മണ്ണാറശാല നാഗരാജ ക്ഷേത്രം

SasiWD
നാഗാരാധകരുടെ കുലക്ഷേത്രമായ മണ്ണാറശാല നാഗരാജാക്ഷേത്രത്തില്‍ ആയില്യം പൂജ 2007 നവംബര്‍ 2ന് നടക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല നാഗരാജ ക്ഷേത്രം.

തുലാംമാസത്തിലെ ആയില്യം നാളില്‍ ഇവിടെ സര്‍പ്പപൂജ നടത്തുന്നു.കന്നിമാസത്തിലെ ആയില്യം നാളിലും ഇവിടെ പൂജ നടത്താറുണ്ട്.

ആയില്യം സര്‍പ്പങ്ങളുടെ നാളാണെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിലെ പൂജാരിണിയായ വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനം നാഗരാജാവിന്‍റെ തിടമ്പുമായി ക്ഷേത്രത്തില്‍ നിന്നും ഇല്ലത്തെ നിലവറയിലേക്ക് എഴുന്നളളുന്നതാണ് ആയില്യം പൂജയുടെ പ്രധാന ചടങ്ങ്.

ശ്രീകോവിലിനുളളില്‍ നാഗദൈവങ്ങള്‍ക്ക് പൂ ജ നടത്തിയശേഷം ഒരു മണിയോടെ അമ്മ നാഗരാജാവിന്‍റെ തിടമ്പേന്തി കിഴക്കേ നടയിലൂടെ വെളിയിലേക്കിറങ്ങും. തുടര്‍ന്ന് ക്ഷേത്രം ചുറ്റി ഇല്ലത്തെ തുറക്കാനിലവറയിലേത്തും.

കാരണവന്മാരായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, എന്നിവര്‍ നാഗയക്ഷി, സര്‍പ്പയക്ഷി, നാഗചാമുണ്ഡി എന്നീ ഉപദേവതകളുടെ തിടമ്പുമായി അനുഗമിക്കും.

ക്ഷേത്രത്തില്‍ നിന്നും ഇല്ലം വരെയുളള 200 മീറ്റര്‍ ഭാഗത്ത് അമ്മയുടെ എഴുന്നളളത്ത് കാണാന്‍ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുക.
.
ഐതിഹ്യം

മണ്ണാറശാല ക്ഷേത്രോല്പത്തിയെ കുറിച്ച് ഒരൈതിഹ്യമുണ്ട്. പരശുരാമന്‍ പരദേശങ്ങളില്‍നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് കേരളത്തില്‍ താമസിപ്പിച്ച സുവിദിതമായ കഥയുടെ അനുബന്ധമാണിത് .

അന്നിവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു. ഭൂമിയില്‍ ഒരിടത്തും വെള്ളം കിട്ടാനുള്ള പ്രയാസം മനസിലാക്കി ബ്രാഹ്മണര്‍ വന്ന വഴിയേ സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പരശുരാമന്‍ ദുഃഖിച്ചു.

തന്‍റെ ഗുരുവായ ശ്രീപരമേശ്വരനോട് സങ്കടമുണര്‍ത്തിച്ചപ്പോള്‍ സര്‍പ്പരാജാവായ വാസുകിയെ പ്രസാദിപ്പിച്ചാല്‍ മതി ദുഃഖമകലും എന്ന് ശിവന്‍ അരുളിച്ചെയ്തു.

SasiWD
പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍

തുടര്‍ന്ന് പരശുരാമന്‍ വാസുകിയെ പ്രസാദിപ്പിക്കാന്‍ തപസു ചെയ്തു. സംപ്രീതനായ വാസുകി ഭൂമിയിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന ലവണങ്ങളെ ആകര്‍ഷിച്ച് സമുദ്രത്തിലൊഴുക്കാമെന്ന് സമ്മതിച്ചു.

എന്നാല്‍ ഭൂമിയിലെ സര്‍പ്പങ്ങളെ ജനങ്ങള്‍ അവരുടെ വീട്ടിനടുത്ത് കാവുണ്ടാക്കി കുലദൈവങ്ങളെന്നു കരുതി കുടിയിരുത്തണമെന്ന് വാസുകി അപേക്ഷിച്ചു. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും വേണമെന്നുംവാസുകിപറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ അവര്‍ ഉപദ്രവിക്കുമെന്നും സര്‍പ്പങ്ങള്‍ സന്തോഷിച്ചാല്‍ സന്തതിയും സമ്പത്തും സകലവിധ സുഖങ്ങളും സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കി കൊടുക്കുമെന്നും കോപിച്ചാല്‍ സകലവിധത്തിലുള്ള അനര്‍ത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കുമെന്നും വാസുകി പരശുരാമനോടു പറഞ്ഞു.

