ക്രൈസ്തവ സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ പദവിയില്‍ ഒരു ഭാരതീയ വനിതയാണ് അല്‍ഫോന്‍സാമ്മ. കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും അന്നക്കുട്ടി എന്ന മകളായാണ് 1910 -ല്‍ അല്‍ഫോന്‍സാമ്മയുടെ ജനനം. പന്തക്കുസ്താ തിരുനാളില്‍ ഭരണങ്ങാനത്തെ എഫ് സി സി കോണ്‍വെന്റില്‍ ചേരുകയും അല്‍ഫോന്‍സ എന്ന നാമം സ്വീകരിക്കുകയും ചെയ്ത ഈ വിശുദ്ധയുടെ ജീവിതം ത്യാഗപൂര്‍ണവും ഒപ്പം ദുരിതപൂര്‍ണവും ആയിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അല്‍ഫോന്‍സാമ്മ നിര്യാതയായി.
ക്രിസ്തുവിന്റെ മണവാട്ടിയാവാന്‍ കൊതിച്ച അല്‍ഫോന്‍സാമ്മ പലപ്പോഴായി തന്റെ നൊവിഷ്യേറ്റ് ഡയറക്ടറായിരുന്ന ഫാ. ലൂയിസ് സി എം ഐക്ക് എഴുതിയ കത്തുകള്‍ വിശുദ്ധ അനുഭവിച്ച ദുരിതപൂര്‍ണമായ ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഇതിലെ പ്രധാനപ്പെട്ട കത്തുകള്‍ വെബ്ദുനിയ മലയാളം പുനഃപ്രസിദ്ധീകരിക്കുന്നു.
കര്‍ത്താവിന്റെ തിരുമനസ്സ് പോലെ ഇനി ലോകസന്തോഷങ്ങളൊന്നും എനിക്കായിട്ടുള്ളതല്ലായെന്ന് എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്. അതു ഞാന്‍ ആശിക്കുന്നില്ല. ദു:ഖാരിഷ്ടതകളില്‍ ഞാന്‍ മനസ്സമാധാനം വെടിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ദൈവപരിപാലന തന്നെ. അതുകൊണ്ട് എന്റെ ദുരിതങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മധുരമായ എന്റെ ഈശോയേ, ലോകസന്തോഷങ്ങളെല്ലാം എനിക്കു കൈപ്പായി പകര്‍ത്തണേ എന്നാണെന്റെ നിരന്തരമായ പ്രാര്‍ത്ഥന. അതുകൊണ്ട് കൈപ്പു വരുമ്പോള്‍ എന്തിനു ദു:ഖിക്കുന്നു?
ഒരു സമ്പന്നന് എത്ര പാവപ്പെട്ടവളെ തന്റെ ഭാര്യയായി സ്വീകരിച്ചാലും വിവാഹശേഷം അയാളുടെ സുഖത്തിനും ദു:ഖത്തിനും അവളും അര്‍ഹയാണെന്ന് അവിടുന്നു ഞങ്ങളോടു പറഞ്ഞിട്ടുള്ളതു ഞാന്‍ സദാ ഓര്‍മ്മിക്കുന്നുണ്ട്. എന്റെ മണവാളന്റെ ഓഹരി കഷ്ടാരിഷ്ടതകളാണ്. അതെല്ലാം ആലിംഗനം ചെയ്യാന്‍ ഞാന്‍ മനസ്സാകുന്നു. എന്റെ ആത്മാവ് സമാധാനത്തില്‍ വസിക്കുന്നു. എന്തെന്നാല്‍, ഏഴുകൊല്ലം മുമ്പു മുതല്‍ ഞാന്‍ എന്റേതല്ല. എന്നെ മുഴുവനും എന്റെ ദിവ്യമണവാളനു ബലിയര്‍പ്പിച്ചിരിക്കുകയാണ്.
