ചോറ്റാനിക്കര ക്ഷേത്രം

WDWD
സകലാഭിഷ്ഠ പ്രദായിനിയാണ് ചോറ്റാനിക്കര അമ്മ. ഉള്ളു ചുട്ട പ്രാര്‍ത്ഥനയുമായി ശരണം പ്രാപിക്കുന്ന ഭക്തനെ അമ്മ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കന്നിമാസത്തിലെ നവരാത്രിയും, കുംഭമാസത്തിലെ ഉത്സവവുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.

വിദ്യാരംഭ ദിവസം അനേകായിരം കുട്ടികളെ ദേവിയുടെ മുന്‍പില്‍ വച്ച് എഴുത്തിനിരുത്തുന്നു. കുംഭമാസത്തിലെ ഉത്രം ആറാട്ടുപ്രമാണമായി നടത്തപ്പെടുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം "മകം തെഴ' ലാണ്. മകം നാളില്‍ ദേവിയെ കണ്ടു വണങ്ങാന്‍ ഭക്തജനപ്രവാഹമാണ്.

ബാധോപദ്രവങ്ങളില്‍ നിന്ന് മുക്തി കാംക്ഷിച്ചെത്തുന്നവരാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ ഭക്തമാരില്‍ ഭൂരിഭാഗവും. ഐശ്വര്യവും സന്താനഭാഗ്യവും മംഗല്യസിദ്ധിയും വിദ്യാലബ്ധിയും തേടി അമ്മയെ ശരണം പ്രാപിക്കുന്നവരും കുറവല്ല.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ പ്രധാനമായി രണ്ടു പ്രതിഷ്ഠകളാണുള്ളത്. മേക്കാവും കീഴ്ക്കാവും. കിഴക്കോട്ട് ദര്‍ശനമായി ഇരിക്കുന്ന മേക്കാവിലമ്മ സാക്ഷാല്‍ ദുര്‍ഗ്ഗാഭഗവതിയാണെന്നാണ് സങ്കല്‍പ്പം.

ലക്ഷ്മീഭഗവതിയുടേയും നാരായണ മൂര്‍ത്തിയുടേയും ചൈതന്യങ്ങള്‍ ഇവിടെ സമ്മിളിതമായി അധിവസിക്കുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഭക്തജനങ്ങള്‍ മേക്കാവിലമ്മയെ ""അമ്മേ നാരായണ : ദേവീ നാരായണ'' : എന്ന ് വിളിക്കുന്നത്.

ഇതിനും പുറമെ, എതൃത്തുപൂജ കഴിയുന്നതുവരെ മൂകാംബികയിലെ സരസ്വതീ ദേവി ഇവിടെ കുടികൊള്ളുന്നു എന്നും ജനവിശ്വാസമുണ്ട്. അങ്ങിനെ ദുര്‍ഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ മൂന്നു ദേവിമാരുടെ ചൈതന്യം മേക്കാവിലമ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു.

മേക്കാവിനു നേരെ കിഴക്കു ഭാഗത്തുള്ള കുളത്തിന്‍റെ കിഴക്കെ കരയിലാണ് കീഴ്ക്കാവിലമ്മയെ പടിഞ്ഞാട്ടു ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ഭാഗം അല്പം താഴ്ന്നിരിക്കുന്നതിനാല്‍ കീഴ്ക്കാവിലമ്മ എന്ന പേര്‍ സാര്‍ത്ഥകമാണ്.


WDWD
കിഴക്കെ ചിറയില്‍ സ്നാനത്തിനിറങ്ങിയ വില്വമംഗലം സ്വാമിയാര്‍ക്ക് ദേവീ വിഗ്രഹം കിട്ടിയെന്നും അദ്ദേഹം തന്നെ അത് കിഴക്കെ കരയില്‍ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം.

നൂറ്റിയെട്ട് ദുര്‍ഗ്ഗാലയങ്ങളെ എണ്ണിപ്പറയുന്ന കീര്‍ത്തനങ്ങള്‍ "ചോറ്റാനിക്കര രണ്ടിലും' എന്നു കാണുന്നതുകൊണ്ട് കീഴ്ക്കാവിലും ദുര്‍ഗ്ഗതന്നെയാണെന്നു വരുന്നു. എന്നാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയില്‍ ഭദ്രകാളിയുടെ ചൈതന്യമുണ്ടെന്നും ഈ ചൈതന്യത്തിനാണ് ശക്തിയേറുകയെന്നും പറയപ്പെടുന്നു.

ബാധകളെ സത്യം ചെയ്യിച്ച് ഒഴിപ്പിക്കുന്നത് കീഴ്ക്കാവിലമ്മയുടെ നടയില്‍വെച്ചാണ്. ബാധക്ക് കാരണമായ ക്ഷുദ്ര മൂര്‍ത്തിയെ ശ്രീ കോവിലിന് വടക്കുഭാഗത്തുള്ള പാലമരത്തില്‍ ആണിയടിച്ച് ബന്ധിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ഗുരുതിയാണ് ഇവിടത്തെ പ്രധാന വഴിപാട്.

