കോഴിക്കോട് തളി മഹാക്ഷേത്രം

SASISASI
പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്കര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടത്തെ പുണ്യപുരാതനമായ തളിമഹാക്ഷേത്രം.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി ഒരു കിലോമീറ്റര്‍ കിഴക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റില്‍ നിന്നും ചിന്താവളപ്പ് ജംഗ്ഷന്‍ വഴി ഒരു കിലോമീറ്റര്‍ തെക്കോട്ട് വന്നാലും തളിമഹാക്ഷേത്രത്തില്‍ എത്താം.

ദ്വാപരയുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ശ്രീപരശുരാമ മഹര്‍ഷിയുടെ ദിവ്യമായ തപസ്സിന്‍റെ ഫലമായി ഉമാമഹേശ്വരന്‍ ജ്യോതി സ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിര്‍ലിംഗമായി പരിണമിക്കുകയും ചെയ്തു.

ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്‍റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്‍പകവൃക്ഷത്തിന്‍റെ ഉത്തമബീജമായി കല്‍പിച്ച് ശ്രീപരശുരാമ ഭഗവാന്‍ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകള്‍കൊണ്ടും പൂര്‍ണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. 1500 വര്‍ഷങ്ങള്‍ക്കുമുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടര്‍ന്ന് സാമൂതിരിരാജവംശത്തിന്‍റെ ഭരണത്തിലും ദേവന്‍ രാജാധിരാജനായി ആരാധിക്കപ്പെടുന്നു. സാമൂതിരി രാജവംശത്തിന്‍റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്‍റെയും ഉന്നതിയിലിരുന്ന കാലത്ത് (15-ാം നൂറ്റാണ്ടില്‍) ഈ ക്ഷേത്രത്തില്‍ നടത്തിപോന്നിരുന്ന പട്ടത്താനം എന്ന പണ്ഡിതസദസ്സും അതില്‍ പ്രശോഭിച്ചിരുന്ന പതിനെട്ടര കവികളും ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊള്ളൂന്നു.

ഈ പട്ടത്താനത്തില്‍ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്‍റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരി ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാന്‍ ഇടവന്നു എന്നത് തളിമഹാദേവന്‍റെയും സാമൂതിരി രാജാവിന്‍റെയും, പട്ടത്താനത്തിന്‍റെയും മഹത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.

SASI
ഒരു മതിലകത്ത് മൂന്ന് ക്ഷേത്രങ്ങള്‍

പ്രധാനമായ തളിമഹാദേവ ക്ഷേത്രത്തിനു പുറമേ ശ്രീകൃഷ്ണക്ഷേത്രവും ശ്രീ ഉഗ്രനരസിംഹ ക്ഷേത്രവും ഒരു മതിലകത്ത് ഉണ്ട്. ഈ മൂന്നു ക്ഷേത്രങ്ങളിലും പ്രത്യേകം നിത്യനിദാനങ്ങളും നടന്നു വരുന്നുണ്ട് എന്നതും തളിമഹാക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.

തളിമഹാക്ഷേത്രത്തിലെ പ്രധാനദേവനായ ശിവന്‍ അര്‍ദ്ധനാരീശ്വരനായി ശക്തി പഞ്ചാക്ഷരി ധ്യാനത്തില്‍ കിഴക്കോട്ട് നടയായി നിലകൊള്ളൂന്നു. ഉപദേവന്മാരായി തേവാരത്തില്‍ ഗണപതി, തളി ഗണപതി, തിരുമാന്ധാം കുന്നു ഭഗവതി എന്നീ പ്രതിഷ്ഠകള്‍ നാലമ്പലത്തിനകത്തുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെയും ശ്രീ ഉഗ്രനരസിംഹക്ഷേത്രത്തിന്‍റെയും നടകള്‍ പടിഞ്ഞാറോട്ടാണ്.

ശ്രീകൃഷ്ണ ക്ഷേത്രം നാലമ്പലത്തിനകത്ത് ശ്രീ തിരുവളയനാട് അമ്മയുടെ പള്ളിവാള്‍ വച്ച് ആരാധിക്കുന്നു. മതിലകത്ത് ശാസ്താവ്, നാഗങള്‍, എരഞ്ഞിപുരാന്‍ എന്നീ ഉപദേവന്മാര്‍ക്കുപുറമെ സാമൂതിരി സ്വരൂപത്തിന്‍റെ ആരാധനാഭഗവതിമാരെയും, ചേരമാന്‍ പെരുമാള്‍ നല്‍കിയ വാളും വച്ച് ആരാധിച്ചുവരുന്നുണ്ട്.