അക്കാര്യം അവിടുത്തേക്കറിവുള്ളതാണല്ലോ. കര്‍ത്താവിന്റെ ഇഷ്ടം പോലെ എന്തും ചെയ്തുകൊള്ളട്ടെ. അതുകൊണ്ട് സുഖം കിട്ടാന്‍ ഞാന്‍ ആശിക്കുന്നില്ല. കര്‍ത്താവിന്റെ തിരുമനസ്സുപോലെ വരുവാനാണ് ഞാന്‍ അപേക്ഷിക്കുന്നത്. (30 11 1943)
അടുത്ത പേജില്‍ വായിക്കുക, ‘പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു’
പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു
PRO
PRO
പരമാര്‍ത്ഥത്തില്‍ ഞാന്‍ ഏതെല്ലാം വിധത്തില്‍, എന്തുമാത്രം, സഹിക്കുന്നെന്ന് ഈശോനാഥന് മാത്രം അറിയുന്നു. എങ്കിലും എന്റെ നല്ല ഈശോ എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന സ്ഥിതിക്ക് ഇതല്ല ഇതില്‍ക്കൂടുതല്‍ എന്തു മാത്രം വേണമെങ്കിലും, ലോകാവസാനം വരെയും ഈ കട്ടിലില്‍ കിടന്നുകൊണ്ട് സകല വിഷമതകളും സഹിക്കുവാന്‍ ഞാന്‍ നിഷ്കളങ്കമായി ആഗ്രഹിക്കുന്നു. സഹനത്തിന്റെ ഒരു ബലിയായിട്ടു മരിക്കണമെന്നാണ് ദൈവതിരുമനസ്സെന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. അല്ലെങ്കില്‍ എത്ര പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു. എന്റെ ബലി സാവധാനമാണ് അവിടുന്നു സ്വീകരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേ ഉള്ളൂ.
അതുകൊണ്ട് എന്റെ പിതാവേ, അവിടുന്ന് എന്നോടൊന്നിച്ച് എന്റെ പേര്‍ക്കായിട്ടുകൂടി ദൈവത്തിനു നന്ദി പറയണമേ. എന്റെ പിതാവേ, എന്റെ ദീനത്തിനൊക്കെ വളരെ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഈയിടെ മനസ്സിന്റെ വിഷമം കൊണ്ടാണെന്നു തോന്നുന്നു ഒന്നുരണ്ടാഴ്ചയായിട്ട് തീരെ സുഖമില്ല. രാപകല്‍ ഒന്നുപോലെ സര്‍വ്വത്ര വേദനയാണ്. ഓരോ നിമിഷവും വളരെയധികം വിഷമിച്ചാണ് കടത്തിവിടുന്നത്. നീതിമാനായ ദൈവമല്ലേ? അതുകൊണ്ട് സമാധാനമുണ്ട്. (20 11 1944)
കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ ഞാന്‍ കര്ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട മണവാട്ടി ആയിത്തീരുന്നതിനുവേണ്ടി അങ്ങ് എന്നെ സഹായിക്കണമേ. കര്‍ത്താവിനിഷ്ടമല്ലാത്തതൊന്നും എനിക്കു വേണ്ടാ എന്നല്ലേ അവിടുന്ന് എന്നോടു പറഞ്ഞിരിക്കുന്നത്. അത് സദാ എന്റെ ഓര്‍മ്മയിലുണ്ട്. ഞാനതിനായിട്ട് പരിശ്രമിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്റെ ബലഹീനത നിമിത്തം ഉണ്ടാകുന്ന തെറ്റുകള്‍ നല്ല ദൈവം ക്ഷമിക്കുമെന്ന് എനിക്കു പൂര്‍ണ്ണവിശ്വാസം ഉണ്ട്. ദൈവം തിരുമനസ്സാകുന്നുവെങ്കില്‍ എന്റെ ദീനം ഭേദപ്പെടുത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതുകൊണ്ട് എനിക്കു സമാധാനക്കേട് ഒന്നും ഇല്ല. പണ്ടത്തെ അപേക്ഷിച്ച് എനിക്ക് സഹനവും ക്ഷമയും ത്യാഗവും ഒക്കെ വളരെക്കുറവാണ്. നൊവിസ്യാത്തില്‍ വച്ച് എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്ന് അന്യര്‍ മനസ്സിലാക്കിയിട്ടില്ല.
