തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ ക്രിസ്തീയ ദേവാലയമാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം. ഇവിടത്തെ ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷം നവംബര്‍ 23 ന് സമാപിക്കും.
ജാതി മതഭേദമന്യെ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന വെട്ടുകാട് ദേവാലയത്തില്‍ ഇത്തവണ നവംബര്‍ 14 നാണ് കൊടിയേറ്റ് ഉത്സവം നടന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍, വിമാനത്താവളത്തിനും വേളി ടൂറിസ്റ്റ് കേന്ദ്രത്തിനും മധ്യേയാണ് അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന ഈ പുണ്യഭൂമി.
ഇടതുതോളില്‍ ഭാരമേറിയ കുരിശും വഹിച്ച്, വലതുകരം ഉയര്‍ത്തി മാനവരാശിയെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ക്രിസ്തുരാജന്‍റെ തിരുസ്വരൂപം ദര്‍ശിച്ച് വണങ്ങുവാനും അനുഗ്രഹം തേടുവാനുമായി ജാത് മത ഭാഷാ ഭേദമില്ലാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പ്രവഹിക്കുന്നത്.
ഇടവകയുടെ ചരിത്രം
1542 ല്‍ പോര്‍ച്ചുഗീസുകാരോടൊപ്പം പ്രേഷിത ദൌത്യവുമായി വന്ന ഈശോസഭ വൈദികന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് മാദ്രെ ദെ ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ ദൈവമാതാവ് എന്നര്‍ത്ഥമുള്ള ഈ പ്രസിദ്ധ ദേവാലയം വെട്ടുകാട് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. റവ.ഫദര്‍ ഗുഡിനോയുടെ കാലഘട്ടത്തില്‍ (1934) ഇപ്പോഴത്തെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1937 ല്‍ വികാരിയായിരുന്ന ഫാ.മൈക്കല്‍ ജോണിന്‍റെ കാലത്ത് പള്ളി നിര്‍മ്മാണം പൂര്‍ത്തിയായി.
PRO
തിരുസ്വരൂപം
ഇടവകയിലെ പ്രഥമ വൈദികനായ റവ. ഫാദര്‍ ഹില്ലാരിയുടെ പൌരോഹിത്യ സ്വീകരണത്തിന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ പിതാവ് ശ്രീ കാര്‍മെന്‍ മിരാന്‍ഡ ഇടവകയ്ക്ക് സമര്‍പ്പിച്ച ക്രിസ്തുരാജസ്വരൂപം റോമില്‍ നിന്നും കിട്ടിയ മഹനീയ വര്‍ണ്ണ ചിത്രത്തിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അഭൌമവും അവര്‍ണ്ണനീയവുമായ ഈ തിരുസ്വരൂപം പണിയുവാന്‍ കേരളത്തിലെ ക്രൈസ്തവ ശില്പകലാരൂപ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായ, ആലപ്പുഴ ചമ്പക്കുളത്തെ അനുഗ്രഹീത ശില്‍പ്പികള്‍ക്ക് അശ്രാന്തപരിശ്രമം തന്നെ നടത്തേണ്ടിവന്നു. വെട്ടുകാട് ക്രിസ്തുരാജന്‍റെ സാന്നിധ്യം വെളിപ്പെടുത്തുന്ന ദര്‍ശനങ്ങളും അടയാളങ്ങളും ആരംഭ കാലത്ത് തന്നെ ലഭിക്കുകയുണ്ടായി എന്നും വിശ്വസിക്കുന്നു.
1942 ല്‍ കൊച്ചി മെത്രാനായിരുന്ന റൈറ്റ് റവ. ജോസ് വിയെറാ അല്‍വെര്‍നാസാണ് ക്രിസ്തുരാജസ്വരൂപം വെഞ്ചരിച്ച് ഔദ്യോഗിക പ്രതിഷ്ഠാ പ്രഖ്യാപനം നടത്തിയത്. വര്‍ഷത്തിന്‍റെ എല്ലാ ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ ബാഹുല്യമ്യമുണ്ടെങ്കിലും വെള്ളിയാഴ്ചകളിലാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്.
ക്രിസ്തുരാജ സന്നിധിയില്‍ വന്നണയുന്ന ഭക്തജനങ്ങളുടെ അനുഷ്ഠാനങ്ങള്‍ വൈവിദ്ധ്യമേറിയതും കൌതുകകരവുമാണ്. കുഞ്ഞുങ്ങളുടെ ആദ്യ ചോറൂണ്, പുതിയ വാഹനങ്ങള്‍ വെഞ്ചരിക്കല്‍, ആദ്യ ഫലങ്ങള്‍ കാഴ്ചവയ്ക്കല്‍, വിദ്യാരംഭം തുടങ്ങി എന്തിനും ഏതിനും വിശ്വാസത്തോടെ ആളുകള്‍ എത്തുന്നു.
