ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രചിച്ച ജീസസ് ഇന്‍ നസറത്ത് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. എറണാകുളം - അങ്കമാലി അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പുസ്തകത്തിന്റെ ആദ്യപ്രതി തിരക്കഥാകൃത്ത് ജോണ്‍ പോളിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഫാദര്‍ ജോസ് മാണിപ്പറമ്പിലും ഡോക്ടര്‍ ജേക്കബ് പറപ്പിള്ളിയും ചേര്‍ന്നാണ് പുസ്തകം മൊഴിമാറ്റിയിരിക്കുന്നത്.
മാര്‍പ്പാപ്പ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന ‘ജീസസ് ഓഫ് നസ്രത്ത്’ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. ‘നസ്രത്തിലെ യേശു; ജോര്‍ദ്ദാനിലെ ഞാനസ്നാനം തൊട്ട് രൂപാന്തരീകരണം വരെ’ എന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പേര്. ഈ പുസ്തകത്തിന്റെ പേരാകട്ടെ, ‘നസ്രത്തിലെ യേശു; ജറുസലേമിലേക്കുള്ള ആഗമനം തൊട്ട് കുരിശുമരണം വരെ’ എന്നാണ്.
“ജീസസ് ഇന്‍ നസറത്ത് സഭയ്ക്കു മാത്രമല്ല ലോകത്തിനു തന്നെ മാര്‍പാപ്പ നല്കിയ മഹ ത്തായ സംഭാവനയാണ്. പുസ്തകം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ഫാദര്‍ ജോസ് മാണിപ്പറമ്പിലും ഡോക്ടര്‍ ജേക്കബ് പറപ്പിള്ളിയും വിശ്വാസപരമായ ദൗത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദൈവിക സിദ്ധാന്തങ്ങളെ ലളിതമായ ഭാഷയില്‍ എല്ലാവര്ക്കും മനസിലാകുംവിധം മൊഴിമാറ്റുന്നതിന് പ്രധാന പങ്കുവഹിച്ച ഫാദര്‍ ജോസ് മാണിപ്പറമ്പില്‍ ചിന്തകൊണ്ടും സംസാരം കൊണ്ടും എഴുത്തുകൊണ്ടും ജീവിതം കൊണ്ടും ജ്വലിക്കുന്ന വ്യക്തിത്വമാണ്” - മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് ടി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. റവറന്റ് ഡോക്ടര്‍ പോള്‍ തേലക്കാട്ട്, റവറന്റ് ഡോക്ടര്‍ ജോസ് മാണിപ്പറമ്പില്‍, ഫാദര്‍ റോബി കണ്ണന്‍ചിറ, ഏബ്രഹാം ചാലക്കുടി, സെബി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിബ്ലിയ പബ്ലിക്കേഷനാണു പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.