തളി മഹാക്ഷേത്രത്തിന്‍റെ നാലമ്പലത്തിനകത്ത് ഈശാനകോണില്‍ മുള അറയില്‍ വച്ച് ആരാധിച്ച് വരുന്ന തേവാരത്തില്‍ ഗണപതി പത്ത് കൈകളിലായി നാരങ്ങ, ഗദ, കരിമ്പുവില്ല്, തൃശൂലം, ചക്രം, താമര, പാശം, നീലോല്‍പലം, നെല്‍ക്കതിര്‍, സ്വന്തം കൊമ്പ് എന്നിവയും തുമ്പിക്കയില്‍ രത്നകലശവും ധരിച്ച് പത്നീസമേതനായി ഇരുന്നരുളുന്നു.

സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനും വിഘ്നങ്ങള്‍ അകലുവാനും വേണ്ടി എന്നും അനുഗ്രഹിക്കുന്ന മഹാഗണപതിയെ പ്രസാദിപ്പിക്കുന്നത് ഉത്തമമാണ് എന്നു വിശ്വസിക്കപ്പെടുന്നു. നിത്യമായി നടന്നുവരുന്ന അപ്പവും മഹാഗണപതിക്ക് വിശേഷമായി നടത്തുന്ന ഉദയാസ്തമന അപ്പവും ഇതിനു തെളിവാണ്. മഹാദേവനും, ശ്രീകൃഷ്ണ ഭഗവാനും ഒട്ടുമിക്ക ദിവസങ്ങളിലും ഉദയാസ്തമനപൂജ വഴിപാടായി നടന്നുവരുന്നു.

SASI
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പുനരുദ്ധാരണം

ഇരുപതാം നൂറ്റാണ്ടിന്‍റെ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ക്ഷേത്രത്തിന്‍റെ മഹത്വത്തിന് ഭൗതികമായി നാശങ്ങള്‍ വന്നു. എങ്കിലും ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവ ചൈതന്യത്തിനു ഒരു കുറവും വന്നില്ല.

1139 ല്‍ നടത്തപ്പെട്ട ദേവപ്രശ്നത്തോടുകൂടി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനു തുടക്കം കുറിച്ചു. പ്രശ്നവിധിയില്‍ യഥാവിഥി കാര്യങ്ങളും ക്ഷേത്രജീര്‍ണ്ണോദ്ധാരണവും നടത്തപ്പെട്ടു. മഹാദേവനും മഹാവിഷ്ണുവിനും ഉഗ്രനരസിംഹമൂര്‍ത്തിക്കും എല്ലാ പ്രായശ്ഛിത്തങ്ങളോടും കൂടി നവീകരണകലശവും നടത്തി. 1143 ല്‍ നടത്തിയ രണ്ടാമത്തെ ദേവപ്രശ്നത്തില്‍ മുമ്പ് നടത്തിയ എല്ലാ ക്രിയകളും സഫലമായെന്നും ദേവപ്രീതിയും, അനുഗ്രഹവും പൂര്‍ണ്ണമായി വന്നിരിക്കുന്നു എന്നും കണ്ടു.

ഭാവിയില്‍ ചെയ്യേണ്ടത് ശിവനും, വിഷ്ണുവിനും ധ്വജപ്രതിഷ് ഠയാണ് എന്നു കാണുകയും ധ്വജ പ്രതിഷ്ഠ നടത്തുകയും വേദലക്ഷാര്‍ച്ചനകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു ആനയെ വാങ്ങി ഭക്തജങ്ങള്‍ നടയിരുത്തി. വെട്ടത്ത് രാധാകൃഷ്ണ ഏറാടിയായിരുന്നു മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

തളിതേവരുടെ നീലകണ്ഠന്‍ എന്ന ആന 1992 ഡിസംബര്‍ ആറാം തീയതി രാത്രി തിരൂര്‍ കൂട്ടായിപുഴയില്‍ വച്ച് അകാരണമായി പൊലീസിന്‍റെ വെടിയേറ്റ് ചെരിഞ്ഞു. പിന്നീട് ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയിട്ടില്ല.

മേടത്തിലും മിഥുനത്തിലും ഉത്സവങ്ങള്‍

മേടസംക്രമ ദിവസം ഉത്സവം കൊടികയറി വിഷുകണി കണ്ട് എട്ടാം ദിവസം ആറാട്ടോടുകൂടി രണ്ട് ക്ഷേത്രത്തിലും അംഗുരാതി ഉത്സവം നടന്നുവരുന്നു. മിഥുനമാസത്തില്‍ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായി മൂന്നുദേവന്‍മാര്‍ക്കും കളഭാഭിഷേകത്തോടെ ആഘോഷിക്കുന്നു.

