ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാല്മീകി ജീവിച്ചിരുന്നത്.
ഉത്തര്‍ പ്രദേശില്‍ പോലും അത്രയോന്നും അറിയപ്പെടുന്ന ഒരു സ്ഥലമല്ല ബൈത്തൂര്‍. ബ്രഹ്മാഘട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പുരാതനനാമം.ലോകത്തിന്റെ കേന്ദ്രം ഇവിടെയാണെന്ന സങ്കല്പത്തിലാണ് ബ്രഹ്മാവ് ഇവിടെ യജ്ഞം നടത്താന്‍ തീരുമാനിച്ചതെന്നും വിശ്വസിക്കുന്നു.
അങ്ങനെ ഗംഗാനദിയുടെ കരയിലുള്ള ബൈത്തൂരില്‍ ബ്രഹ്മാവ് യാഗം നടത്തിയതിനാല്‍ ബൈത്തൂരിന് ബ്രഹ്മാഘട്ട് എന്നും പേരുവന്നു.
മറ്റൊരു ഐതിഹ്യം മഹാഭക്തനായ ധ്രുവന് ജനിച്ചതും ഇവിടെയാണെന്നാണ്. ബൈത്തൂരില്‍ ജനിച്ച മനുഭായി എന്ന പെണ്‍കുട്ടിയാണ് പില്ക്കാലത്ത് ഝാന്‍സിറാണിയായി മാറി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്.
ബ്രഹ്മഘട്ട് എന്നയിരുന്നു ഈ പ്രദേശത്തിന്റെ പുരാതനമായ പേര്. ബൈത്തൂ രില്‍ ഗംഗാനദിയുടെ തീരം വളരെ വിശാലവും മനോഹരവുമാണ്, മാത്രമല്ല ഇവിടത്തെ ഗംഗാജലം ശുദ്ധവും കുളിര്‍മയേറിയതുമാണ്.
രാമന് രാവണനെ വധിച്ച് സീതയുമായി അയോദ്ധ്യയിലെത്തിയപ്പോല്‍ പ്രജകള്‍ സീതയെക്കുറിച്ച് അപവാദം പറഞ്ഞപ്പോള്‍ രാമന് സീതയെ കാട്ടിലയയ്ക്കാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായ സീതയെ ലക്ഷ്മണന് ബൈത്തൂരിലുള്ള വാല്മീകി ആശ്രമത്തില്‍ കൊണ്ടുവിട്ടു.
സീതയ്ക്ക് ലവകുശന്മാര് പിറന്നതും അവര്‍ രാമന്റെ സൈന്യവുമായി ഏറ്റുമുട്ടിയതും ശ്രീരാമന് സീതയെക്കണ്ടതും ഭൂമി പിളര്‍ന്ന് സീത താഴേക്കു മറഞ്ഞതും എല്ലാം ഇവിടെ വച്ചാണുണ്ടായത്.
സ്രഷ്ടാവായ ബ്രഹ്മാവ് ഇവിടെ ഒരു യജ്ഞം നടത്തിയിരുന്നെന്നും ഒരു ഐതിഹ്യമുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്റെ സൃഷ്ടികര്‍മ്മം ബ്രഹ്മാവ് ഇവിടെ നിന്നാണ് തുടങ്ങിയതെന്നുമാണ് വിശ്വാസം.
ബ്രിട്ടീഷുകാരുടെ കാലത്ത് മഹാരാഷ്ട്രയില്‍ നിന്നും പുറത്താക്കപ്പെട്ട ബാജിറാവു പേഷ്വാ ബ്രഹ്മാഘട്ടിലെത്തി ബിതോബായുടെ ഒരു ക്ഷേത്രം പണിത് താമസം തുടങ്ങി. അതോടെ ബിതോബാ നഗര്‍ എന്നു പേരുവന്നു ബ്രഹ്മാഘട്ടിന്. കാലക്രമേണ ബിതോബാഘട്ട് ലോപിച്ച് ബൈത്തൂരായിമാറി.