ആരാണ് നരസിംഹ മൂര്‍ത്തി ? മഹാ നരസിംഹ മന്ത്രവും യന്ത്രവും എന്ത് ?
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (17:03 IST)
ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത് ,ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്,ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. അദ്ദേഹത്തിൻറെ മകനായ പ്രഹ്ലാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കൽപ്പിച്ചിരുന്നു. എന്നാൽ പ്രഹ്ലാദൻ തന്റെ ഭക്തിയിൽ നിന്നും തെല്ലും പിന്നോട്ടു പോയില്ല.
പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന്‍ മറുപടി നല്‍കി. എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ധിച്ചു. ഉടന്‍ തന്നെ ആ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവരികയായിരുന്നു.
ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാന്‍ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു. ഇന്നാണ് നരസിംഹ ജയന്തി.
ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.
മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം
ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും
നരസിംഹ യന്ത്രം
ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.
ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ-
ണ്ണാക്ഷരം കോണഷൾകേ,
യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-
സ്യാത് കലാകേസരം ച.
വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ-
ന്തസ്ഥ ചിന്തോപലം ത-
ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-
ധ്വംസനം നരസിഹം
യന്ത്രരചന:
വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.
മന്ത്രലേഖനം :
വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.
യന്ത്രഫലം
ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.
യന്ത്രപരിപാലനം
1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.
2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു വരുത്തരുതെന്ന് സാരം.