കോടികളുടെ സമ്പത്ത് ശേഖരം ഒളിച്ചുവച്ച നിലവറകളാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ലോകപ്രശസ്തമാക്കിയത്. എന്നാല്‍ ഇതാ, ചെന്നൈയിലും സമാനമായ ഒരു ക്ഷേത്രമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ചെന്നൈയ്ക്കു സമീപം ന്യൂ ഗുമ്മിഡിപൂണ്ടിയിലെ ചന്ദ്രശേഖരസ്വാമി ക്ഷേത്രമാണിത്.
1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സമ്പത്തുണ്ടെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിലെ ആറടി വീതിയും 15 അടി നീളവുമുള്ള നിലവറയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
നവംബര്‍ 16-ന് നിലവറ തുറക്കും. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഡിസംബറില്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുംഭാഭിഷേകത്തിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കവേയാണ് നിലവറയേക്കുറിച്ച് സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ഇത് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശിവന്, അംബല ദൈവനായകി, വിനായകന്, മുരുകന് എന്നീ ദൈവങ്ങളാണ് ക്ഷേത്രത്തിലുള്ളത്. പാണ്ഡ്യ, ചോള രാജാക്കന്മാരുടെ കാലത്താണു ക്ഷേത്രം നിര്‍മിച്ചതെന്ന് ചരിത്രകാരന്മാര് വ്യക്തമാക്കുന്നു.