PRO
ക്രിസ്തുരാജ പാദപൂജയെ കുറിച്ച്
1980 ല്‍ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ച് തുടക്കം കുറിച്ചതാണ് ക്രിസ്തുരാജ പാദപൂജ. തിരുനാള്‍ ദിനങ്ങളില്‍ ദേവാലയത്തിനകത്തെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ക്രിസ്തുരാജ തിരു സന്നിധിയില്‍ അര്‍പ്പിക്കപ്പെട്ട ഈ ചടങ്ങ് ആരംഭ നാളുകളില്‍ തന്നെ വിശ്വാസികള്‍ക്ക് ഹൃദ്യമായ അനുഭവമായി തീര്‍ന്നു. തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചകളിലും ക്രിസ്തുരാജ സന്നിധിയില്‍ വൈദികന്‍റെ കാര്‍മ്മികത്വത്തില്‍ വിശ്വാസികള്‍ പാദപൂജ അര്‍പ്പിച്ചുവരുന്നു.
തിരുവചന ഭാഗങ്ങളെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സമൂഹത്തിന്‍റെ അപേക്ഷകളോടൊപ്പം ക്രിസ്തുരാജന് സമര്‍പ്പിക്കുന്ന ശൈലിയാണ് പാദപൂജയെ ഇത്രയധികം ജനപ്രിയമാക്കിയത്. തുടര്‍ച്ചയായി ഒമ്പത് ആഴ്ചകളില്‍ പാദപൂജയില്‍ സംബന്ധിക്കുന്നതിലൂടെ ഉദ്ദിഷ്ടകാര്യം നേടുമെന്ന വിശ്വാസം അക്രൈസ്തവ സഹോദരങ്ങളുടെ ഇടയില്‍പോലും ശക്തമാണ്. ഈ വിശ്വാസത്തെ സാധൂകരിച്ചുകൊണ്ട് നിരവധി അദ്ഭുതങ്ങള്‍ പാദപൂജ സമയത്ത് സംഭവിക്കുന്നു.
പാദപൂജാമദ്ധ്യേ ക്രിസ്തുരാജഭക്തരുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും ഉണ്ട്. ക്രിസ്തുരാജ പാദപൂജയില്‍ വിവിധ മതസ്ഥരായ ഭക്തജനങ്ങളുടെ തിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ രാവിലെ കുര്‍ബാനയ്ക്ക് ശേഷം ക്രിസ്തുരാജ പാദപൂജ ക്രിസ്തുരാജ സന്നിധിയില്‍ അര്‍പ്പിക്കുന്നു.
PRO
തിരുനാള്‍
ക്രിസ്തുരാജത്വ തിരുനാള്‍ സാഘോഷം നടത്തുന്നതിനായി തീര്‍ത്ഥാടകരെയും ഇടവക സമൂഹത്തെയും അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ‘അസതോ മ: സത്ഗമയ’ എന്ന് തുടങ്ങുന്ന ആര്‍ഷഭാരത കീര്‍ത്തനത്തിന്‍റെ അകമ്പടിയോടെ ഇടവക വികാരി നവംബര്‍ 14ന് പതാക ഉയര്‍ത്തി തിരുനാളിന് ആരംഭം കുറിച്ചു.
പതിനഞ്ചാം തീയതി മുതല്‍ 22 വരെ വിവിധ നിയോഗങ്ങള്‍ക്കായി ആഘോഷമായ ദിവ്യബലി, ക്രിസ്തുരാജപാദപൂജ എന്നിവ നടത്തിവരുന്നു. ഇരുപത്തൊന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടന്ന അഘോഷമായ സമൂഹബലിക്ക് പുനലൂര്‍ രൂപതാ മെത്രാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇരുപത്തിരണ്ടാം തീയതി വൈകിട്ട് നടന്ന ക്രിസ്തുരാജത്വ തിരുസ്വരൂപം എഴുന്നള്ളത്തിന് പതിനായിരക്കണക്കിന് ശുഭ്രവസ്ത്രധാരികളായ ഭക്തജനങ്ങളാണ് പങ്കെടുത്തത്.
സമാപന ദിവസമായ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചര മണിക്ക് നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ.വിന്‍സന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികനായിരിക്കും.