എനിക്കിന്നലെ മുട്ടുചിറ നിന്ന് ഒരു എഴുത്തു വന്നിട്ടുണ്ട്. അതിലെ ഒരു ഭാഗം എന്നെ പലവിചാരപ്പെടുത്തി. ഇപ്പോഴും ചിന്താവിഷയം തന്നെയാണത്. ആ ഭാഗം ചുവടെ ചേര്‍ക്കുന്നു: "നിന്റെ ചെറുപ്പത്തിലെ കാര്യങ്ങളോര്‍ത്തുനോക്കിയാല്‍ ഞങ്ങള്‍ക്ക് സന്തോഷത്തിനേ അവകാശമുള്ളൂ. കന്യാസ്ത്രീ ആണെങ്കിലും ആ മന:സ്ഥിതി വിട്ടുകളയരുതെന്നാണ് എന്റെ വിനീതമായ ആഗ്രഹവും അഭിപ്രായവും. അതു നിനക്കു ഗുണകരമായിത്തീരുകയില്ല. കൂടാതെ കളങ്കമില്ലാത്ത ഒരു ഹൃദയവും ദൈവം തന്നിട്ടുണ്ട്. അതിനെ മലിനപ്പെടുത്താതിരിക്കാന്‍ സൂക്ഷിക്കണം" ഞാന്‍ കന്യാസ്ത്രീ ആയതില്‍പ്പിന്നെയാണ് വഷളായിപ്പോയതെന്ന് ഞാന്‍ തന്നെ ഇന്നാളും അങ്ങയോടു പറഞ്ഞിരുന്നുവല്ലൊ. നല്ല ദൈവം എന്റെ തെറ്റുകള്‍ ക്ഷമിക്കട്ടെ. (10 4 1945)
അടുത്ത പേജില്‍ വായിക്കുക, ‘കര്ത്താവിന് എന്നോട് കെറുവാണ്’
കര്ത്താവിന് എന്നോട് കെറുവാണ്
WD
WD
ഇപ്പോഴത്തെ എന്റെ സ്ഥിതി വളരെ പരിതാപകരമാണ്. ഞാന്‍ എങ്ങനെയായിത്തീരുമെന്ന് ആര്‍ക്കറിയാം. കര്‍ത്താവ് ഇപ്പോള്‍ എന്നോടു വളരെ നിര്‍ദ്ദയമായിട്ടാണു വര്‍ത്തിക്കുന്നത്. അവിടുന്ന് എന്റെ നേര്‍ക്കു കണ്ണടച്ചാണ് ഇരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. ഞാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. യാതൊരു ഫലവും കാണുന്നില്ല. നൊവിസ്യാത്തു കഴിഞ്ഞിട്ട് ഇത്ര സന്തോഷമില്ലായ്മ ഞാന്‍ അനുഭവിച്ചിട്ടില്ല. എന്റെ സംസാരംകൊണ്ടോ പ്രവൃത്തികൊണ്ടോ വന്നു പോയിട്ടുള്ള തെറ്റുകള്‍ക്ക് പരിഹാരമായിട്ട് ദൈവം എന്നില്‍നിന്ന് അകന്നുപോയതായിരിക്കാം. എന്തുമാത്രം സല്‍പ്രവൃത്തികള്‍ ചെയ്താലും സഹിച്ചാലും കര്ത്താവിന് ഒരു പ്രസാദവുമില്ല. എന്റെ ഹൃദയത്തില്‍ ഒരു ദൈവസ്നേഹവുമില്ല. ദൈവം തന്ന അനുഗ്രഹത്തിന് തക്കവണ്ണം ഞാന്‍ ജീവിക്കാഞ്ഞിട്ടു ദൈവം എന്നെ ശിക്ഷിച്ചതായിരിക്കണം. എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ.
