കേരളത്തിലെ വേദബ്രാഹ്മണന്മാരുടെ മത്സര പരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. ഇത് ഒരു തരത്തില്‍ വേദോച്ചാരണ അല്ലെങ്കില്‍ വേദപാരായണ മത്സരമാണെന്നും പറയാം.
രണ്ട് ബ്രഹ്മസ്വം മഠങ്ങളിലെ ബ്രാഹ്മണന്മാരാണ് ഈ പരീക്ഷയില്‍ മാറ്റുരയ്ക്കുക. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലേയും തിരുനാവായ ബ്രഹ്മസ്വം മഠത്തിലേയും നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ മത്സരം പണ്ടുകാലത്ത് സാമൂതിരി രാജാവിന്റേയും കൊച്ചി രാജാവിന്റേയും പണ്ഡിതന്മാര് തമ്മിലുള്ള മത്സരമായും മാറിയിരുന്നു.
തിരുനാവായ മഠം സാമൂതിരിയുടെ കീഴിലും തൃശൂര്‍ മഠം കൊച്ചിരാജാവിന്റെ കീഴിലുമാണുണ്ടായിരുന്നത്.
കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രമാണ് അന്യോന്യം പരീക്ഷയുടെ വേദി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനും ഇടയ്ക്ക് പടിഞ്ഞാറു മാറിയാണ് കടവല്ലൂര്‍ ഗ്രാമം. കുന്നംകുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണിത്.
എല്ലാക്കൊല്ലവും നവംബര്‍ പകുതി മുതല്‍ - വൃശ്ഛികം ഒന്നു മുതല്‍ - ആണ് ഈ വേദമത്സരം നടക്കുക. വേദ ഉച്ചാരണത്തിലെ ക്രമപ്രഥം (വാരമിരിക്കല്‍). ജഡ, രഥ എന്നീ കഴിവുകളാണ് പരിശോധിക്കുക.
ഈ മത്സര പരീക്ഷയുടെ ഏറ്റവും കൂടിയ പദവി 'വലിയ കടന്നിരിക്കലാ'ണ്. തൊട്ടുതാഴെ കടന്നിരിക്കല്‍ അല്ലെങ്കില്‍ ചെറിയ കടന്നിരിക്കല്‍. വലിയ കടന്നിരിക്കല്‍ പദവി നേടിയ പണ്ഡിതന്മാരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
തൃശൂര്‍, തിരുനാവായ മഠങ്ങളിലായി കഷ്ടിച്ച് 40 പേര് മാത്രമേ വലിയ കടന്നിരിക്കലിന് അര്‍ഹത നേടിയിട്ടുള്ളു. ചെറിയ കടന്നിരിക്കലിനാകട്ടെ 100 ലധികം പണ്ഡിതര്‍ നേടുകയും ചെയ്തു.
ഇന്ന് കടന്നിരിക്കല്‍ പദവി നേടിയ 10 പേരേ ജീവിച്ചിരിപ്പുള്ളു. മിക്കവരും 70 വയസ്സിനു മുകളിലുള്ളവരും ആണ്.
അന്യോന്യത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് രണ്ട് മഠങ്ങളിലേയും അന്തേവാസികളും പൂര്‍വവിദ്യാര്‍ഥികളും പണ്ഡിതന്മാരും ചേര്‍ന്നിരുന്ന് മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിചയം സിദ്ധിക്കാനുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ട്.
അന്യോന്യത്തിനുള്ള പ്രവേശന പരീക്ഷ എന്നു വിളിക്കാവുന്ന ഈ ചടങ്ങിന്റെ പേര് കിഴക്ക്-പടിഞ്ഞാറ് എന്നാണ്.
ഇന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിലുള്ള പണ്ഡിതര്‍ അത്യുത്സാഹപൂര്‍വം ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
മഠങ്ങളില്‍ ഋ ഗ്വേദ പഠനവും അധ്യാപനവും ആണ് അന്യോന്യത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഋ ഗ്വേദ സംഹിത മുഴുക്കെ പറഞ്ഞുകേട്ട് മന:പാഠം ആക്കണം. രണ്ടാം ഘട്ടത്തില്‍ പദ വിഭജന്മ് സ്വീകരിക്കുന്നു. പിന്നീടേ പ്രയോഗത്തിലേക്ക് കടക്കൂ.
അന്തേവാസികളില്‍ പലര്‍ക്കും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാറില്ല. പല പ്രയോഗ രീതികളും നിലവിലുണ്ടെങ്കിലും കേരളത്തില്‍ വാരം ജഡ, രഥ എന്നീ മൂന്നു രീതികളേ നിലനിന്നുവരുന്നുള്ളു.
നല്ല മേധാശക്തിയും ഓര്‍മ്മശക്തിയും ഉച്ചാരണ ശുദ്ധിയും സംഗീത ബോധവും തലകൊണ്ടും കൈകൊണ്ടുമുള്ള ആംഗ്യമുദ്ര പ്രയോഗ രീതികളും വശമുള്ളവര്‍ക്കേ പ്രയോഗം സാധ്യമാകൂ.
1947 വരെ കടവല്ലൂര്‍ അന്യോന്യം മുടക്കം കൂടാതെ നടന്നുപോന്നു എങ്കിലും ഇടക്കാലത്ത് അല്‍പ്പം മുടങ്ങി. ഇപ്പോള്‍ വീണ്ടും വര്‍ഷങ്ങളായി കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ ഈ വേദപരീക്ഷ നടക്കുന്നു.
മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇപ്പോള്‍ അന്യോന്യത്തിന്റെ ചുമതല വഹിക്കുന്നത്.