമീറ്റര്‍ നീളവും 132 സെന്റീമീറ്റര്‍ ഉയരവും 108 സെന്റീമീറ്റര്‍ ഉള്‍വിസ്തീര്‍ണവുമുള്ള പേടകമാണ് രൂപം വഹിക്കുവാന്‍ ഉപയോഗിക്കുന്നത്. വിശ്വാസികളെ കരങ്ങളുയര്‍ത്തി അനുഗ്രഹിച്ചിരുന്ന വിശുദ്ധന്റെ വലതുകരത്തിലെ അസ്ഥിയാണ് തിരുശേഷിപ്പായി എത്തിക്കുന്നത്.
മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളില്‍ 1.30 വരെ പരസ്യവണക്കത്തിന് വയ്ക്കും. മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കും. 5.30 ന് ലൂര്‍ദ്ദ് കത്തീഡ്രലില്‍ സ്വീകരണം നല്‍കും. ആറിന് യുവജന സംഗമം നടത്തും. ഇവിടെ നിന്നും മുളയം മേജര്‍ സെമിനാരിയിലേക്ക് കൊണ്ടുപോകുന്ന തിരുശേഷിപ്പ് രാത്രി ഒമ്പതോടെ മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിലെത്തും.
തിരുശേഷിപ്പ് തീര്‍ത്ഥയാത്ര 29-ന് ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തുമെന്ന് സ്വീകരണ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോണ്‍ ബോസ്കോ സ്കൂളില്‍ രാവിലെ 9.30 മുതല്‍ 5 മണിവരെ തിരുശേഷിപ്പിന് വണക്കവും, ആധ്യാത്മിക ശുശ്രൂഷകളും നടത്തും. 5.30 മുതല്‍ രാത്രി 8 വരെ സെന്റ് തോമാസ് കത്തീഡ്രലില്‍ തിരുശേഷിപ്പ് നടത്തും. രാത്രി 8.30 മുതല്‍ അടുത്തദിവസം രാവിലെ 8 മണിവരെ ഡോണ്‍ ബോസ്കോ സ്കൂളില്‍ തിരുശേഷിപ്പ് ഉണ്ടാകും. രാത്രി 8 മണിക്ക് തീര്‍ത്ഥയാത്ര പറവൂര്‍ക്ക് പുറപ്പെടും.
ഈവര്‍ഷം മേയ് ഒന്നിന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച തിരുശേഷിപ്പ് പ്രയാണം കോല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ, ഗോവ, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന പര്യടനത്തിനുശേഷം തിരുശേഷിപ്പ് ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്ദി ആഘോഷിക്കുന്ന 2015 ഓഗസ്റ് 16ന് തിരുശേഷിപ്പ് ടൂറിനില്‍ തിരിച്ചെത്തും.