ഞാന്‍ എന്നെ മുഴുവനും കര്‍ത്താവിനു വിട്ടുകൊടുത്തിരിക്കുകയാണ്. അവിടത്തെ ഇഷ്ടപോലെ ചെയ്തുകൊള്ളട്ടെ. ഞാന്‍ ആത്മശോധന ചെയ്തുനോക്കിയിട്ട് മനസ്സറിവോടെ ഒന്നും ചെയ്തതായിട്ട് ഓര്‍ക്കുന്നില്ല. എനിക്കിപ്പോള്‍ ഭക്ഷണം പോലും കഴിക്കുവാന്‍ മനസ്സില്ല. ശരീരത്തിന് അശേഷം സുഖം തോന്നുന്നില്ല. എന്റെ കര്‍ത്താവിനെപ്രതി ഞാന്‍ സകലതും ഉപേക്ഷിച്ച് മഠത്തില്‍ ചേര്‍ന്നു. ഇനിയത്തെ എന്റെ ഭാവി എന്തായിരിക്കുമെന്നുള്ള ചിന്തയല്ലാതെ എനിക്കു മറ്റൊന്നുമില്ല. നേരത്തെ ഉറക്കമില്ലല്ലൊ. ആ കൂട്ടത്തില്‍ ചിന്തയും കൂടിയായപ്പോള്‍ പറയാനുമില്ല. ആത്മീയസമാധാനം ഉണ്ടായിട്ടു മരിച്ചാല്‍ മതിയായിരുന്നു. ഈ വിഷമം തുടങ്ങിയതില്‍പ്പിന്നെ എന്റെ ഇഷ്ടംപോലെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ധാരാളം സഹിക്കുകയും ക്ഷമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നിരുന്നാലും കര്ത്താവിന് എന്നോട് കെറുവാണ്. (14 3 1945)
തീജ്ജ്വാലയില്‍ ഒരു കീടം പോലെ എന്നെ മുഴുവനും ഈശോയ്ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. അവിടത്തെ ഇഷ്ടംപോലെ എന്നോട് എന്തും ചെയ്തുകൊള്ളട്ടെ. സ്നേഹത്തെപ്രതി ദുരിതങ്ങള്‍ സഹിക്കുക, അതില്‍ സന്തോഷിക്കുകയും ചെയ്യുക ഇതു മാത്രമേ ഇഹത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അല്പംപോലും പുറത്തു കാണിക്കാതെയും ആവലാതിപ്പെടാതെയും സഹിക്കണമെന്നു വളരെ ആശയുണ്ട്. ദുരിതങ്ങള്‍ യാത്രയാക്കുന്ന ആള്‍തന്നെ അത് സഹിക്കുന്നതിനുള്ള ശക്തിയും തരാതിരിക്കുമോ സ്നേഹപിതാവേ, പരനേത്രങ്ങള്‍ക്കു ഞാന്‍ സദാ സന്തോഷവദനയായി കാണപ്പെടുന്നതുകൊണ്ട് എനിക്കു മാനസികമായിട്ടു യാതൊരു വിഷമതകളും സഹിക്കാനില്ല.
അധികാരികളും സഹോദരങ്ങളും എത്ര വാത്സല്യപൂര്‍വ്വം എന്നോടു പെരുമാറുന്നു എന്നൊക്കെയാണു മറ്റുള്ളവരുടെ വിചാരം. പക്ഷേ ഇഷടാനിഷ്ടങ്ങള്‍ എന്തെല്ലാമെന്ന് അന്യര്‍ക്കു മനസ്സിലാക്കുവാന്‍ പാടില്ലാത്ത വിധത്തില്‍ ഞാന്‍ എന്നെത്തന്നെ മുഴുവനായി ബലികഴിച്ചിട്ടല്ലയോ ഇപ്രകാരം എന്നോടു വര്‍ത്തിക്കുന്നതെന്നു തോന്നിപ്പോകുന്നു. ആവലാതികളൊന്നും പറയാത്തതുകൊണ്ട് എനിക്ക് ചിലപ്പോഴൊക്കെ കുറെ ആവലാതിപ്പെട്ടാലെന്താണെന്നു തോന്നുന്നുണ്ട്. എങ്കിലും ഇതുവരെയും അതിനു വഴിപ്പെട്ടിട്ടില്ല.
തീജ്ജ്വാലയുടെ നടുവില്‍ക്കിടന്നു പുളയുന്ന ഒരു കീടത്തിനു തുല്യമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ... ശരണക്കേടുപോലും തോന്നി. ഉടനെ മനസ്താപപ്പെട്ടു പൊറുതി അപേക്ഷിച്ചു മനസ്സമാധാനം വീണ്ടും പ്രാപിച്ചു. എന്റെ വിഷമതകളെല്ലാം എന്റെ നല്ല ദൈവം നോക്കിക്കൊണ്ടിരിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. (1946-ഫെബ്രുവരി)
അടുത്ത പേജില്‍ വായിക്കുക, ‘വെറുപ്പും അരോചകത്വവും ചിന്തകളും’
വെറുപ്പും അരോചകത്വവും ചിന്തകളും
WD
WD
സ്നേഹപിതാവേ, മനസ്സറിഞ്ഞുകൊണ്ട് ഒരു നിസ്സാരപാപദോഷം പോലും ചെയ്യാതിരിപ്പാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ദൈവസ്നേഹത്തിനു തടസ്സമായിട്ടുള്ള പോരായ്മകള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. ഇത്രനാളും ശാരീരികമായിട്ടുള്ള പീഡകളായിരുന്നു കൂടുതലായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടും സമം. വെറുപ്പും അരോചകത്വവും ചിന്തകളും ധാരാളം. എല്ലാം ക്ഷമിച്ചു ജയിച്ചു കഴിയുമ്പോഴത്തെ അവസ്ഥ പറയാനുമില്ല.
