പൗരാണിക സങ്കല്പമനുസരിച്ച് ഏതൊരു കര്‍മ്മത്തിന്റെ അവസാനത്തിലും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്റെ പത്നിയായാണ് ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുള്ളത്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്.
അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ' ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്റെയും മൃത്യുവിന്റെയും സംഹാരത്തിന്റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു.
നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിച്ചാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യും.
പാപവും പുണ്യവും അനുഭവിക്കാതെ തീരുകയില്ല. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്റെ ഫലമായേ കണക്കാക്കാന്‍ കഴിയും. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്.
ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തെക്കൂടി കുറിക്കുന്നതുമാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. മഹാധര്‍മ്മങ്ങളില്‍ ഒന്നാണ് ദാനം. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ത്യാഗമെന്നുള്ളതിനേയാണ് ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത്.