ദേവപ്രശ്‌നം അയ്യപ്പന്റെ പേരിലുള്ള തട്ടിപ്പ്: രാഹുല്‍ ഈശ്വര്‍

ബുധന്‍, 4 ഏപ്രില്‍ 2012 (14:37 IST)
PRO
PRO
ശബരിമലയില്‍ നടക്കുന്ന ദേവപ്രശ്നത്തിനെതിരെ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. അയ്യപ്പന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ചിലര്‍ പണം തട്ടാന്‍ വേണ്ടിയാണ് ഇതിന് മുതിരുന്നതെന്ന് രാഹുല്‍ ഈശ്വര്‍ അരോപിച്ചു.

മുമ്പ് ദേവപ്രശ്‌നം നടത്തിയപ്പോള്‍ അയ്യപ്പന് റോപ്‌വേ വേണമെന്ന് പറഞ്ഞിരുന്നു. അത് പോലെ മറ്റ് ചില നവീകരണപ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം തട്ടുന്നതിനായാണ് ചിലര്‍ ഈ നീക്കം നടത്തുന്നത്. ദേവസ്വം ബോര്‍ഡിലെ മൂന്ന് അംഗങ്ങളെ കുറിച്ച് തനിക്ക് പരാതിയില്ല. പക്ഷേ മറ്റു ചിലര്‍ അഴിമതിക്കാരാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അന്നദാന മണ്ഡപം കെട്ടുന്നതില്‍ ദൈവഹിതമറിയുകയും പതിനെട്ടാംപടിയുടെ അറ്റകുറ്റപ്പണി നടത്തുന്നതും സംബന്ധിച്ചാണ് ശബരിമലയില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഒറ്റ രാഖി താംബൂല പ്രശ്നം നടക്കുന്നത്. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവപ്രശ്നത്തെക്കുറിച്ചു ദേവസ്വം വകുപ്പിനെയോ, ദേവസ്വം മന്ത്രിയെയോ ശബരിമല തന്ത്രിയെയോ അറിയിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.

ശബരിമല തന്ത്രിയുടെ അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണ് സാധാരണ ഗതിയില്‍ ദേവപ്രശ്നം നടത്തേണ്ടത്. എന്നാലിപ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചിലരുടെ താത്പര്യപ്രകാരമാണു ദേവപ്രശ്നം നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ബോര്‍ഡിനു രണ്ടു മാസം മാത്രം കാലാവധി ബാക്കി നില്‍ക്കെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചു നടത്തുന്ന നടപടിയെക്കുറിച്ചു പരാതി ഉയര്‍ന്നിട്ടുണ്ട്. കൊടിമരം മാറ്റലും മരാമത്തുപണികളുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇതെന്നാണ് മുഖ്യആരോപണം.

വെബ്ദുനിയ വായിക്കുക