എന്റെ വിഷമതകളെല്ലാം അന്യരെ എണ്ണിക്കേള്പ്പിച്ചാല് ലൗകികാശ്വാസം ലഭിക്കും. പക്ഷേ, ഫലമെന്ത്? എണ്ണമെല്ലാം കര്‍ത്താവിന്റെ സന്നിധിയില്‍ മാത്രം. അതിനു വിഘ്നം വരുത്താതിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.
ഞാന്‍ ഇതല്ല, ഇതില്‍ കൂടുതലും എന്റെ മണവാളനെ പ്രതി സഹിക്കുന്നതിനു മനസ്സായിരിക്കുന്നു. എന്റെ ബലക്ഷയം കൊണ്ട് ധാരാളം നഷ്ടപ്പെടുത്തുന്നുണ്ട്. എന്റെ നല്ല ദൈവം എന്നെ നോക്കി സൂക്ഷിച്ചിരിക്കുകയാണല്ലോ എന്നൊരാശ്വാസവും ഇല്ലാതില്ല. കര്‍ത്താവ് എന്റെ ഹൃദയത്തില്‍ ഇരുന്നുകൊണ്ടാണല്ലൊ ഇപ്രകാരം എന്നെ ദു:ഖിപ്പിക്കുന്നത് എന്നൊരാശ്വാസമുണ്ട്. (1946-ഫെബ്രുവരി)
വെള്ളി ശുദ്ധി ചെയ്യുന്നതുപോലെ യാതൊരാശ്വാസവും കൂടാതെ സഹിക്കണമെന്നു കരുതി ഇത്രയും ദിവസം ത്യാഗം ചെയ്യുകയും സഹിക്കുകയും ചെയ്തു. വെള്ളി ശുദ്ധമാക്കുന്നവനെപ്പോലെ കര്‍ത്താവ് എന്നെ നോക്കിയിരിക്കുകയാണെന്നു തോന്നുന്നു.
കുറച്ചു ദിവസമായിട്ട് എന്റെ ശരീരവും മനസ്സും ഒരുപോലെ നീറുകയും വേദനയനുഭവിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലാണെങ്കില്‍ കഴുത്തുമുതല്‍ കാലിന്റെ മുട്ടുവരെയും തൊലി പൊളിഞ്ഞുപോവുകയും ദേഹത്തില്‍ നിന്നും ചെന്നീരും ചെളിയും പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും പഴുപ്പൊട്ടുമില്ല. മുഖവും കൈമുട്ടിനു താഴെയും പഴയ സ്ഥിതിയില്ത്തന്നെയിരിക്കുന്നു. ഇതുകൊണ്ടൊന്നും എന്റെ ബലി പൂര്‍ത്തിയാകുമെന്നു തോന്നുന്നില്ല. ചികിത്സകളൊക്കെ ധാരാളം ചെയ്യുന്നുണ്ട്. കര്‍ത്താവു തന്നെ ആശ്വാസവും ശക്തിയും തരട്ടെ. ശരീരത്തില്‍ ഇതല്ല, ഇതിലപ്പുറം വന്നാലും വേണ്ടതില്ല. മനസ്സമാധാനം നഷ്ടപ്പെടരുതെന്നു മാത്രമേ എനിക്കപേക്ഷയുള്ളു. ഇതുവരെയും അതു നഷ്ടപ്പെട്ടിട്ടില്ല.
എന്റെ പിതാവേ, എന്നെയൊരു പുണ്യവതിയാക്കണമേ. ഞാന്‍ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. എനിക്കു വളരെയധികം പോരായ്മകള്‍ ഉണ്ട്. മാമ്മോദീസായില്‍ കിട്ടിയ വരപ്രസാദം ഇതുവരെയും നഷ്ടപ്പെടാതിരിപ്പാനുള്ള അനുഗ്രഹം നല്ല ദൈവം എനിക്കു തന്നു. (1946-മെയ്)
(കടപ്പാട് - വിശുദ്ധ അല്‍ഫോന്‍സാ പള്ളി, ഭരണങ്ങാനം)