ദസറ

1
ഒറ്റക്കാലില്‍
പടര്‍ന്നു നില്‍ക്കുന്നതിന്‍റെ
അന്തസ്സ്
ആരാന്‍റെ കയ്യിലെ
കോടാലിയ്ക്കില്ല.

കൈക്കണക്കില്‍
ബന്ധുതന്നെ
കോടാലി.
മരം ചത്താല്‍
പുലകുളിയില്ല പക്ഷെ.

2
ഒരു രാമന്‍ പണ്ട്
കടലിലേക്കെറിഞ്ഞത്
ഒരു രാവണന്‍ ഇന്ന്
കാട്ടിലേക്കെറിയുന്നു.
മരമറുക്കാന്‍ മരം
കിട്ടാതെ വന്നപ്പോള്‍
കോടാലികള്‍ കടലില്‍ച്ചാടുന്നു
വിവേകം വൈകിയുദിച്ച
പെന്‍ഗ്വിന്‍പക്ഷികളെപ്പോലെ.

3
രാവണന്‍
രാവണനു തീ കൊളുത്തി
കുട്ടിരാവണന്മാര്‍ കയ്യടിച്ചു
രാമലീലയില്‍
രാമനന്‍റെ പക്ഷത്ത് ആരുമില്ല
സീതപോലും


4
ചാരം കിള്ളിനോക്കാന്‍
വാല്‍മീകിയുടെ കുഞ്ഞുങ്ങളെത്തി
പഴയ ഇരുമ്പുസാമാനങ്ങളും
കീറിയ കവിതാപുസ്തകങ്ങളും പെറുക്കി
വില്‍ക്കുന്നവര്‍
കഞ്ചാവിന്‍റെ ലഹരിയില്‍
ചിറകുമുളച്ച
തെരുവിന്‍റെ പുറ്റുകള്‍.

5
തോളത്ത് തൂങ്ങുന്ന
അവസാനത്തെ കോടാലിയ്ക്ക്
ഒളി മിന്നുന്ന വായ്ത്തല
നാളെ വെട്ടുന്നത് തേക്കൊ വീട്ടിയൊ ആവില്ല,
പണയംവെച്ചൊരു നെഞ്ചുത്രമുണ്ട്
ദസറയ്ക്ക് കീറുവാന്‍
പുതിയ ചീരാമന്

വെബ്ദുനിയ വായിക്കുക