ഉപദേവന്മാരില്‍ അയ്യപ്പനാണ് പ്രധാന്യം. പൂര്‍ണ്ണ, പുഷ്പകല എന്ന രണ്ടു പത്നിമാരോടുകൂടിയ അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദേവിയുടെ ഒരാശ്രിതനും സഹായിയുമാണ് അയ്യപ്പനെന്ന് പറയപ്പെടുന്നു. കപാലീശ്വരനായ ശിവന്‍, ഗണപതി തുടങ്ങിയ ദേവന്മാരുടേയും പ്രതിഷ്ഠകളുണ്ട്.

ചോറ്റാനിക്കര അമ്മയെ സംബന്ധിക്കുന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. വില്വമംഗലം സ്വാമിയാര്‍ മുജ്ജന്മത്തില്‍ കണ്ണപ്പനെന്നു പേരായ മലവേടനായിരുന്നുവെന്നും കണ്ണപ്പന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പശുക്കുട്ടി ഒരു രാത്രിയില്‍ കല്ലായി മാറിയെന്നും ഈ കല്ലാണ് പില്‍ക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രത്തിലെ വിഗ്രഹമായി ആരാധിക്കപ്പെടാന്‍ തുടങ്ങിയതെന്നും ഒരു കഥ പ്രചാരത്തിലുണ്ട്.

പുല്ലരിയാന്‍ പോയ പുലയസ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നും രക്തം വന്നുവെന്നും അചിരേണ അവിടം ആരാധാനാലയമായി രൂപാന്തരപ്പെട്ടുവെന്നും ഈ ക്ഷേത്രത്തിന്‍റെ ഉല്‍പത്തി ചരിത്രത്തില്‍ പറഞ്ഞു കാണുന്നു.


WDWD
അദ്വൈത മതസ്ഥാപകനായ ശങ്കരാചാര്യര്‍ മൈസൂറിലെ ചാമുണ്ഡേശ്വരിയെ കേരളത്തില്‍ കുടിയിരുത്തണമെന്ന ഉദ്ദേശത്തോടെ, ദ്വീര്‍ഘകാലം ഭജിച്ചുവെന്നും ഒടുവില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി കേരളത്തിലേക്ക് പുറപ്പെട്ട ദേവി, ആചാര്യ സ്വാമികള്‍ നിബന്ധന ലംഘിച്ചതിനാല്‍ മൂകാംബികയില്‍ വാസമുറപ്പിച്ചുവെന്നും സ്വാമികളുടെ ആഗ്രഹമനുസരിച്ച് ദേവിയുടെ ചൈതന്യം എല്ലാ ദിവസവും എതൃത്തു പൂജ കഴിയുന്നതുവരെ ചോറ്റാനിക്കര അമ്മയില്‍ അധിവസിക്കുന്ന എന്നും ഐതിഹ്യമുണ്ട്.

മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരക്ക് ഭ്രഷ്ട് വന്നതും അദ്ദേഹം അപ്രതൃക്ഷനായതും ചോറ്റാനിക്കരയില്‍ വച്ചാണത്രേ. തന്‍റെ ഭക്തനെ രക്ഷിക്കാന്‍ അമ്മ ഒരു യക്ഷിയെ വെട്ടിക്കൊന്ന കഥ പ്രസിദ്ധമാണ്. ദേവിയുടെ ഭക്തവാത്സല്യം തെളിയിക്കുന്ന ഒട്ടനവധി അത്ഭുത കഥകള്‍ ആധുനികര്‍ക്കും പറയുവാനുണ്ട്.

ചോറ്റാനിക്കരയും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം "വേന്ദനാട്' എന്ന പേരിലാണ് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. വേദപണ്ഡിതന്മാരും മന്ത്രതന്ത്രാദികളില്‍ നിപുണന്മാരുമായ നന്പൂതിരിമാരുടെ ഒട്ടേറെ ഭവനങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു

ചോറ്റാനിക്കര ക്ഷേത്രത്തിന്‍റെ ആദ്യത്തെ ഭരണകര്‍ത്താകള്‍. അവരില്‍ എടാട്ടു നന്പൂതിരിയായിരുന്നു പ്രമാണികന്‍. പിന്നീട് അയിനിക്കാട്ട് നന്പൂതിരിമാരുടെ ഭരണമായിരുന്നു. ഇക്കാലത്ത് ക്ഷേത്രത്തിന്‍റെ ഐശ്വര്യവും ദേവിയുടെ ചൈതന്യവും പതിന്മടങ്ങ് വര്‍ദ്ധിച്ചതായി പറയപ്പെടുന്നു.

അയിനിക്കാട് ഇല്ലം അന്യം നിന്നപ്പോള്‍ ക്ഷേത്ര ഭരണം കൊച്ചി രാജാവ് ഏറ്റെടുത്തു. 1950 ലെ ഒരാക്റ്റ് പ്രകാരം ഭരണം കൊച്ചി ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായി.