തിന്മക്ക്‌ മേല്‍ നന്മയുടെ വിജയം

PTIPTI
ഭാരതഖണ്ഡം ഒന്നാകെ അധര്‍മ്മത്തിനെതിരായ ധര്‍മ്മത്തിന്‍റെ വിജയം ആഘോഷിക്കുകയാണ്‌. വര്‍ഗ വര്‍ണ ജാതി ദേശ ചിന്തകള്‍ക്ക്‌ അതീതമായ ദേവതാ ഉപസാനയാണ്‌ നവരാത്രി പൂജ.

ഇന്ത്യയില്‍ തന്നെ ഓരോ പ്രദേശത്തും നവരാത്രി പൂജക്ക്‌ ഓരോ ഐതീഹ്യങ്ങളാണ്‌ നിലവിലുള്ളത്‌. വടക്കേ ഇന്ത്യയില്‍ ദശരാത്രി എന്ന ദസ്‌റയാണ്‌ ഈ കാലയളവില്‍ ആഘോഷിക്കുന്നത്‌. രാമായണകഥയുമായി ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു.

ആസുരശക്തിക്ക്‌ മേല്‍ ദേവിയുടെ വിജയം ആഘോഷിക്കുന്ന ദുര്‍ഗ്ഗാപൂജയാണ്‌ ബംഗാളില്‍ ഈ ദിവസങ്ങളില്‍ ആചരിക്കുന്നത്‌. ഗുജറാത്തില്‍ ശ്രീകൃഷ്‌ണലീല വിജയാഘോഷമാണ്‌ പ്രധാനം. ആന്ധ്രയില്‍ ബ്രഹ്മോത്സവം എന്നറിയപ്പെടുന്ന ഉത്സവം അരങ്ങേറുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലെ ചില ഭാഗങ്ങളിലും ബോമ്മക്കൊലു എന്ന ദേവീപൂജ നടക്കുന്നു. സ്‌ത്രീശക്തിയുടെ പൂജ തന്നെയാണ്‌ പ്രധാനം. കര്‍ണ്ണാടക, ഗോവ എന്നിവടങ്ങളിലും ദസ്‌റ ആഘോഷം തന്നെയാണ്‌ പ്രധാനം.

വടക്കേ ഇന്ത്യയില്‍ രാമലീല എന്ന ചടങ്ങിന്‌ പ്രാഥാന്യം ഏറെയാണ്‌. ഗ്രാമങ്ങള്‍ തോറും ജനങ്ങള്‍ സമിതികളുണ്ടാക്കി രാമകഥാ പാരായണവും രാമമഹാത്മ്യം വര്‍ണ്ണിക്കുന്ന കലാരൂപങ്ങളും അവതരിപ്പിക്കുന്നു.

പത്താം ദിവസം രാവണന്‍ , കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ തുടങ്ങിയവരുടെ കോലങ്ങള്‍ രാമ ലക്ഷ്‌‌മണ വേഷമണിഞ്ഞ ജനങ്ങള്‍ അഗ്നിക്കിരയാക്കുന്നു. മാസങ്ങളുടെ ഒരുക്കങ്ങളോടെയാണ്‌ രാംലീലയുടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

കാരണങ്ങളും കഥകളും എന്തു തന്നെയായാലും എല്ലായിടത്തും തിന്മക്ക്‌ മേല്‍ നന്മയുടെ വിജയം ആണ്‌ കൊണ്ടാടപ്പെടുന്നത്‌.

വെബ്ദുനിയ വായിക്കുക