പരസ്പരസമ്മതപ്രകാരം പരശുരാമന്‍ വീണ്ടും ബ്രാഹ്മണരെ കൂട്ടിക്കൊണ്ടുവന്നു. ലവണരസം മാറി വെള്ളം പരിശുദ്ധമായിത്തീര്‍ന്നിരുന്നു. സര്‍പ്പങ്ങള്‍ പരശുരാമന്‍ തപസു ചെയ്ത വനത്തില്‍ താമസമായിരുന്നു. ശേഷമുള്ള സര്‍പ്പങ്ങള്‍ പൊറ്റുകളുണ്ടാക്കി താമസിച്ചു. അവിടെ ജനങ്ങള്‍ കാവുണ്ടാക്കി പൂജ നടത്തി നാഗപ്രതിഷ്ഠ നടത്തി.

താന്‍ തപസു ചെയ്തിരുന്ന സ്ഥലത്ത് പിന്നീട് പരശുരാമന്‍ നാഗരാജാവായ വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചു. മറ്റനേകം സര്‍പ്പങ്ങളെ അദ്ദേഹം അവിടെ കുടിയിരുത്തി. ആ സ്ഥലം ഏതാണ്ട് 14 ഏക്കര്‍ സര്‍പ്പക്കാവായി നിശ്ഛയിച്ച് അതിരിട്ടു തിരിച്ചു.

ഇവിടെ കാടു വെട്ടിത്തെളിച്ച് ഗൃഹമുണ്ടാക്കി ജനങ്ങള്‍ക്ക് വസിച്ചുകൊള്ളാന്‍ പരശുരാമന്‍ അനുവാദം നല്‍കി. പതിവായി സര്‍പ്പങ്ങള്‍ക്ക് പൂജ ചെയ്യുന്നതിനും കാവു നശിപ്പിക്കാതെ നോക്കുന്നതിനും കാവിന്‍റെ അതിരിനകത്തുതന്നെ ഒരു വീടു പണിത് ഒരു ബ്രാഹ്മണകുടുംബത്തെ പരശുരാമന്‍ അവിടെ പാര്‍പ്പിച്ചു.

കാവു സംബന്ധിച്ച സര്‍വ്വാധികാരങ്ങളും ആ കുടുംബത്തിനായി. അക്കാലം മുതല്‍ അവര്‍ സര്‍പ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി പൂജിച്ചു സേവിച്ചു. ആ ഇല്ലക്കാരാണ് മണ്ണാറശ്ശാല നമ്പൂതിരിമാര്‍.

WDWD
മണ്ണാറശ്ശാല ഖാണ്ഡവ വനം?

പേരുകൊണ്ട് പുഴയുടെ നാടാണെങ്കിലും അമ്പലപ്പുഴത്താലൂക്കിലെ പല പ്രദേശങ്ങളും പണ്ട് ഘോരവനങ്ങളായിരുന്നു.

"ഖാണ്ഡവ' വനമെന്നറിയപ്പെട്ടിരുന്ന ആ പ്രദേശത്തെയാണ് അര്‍ജുനന്‍ ചുട്ടു ദഹിപ്പിച്ചത്. "ചുട്ടനാട്' എന്ന പേരും ആ പ്രദേശത്തിനു പതിഞ്ഞു. ചുട്ടനാട് കാലക്രമേണ കുട്ടനാടായതാണ്.

ഖാണ്ഡവവനത്തിന് അര്‍ജുനന്‍ തീയിട്ടപ്പോള്‍ അത് കിഴക്കോട്ടു പടര്‍ന്നുപിടിച്ചു. പരശുരാമന്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവുവരെ തീയെത്തിയപ്പോള്‍ കാവില്‍ തീ കേറുന്നതണയ്ക്കാന്‍ ഇല്ലത്തെ അമ്മമാര്‍ അടുത്തുള്ള കുളത്തില്‍നിന്ന് വെള്ളം കോരിയൊഴിച്ചത്രേ.

ആവശ്യത്തിന് ജലമൊഴിച്ചതിനാല്‍ കാവു തീ കൊണ്ടുപോയില്ല. എന്നാല്‍ തീജ്വാലതട്ടി മണ്ണിനു ചൂടുപിടിച്ചു.ചൂടധികമായതിനാല്‍ സര്‍പ്പങ്ങള്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു. ഇതു കണ്ട സ്ത്രീകള്‍ മണ്ണിന്‍റെ ചൂടാറുന്നതുവരെ വെള്ളം കോരിയൊഴിച്ചെന്നും അപ്പോള്‍ ""മണ്ണാറി.

അതിനാല്‍ ഈ സ്ഥലത്തിന്‍റെ നാമം മേലാല്‍ മണ്ണാറിശ്ശാല എന്നിയിരിക്കട്ടെ' എന്നു വിളിച്ചുപറഞ്ഞെന്നുമാണ് ഐതിഹ്യം. അത് വാസുകിയുടെ അരുളപ്പാടാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അന്നുമുതല്‍ മണ്ണാറിശ്ശാല എന്ന വിളിച്ചുപോന്ന ആ സ്ഥലം കാലക്രമേണ മണ്ണാറശ്ശാലയായി