തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം

WDWD
നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളിലൊന്നാണ് തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രം. ശ്രീവല്ലഭനെന്നാല്‍ ശ്രീയുടെ വല്ലഭന്‍ - മഹാവിഷ്ണു എന്നര്‍ഥം. ഈ ക്ഷേത്രത്തില്‍ രണ്ട് പ്രധാന മൂര്‍ത്തികളുണ്ട്. ഒന്ന് ശ്രീവല്ലഭനും മറ്റൊന്ന് സുദര്‍ശന മൂര്‍ത്തിയുമാണ്.

കളിമണ്ണും ദര്‍ഭയും മണല്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക കൂട്ടുകൊണ്ടാണ് ഇവിടത്തെ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. ഈ ക്ഷേത്രത്തില്‍ ആദ്യം സുദര്‍ശന പ്രതിഷ്ഠയായിരുന്നു എന്നും ശ്രീവല്ലഭനെ പിന്നീട് പ്രതിഷ്ഠിച്ചതായിരിക്കും എന്നുമാണ് ഒരു വിശ്വാസം.

നേത്രാവദി നദിയില്‍ മുങ്ങിക്കിടന്നിരുന്ന വിഷ്ണു വിഗ്രഹം പിന്നീട് പുഴ മാര്‍ഗ്ഗം ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് കരുതുന്നത്. ഈ ക്ഷേത്രത്തിന്‍റെ പഴയ പേര് തിരുവല്ല വാഴപ്പന്‍ എന്നായിരുന്നു.

ഇവിടത്തെ പ്രധാന നിവേദ്യം പടറ്റിപ്പഴമാണ്. അതുകൊണ്ടാണോ വാഴപ്പന്‍ എന്ന പേര് വന്നത് എന്ന് നിശ്ചയമില്ല. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയായതു കൊണ്ട് പിന്നീടത് ശ്രീവല്ലഭ എന്ന് മാറ്റിയതാകാനാണ് സാധ്യത.

പത്തനം‌തിട്ടയിലെ പ്രധാന താലൂക്കാണ് തിരുവല്ല. തിരുവല്ല - കായം‌കുളം റോഡില്‍ രാമപുരം കവലയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ശ്രീവല്ലഭ ക്ഷേത്രം. ചുറ്റും പുഴകളും തോടുകളും ആയതുകൊണ്ടാവാം നാലു ദിക്കില്‍ നിന്നും പാലങ്ങള്‍ കടന്നുവേണം ക്ഷേത്രത്തിലെത്താന്‍.

കിഴക്കോട്ടാണ് ശ്രീവല്ലഭ മൂര്‍ത്തിയുടെ ദര്‍ശനം. പടിഞ്ഞാറ്റ് സുദര്‍ശന മൂര്‍ത്തിയുടേതും. ക്ഷേത്രത്തിനു മുന്നിലെ പ്രധാന ഗോപുരത്തില്‍ മഹാവിഷ്ണുവിന്‍റെ രൂപം കാണാം. വടക്കേ ഗോപുരം മാത്രം ആണ്ടിലൊരിക്കല്‍ മാത്രമേ തുറക്കാറുള്ളു.

എട്ടേക്കര്‍ വരുന്ന ക്ഷേത്ര വളപ്പിനകത്ത് കടന്നാല്‍ വലിയൊരു സ്തൂപമുണ്ട്. അതിനു മുകളില്‍ ഒരു സുവര്‍ണ്ണ ഗരുഢനേയും കാണാം. അതിനു തൊട്ടടുത്ത് ബലിക്കല്‍ പുരയും സ്വര്‍ണ്ണ കൊടിമരവും.

ക്ഷേത്രത്തിനടുത്തുള്ള ചം‌ക്രോത്ത് മഠത്തില്‍ വിഷ്ണു ഭഗവാന്‍ ബ്രഹ്മചാരിയായി എത്തിയെന്നും തന്‍റെ ശ്രീചക്രത്തെ സുദര്‍ശന മൂര്‍ത്തിയായി പടിഞ്ഞാറ്റ് പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം.


