ശബരിമല മേല്‍ശാന്തിയായി തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത് എന്‍ ബാലമുരളിയെ തെരഞ്ഞെടുത്തു. പത്തു പേരടങ്ങിയ പട്ടികയില്‍ നിന്നാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ കോറമംഗലം ടി കെ ഈശ്വരന് നമ്പൂതിരിയായിരിക്കും മാളികപ്പുറം മേല്‍ശാന്തി. ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം നടന്ന ചടങ്ങില്‍ വച്ചാണ് പുതിയ മേല്‍ശാന്തിമാര്‍ക്കുള്ള നറുക്കെടുപ്പ് നടന്നത്.
പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളായ സൌരവ് എസ് വര്‍മ്മയും ഗൌതമി ജി വര്‍മ്മയുമാണ് നറുക്കടുപ്പ് നടത്തിയത്. ആറുവയസുകാരനായ സൌരവ് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. ഗൌതമി ജി വര്‍മ്മയാണ് മാളികപ്പുറത്തെ മേല്‍ശാന്തിയെ നറുക്കെടുത്തത്. വൃശ്ചികം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും പുതിയ മേല്‍ശാന്തിമാരുടെ കാലാവധി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എം രാജഗോപാലന്‍നായര്‍, മെമ്പര്‍മാരായ കെ വി ഭാസ്കരന്, കെ സിസിലി, ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എസ് ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.