കര്‍ക്കിടക മാസം മുഴുവന്‍ ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ഗണപതിഹോമവും ഭഗവതിസേവയും അവസാന ദിവസം 108 നാളീകേരം കൊണ്ടുള്ള അഷ്ട ദ്രവ്യ ഗണപതി ഹോമവും ഉണ്ട്. നിത്യ ഗണപതിഹോമം ശാന്തിക്കാര്‍ നിന്നുകൊണ്ടാണ് നടത്തുന്നത്, ഹോമദ്രവ്യം ശ്രീഗണപതിയുടെ വായയില്‍ നേരിട്ട് അര്‍പ്പിക്കുന്നു എന്ന ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്.

ചിങ്ങമാസത്തില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണിക്ക് ഉദയാസ്തമന പൂജയും, രാത്രിയില്‍ പഞ്ചഗവ്യാഭിഷേകവും നവരാത്രിക്ക് പൂജവെപ്പും, എഴുത്തിനുവെപ്പും ഉണ്ട്. രേവതി പട്ടത്താനത്തോടനുബന്ധിച്ച് തുലാമാസത്തിലെ രേവതിക്ക് ശിവനും, കൃഷ്ണനും ഉദായാസ്തമന പൂജയും നരസിംഹ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും നടന്നു വരുന്നു.

വൃശ്ഛികം ഒന്നു മുതല്‍ മണ്ഡലകാലം മുഴുവന്‍ ഉപദേവനായ ശാസ്താവിനു വിശേഷാല്‍ പൂജകളും ധനുമാസത്തില്‍ തിരുവാതിര നാളില്‍ രാത്രി ശിവന് പഞ്ചദ്രവ്യാഭിഷേകവും നരസിംഹ ജയന്തി ദിവസം നരസിംഹ മൂര്‍ത്തിക്കു ഉദയാസ്തമന പൂജയും കുംഭമാസത്തിലെ ശിവരാത്രി ദിവസം ശിവനു ഉദയാസ്തമന പൂജയും രാത്രിയില്‍ വിശേഷാല്‍ അഭിഷേകവും നടത്തുന്നു.

ഉത്സവത്തിനും, പ്രതിഷ് ഠാദിനത്തിനും രേവതിപട്ടത്താനത്തിനും മൂന്നു വേദങ്ങളിലും മുറ ജപം മുടങ്ങാതെ നടത്തിവരുന്നുണ്ട്.

ക്ഷേത്രത്തില്‍ രണ്ടു കുളം

ക്ഷേത്രത്തില്‍ രണ്ടു കുളമുണ്ട്. ഒന്ന് പുറത്ത് വടക്കുഭാഗത്താണ്. മറ്റൊന്ന് അകത്ത്. ഇത് ബ്രിട്ടീഷ് സര്‍ക്കാര്‍ കുഴിച്ചെടുത്ത കുളമാണ്. അയിത്തവിവാദത്തെ തുടര്‍ന്നാണ് ഈ കുളം കുഴിച്ചെടുത്തത്.

വെട്ടത്തുനാട് സുബ്രഹ്മണ്യയ്യന്‍റെ മഠത്തിലെ കല്യാണത്തിന് 1917 മാര്‍ച്ച് എട്ടിന് തിയ്യനെക്കൊണ്ട് സാധനങ്ങളുമായി വണ്ടി വലിപ്പിച്ച് തളിക്ഷേത്ര ഗോപുരത്തിന് മുന്നിലൂടെ പോയതായിരുന്നു വിവാദത്തിനു തുടക്കം. ക്ഷേത്രക്കുളം പുറത്തായതിനാല്‍ അശുദ്ധമായി എന്നാരോപിച്ച് ക്ഷേത്രം അടച്ചിട്ടു. സാമൂതിരി കോവിലകത്ത് പത്മമിട്ട് പൂജ തുടങ്ങി.

പരാതിയെത്തുടര്‍ന്ന് സായ്പ്പ് ഇടപെട്ടു. വഴി മുന്‍സിപ്പല്‍ വകയായതിനാല്‍ പൗരന്‍റെ യാത്ര തടയാന്‍ പറ്റില്ലെന്നായിരുന്നു ഗവര്‍ണ്ണര്‍ എഫ്.ബി. ഇവിന്‍സന്‍റെ വിധി. 1919 സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം ഒത്തുതീര്‍പ്പായത്.

ഇതനുസരിച്ച് 1000 രൂപ ചെലവില്‍ ശാന്തിക്കാര്‍ക്ക് കുളിക്കാന്‍ സര്‍ക്കാര്‍ ക്ഷേത്രത്തിനകത്ത് കുളം കുഴിച്ചു കൊടുക്കും. ക്ഷേത്രം ശുദ്ധിചെയ്യുന്നതിനും, ശുചീകരണത്തിനും മറ്റുമായി മറ്റൊരു ആയിരം രൂപകൂടി കൊടുക്കും. സെപ്റ്റംബര്‍ അഞ്ചിന് കുളം കുഴിക്കാന്‍ തുടങ്ങുകയും ചെയ്തു.