WDWD
അതില്‍പ്പിന്നെ നാടുവാഴിക്ക് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. വാസുകി മഹര്‍ഷി പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം ജലധിവാസത്തില്‍ സമര്‍പ്പിച്ച് പോയിരിക്കുകയാണെന്നും അത് എടുത്തുകൊണ്ടു വന്ന് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കണമെന്നും ആയിരുന്നു അത്.

ഈ വിഗ്രഹത്തില്‍ നാലു കൈകള്‍ ഉണ്ടെങ്കിലും ഗദയില്ല കടിഹസ്തമാണ്. നല്ല വലിപ്പമുള്ള ഈ വിഗ്രഹം പ്രതിഷ്ഠിച്ചത് ദുര്‍വ്വാസാവാണെന്നും ഒരു ഐതിഹ്യമുണ്ട്. നിത്യവും കഥകളി നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് തിരുവല്ല.

ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. സോപാനത്തില്‍ നോക്കിയപ്പോള്‍ ഭഗവാനെ കണ്ടില്ല. നിരാശനായ സ്വാമിയാര്‍ കിഴക്കേ ഗോപുരം വഴി പോകാനൊരുങ്ങുമ്പോള്‍ ഭഗവാന്‍ കഥകളി കണ്ട് രസിക്കുന്നതായി കണ്ടു.

ഇതാണ് ക്ഷേത്രത്തില്‍ കഥകളി പ്രധാന വഴിപാടായി തീരാനുണ്ടായ കാരണം. ഇവിടെ കഥകളി നടക്കുമ്പോള്‍ പ്രത്യേകം വിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്.

വഴിപാടുകളില്‍ പ്രധാനപ്പെട്ടതാണ് പടറ്റിപ്പഴ നിവേദ്യം. കാര്യസാ‍ദ്ധ്യത്തിനായാണ് ഈ വഴിപാട് നടത്തുക. പന്തീരായിരം കദളിപ്പഴം ദേവന് സമര്‍പ്പിച്ച് പ്രസാദം തിരിച്ചു നല്‍കുന്ന വഴിപാട് പന്തീരടി പൂജ സമയത്താണ് നടത്തുക. പണപ്പായസം, തുലാപ്പായസം, പ്രഥമന്‍ തുടങ്ങിയ ചതുശ്ശതവും പ്രധാന വഴിപാടാണ്.


WDWD
കുംഭത്തിലെ പൂയത്തിന് ആറാട്ട് വരുന്ന വിധം പത്ത് ദിവസത്തെ ഉത്സവമാണിവിടെ നടക്കുക. എട്ട് ഉത്സവ ബലികളും ദേവസ്ഥാനത്ത് നടക്കുന്ന ക്ഷേത്രമാണിത്. ഒരു സ്വര്‍ണ്ണ കൊടിമരവും മരം കൊണ്ടുള്ള മറ്റൊരു കൊടിമരവും ഉണ്ട്. തിരുവല്ലയിലെ രണ്ടാമത്തെ ഉത്സവമായ ഉത്രശ്രീബലി മഹോത്സവവും പ്രസിദ്ധമാണ്. മീനമാസത്തിലാണിത് നടക്കുക.

തൊട്ടടുത്ത ആലന്തുരുത്തി പടപ്പാട്ട്, കരുനാട്ട് കാവ് എന്നീ ക്ഷേത്രങ്ങളില്‍ മീനത്തിലെ മകയിരത്തിന് കൊടിയേറും. അതിന്‍റെ എട്ടാം നാള്‍ ഉത്രം വരുന്നത് കണക്കാക്കി ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവം നടക്കും.

അന്നാണ് വടക്കേ ഗോപുരനട തുറക്കുക. ഈ ക്ഷേത്രങ്ങളിലെ ഭഗവതിമാരെ ജീവത എന്ന വാഹനത്തില്‍ എടുത്ത് വാദ്യഘോഷങ്ങളോടും നൃത്തങ്ങളോടും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.

പ്രസിദ്ധ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി കുറച്ചു നാള്‍ ഈ ക്ഷേത്രത്തിലെ ശാന്തിയായി ജോലി ചെയ്തിട്ടുണ്ട്.