കന്യാമറിയത്തേയും കത്തോലിക്ക വിശ്വാസികളേയും അവഹേളിച്ചു എന്നാരോപിച്ച് ന്യൂസിലാന്‍ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഓക്ലാന്‍ഡിലെ ആംഗ്ലിക്കല്‍ ദേവാലയം ആയ സെന്റ് മാത്യു-ഇന്‍-ദി-സിറ്റി സ്ഥാപിച്ച ബില്‍ബോര്‍ഡാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ബില്‍ബോര്‍ഡില്‍ കന്യാമറിയത്തെ ഗര്‍ഭിണിയായാണ് ചിത്രീകരിക്കുന്നത്.
താന്‍ ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടിലേക്ക് നോക്കിയിരിക്കുകയാണ് കന്യാമറിയം. കയ്യിലുള്ള പരിശോധനാ റിപ്പോര്‍ട്ടിലേക്ക് നോക്കുന്ന കന്യാമറിയം, വായ കൈ കൊണ്ട് പൊത്തി സ്തബ്ധയായി നില്‍ക്കുകയാണ് പരസ്യത്തില്‍. ഈ ബില്‍ബോര്‍ഡിന് അനുയോജ്യമായ തലക്കെട്ട് നിര്‍ദ്ദേശിക്കാന്‍ വെബ്സൈറ്റിലൂടെ ദേവാലയത്തിന്റെ അധികൃതര്‍ ആവശ്യപ്പെടുന്നുമുണ്ട്.
ഇത് മതനിന്ദയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ കത്തോലിക്ക വിശ്വാസികള്‍ ചിത്രം പിശാചിന് തുല്യമാണെന്ന് വിശേഷിപ്പിച്ചു. ചിത്രത്തിന് ഉത്തരവാദികളായവരും ഇത് തയ്യാറാക്കിയ പരസ്യഏജന്‍സിയും പശ്ചാത്തപിക്കാന്‍ തയ്യാറാകണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ഈ ദേവാലയം വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. 2009-ല്‍ ഇവര്‍ സ്ഥാപിച്ച ബില്ബോര്ഡും വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം നഗ്നരായി കിടക്കയില്‍ കിടക്കുന്ന ജോസഫിന്റേയും മേരിയുടേയും ചിത്രമാണ് അന്ന് ഇവര്‍ സ്ഥാപിച്ചത്.