നാടകാന്തം

ഒന്ന്

പീഠം കിട്ടാത്തവന്‍ മരം മുറിഞ്ഞേ നിന്നു,
ബസ്സില്‍ കല്യാണപ്പന്തലില്‍,
സംഘത്തില്‍, ശരണത്തില്‍.

കിട്ടിയവര്‍ അവനോട് പറഞ്ഞീലാ :
പോരാ നിശ്ഛയം തനിക്കെടോ.

പറഞ്ഞാല്‍ കുറയുമന്തരം ചിലപ്പോള്‍
നില്‍പ്പതു, മിരിപ്പതും തമ്മിലെന്നാശങ്കയാം:

നാളെ പുലരുവതിവ-
നിരിപ്പായിട്ടെങ്കില്‍
കുറയും ഗുണം, ചേര്‍ച്ച, യന്തസ്സീ
പീഠത്തില്‍ നിറവിനും നിത്യതയ്ക്കും!

അതിനാലിവന്‍ ചിരം തുടരുക തപം!

നിരാര്‍ത്ഥിക നൈര്‍മല്യമായി-
ട്ടാത്മ രൂപനായി-
ട്ടവന്‍റെ ഒറ്റക്കാലില്‍, ഒറ്റ ഞാണില്‍.

പ്രാണവായുവില്‍ നീറി വലിയുവോളം
കൂര്‍ത്തു മൂര്‍ത്തിവന്‍ തുടരുക തപം!

രണ്ട്

കിട്ടിയവര്‍ അവനെ കണ്ണിനാല്‍
അടച്ചിരുട്ടാക്കി അവന്‍റെ ആള്‍രൂപം!

ഇരുട്ടിന്‍ കനപ്പില്‍ പെട്ടിട്ടതു
കൊഴിഞ്ഞുമായുമ്പോള്‍
സര്‍വരു, മുള്ളില്‍ മനം ചായ്ക്കേ
കിനാക്കണ്ടു;
മിഴിച്ച വാഴ്വിന്‍ മാധുര്യം
തുളുമ്പുന്നു നാത്തുമ്പില്‍

വിട്ടകലാത്ത കമ്പമായ്
കേട്ടു കൊഴിയാത്തൊരിമ്പമായ്
ഹോ, സുഖം, സുഖം!

2
(ചാരു ചിത്ര രസവിരസമീ
കേളിയില്‍ ദു:സ്വാദ് പോലും
സുഭോഗ ഭാഗ്യമെന്നേ ചൊല്ലൂ!)

ഇപ്പോള്‍ ഇരുട്ട് മറയില്ല
നരിയോളം രൂപരശ്മികള്‍,
പിന്നൈയെങ്ങിനെയിവന്‍
വഴിമുട്ടി മുന്നില്‍
വിലങ്ങനെ വീണ മരമാകും?

പിന്നൈയെങ്ങിനെ
കൃതാര്‍ത്ഥങ്ങള്‍ തേച്ചുപിടിപ്പിച്ചിവന്‍
ലളിത ദേഹിയാകും?

വഴികള്‍ തോറുമിവന്‍റെ ശകുനം
കണ്ടുണരാതിരിക്കുവാന്‍
മുടക്കേണമിവന്‍റെ മുന്‍ചോടുകള്‍!
തടുക്കേണവിവന്‍റെ തക്കങ്ങള്‍!



മൂന്ന്

ഇടയ്ക്കെങ്ങാന്‍ മിഴിതുറന്നവന്‍
കണ്ടിരുട്ടത്താരോ പതുങ്ങുന്നു?
ആരിവന്‍?
കൊള്ളിയോ? കുന്തമോ?
കണവനോ? കള്ളനോ?

ഓര്‍ത്തെടുക്കാന്‍ കുഴഞ്ഞു പോയവര്‍
പാത തെറ്റുന്നു,
പന്തളവും പാതാളവും കടന്നിട്ടും
ഓര്‍മ്മ വറ്റുന്നു.

അപ്പോള്‍
പീഠം കിട്ടാത്തവനിങ്ങനെ ആത്മഗതം :
ഒട്ടിച്ചേര്‍ന്നേ വാഴ്വ്
തനതുവര്‍ത്തനം
നിങ്ങളോടുള്ള ഭാഷണം.
സക്തിയും സുഷുപ്തിയും
വെളിവും വെള്ളിയുമുദിക്കുമ്പോള്‍
തെളിയുന്നൊരു നേര്:
മുന്‍പേ ഗമിച്ചിടാത്തൊരു കന്ന്
മനിച്ചൊരു സ്വാദറിയുന്നു.
ഇത്രയാസന്ന ദുരിതമൊരധികപറ്റ്!
പൊഴിച്ചുകളയാം
പാമ്പുറ പോലെ പുറം തൊലി!

വെബ്ദുനിയ വായിക്കുക