കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.
ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രഹത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
മഹാവിഷ്ണുവിന്‍റെ അംശാവതാരവും ശ്രീരാമന്‍റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്‍റെ പ്രതിഷ്ഠ മറ്റ് എവിടേയും ഉള്ളതായിട്ടറിവില്ല. അംശാവതാരമായതുകൊണ്ടാവാം മഹാവിഷ്ണുവിന്‍റേതാണ് പൂജ. ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല.
കിഴക്കോട്ടു ദര്‍ശനം. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും.
ത്യാഗത്തിന്‍റേയും സ്നേഹത്തിന്‍റേയും മൂര്‍ത്തി
ത്യാഗത്തിന്‍റേയും ആത്മബലിയുടേയും സഹോദരസ്നേഹത്തിന്‍റേയും ഉത്തമപ്രതീകമാണ് ഭരതന്‍. പത്ത് ഏക്കര്‍ സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്‍. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില്‍ ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്‍ണ്ണ പ്രദക്ഷിണം.
ഭഗവാന്‍ ആഡംബരപ്രിയനല്ല. മനസു മുഴുവന്‍ ശ്രീരാമചന്ദ്രനും ഭഗവാന്‍റെ പാദങ്ങളുമാണ്. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഗ്രഹത്തിന് ഏകദേശം ഒരാള്‍ പൊക്കമുണ്ട്. ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു.
കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷᅲമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്‍റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു. താമരപ്പൂമാല ഭഗവാന് കൂടുതല്‍ പ്രിയമാണെന്ന് പറയുന്നു. താമരമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തില്‍ ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍മാടത്തില്‍ തെക്കും, വടക്കും ദുര്‍ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നു സങ്കല്പം. തിടപ്പള്ളിയില്‍ അവിലും പൂവന്‍പഴവും നേദ്യമുണ്ട്. ദുര്‍ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില്‍ ഉപയോഗിക്കൂ.
ക്ഷേത്രത്തിന് ആറ് തന്ത്രിമാര്‍
ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണിത്. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയാണ് മേല്‍ശാന്തിസ്ഥാനം. നേരത്തെ പുലാക്കുട്ടി ഇല്ലത്തിനായിരുന്നു എന്നു പഴമ. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്.
അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്‍ക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യം നിന്നതിനാല്‍ എടശ്ശേരിക്കു കിട്ടി. മണക്കാടാണ് പരികര്‍മ്മി. മൂത്തതുമാര്‍: കോളോം, കിട്ടത്ത്, ചിറയത്ത് പട്ടോല, തുരുത്തിക്കാട്ടുമേനോന്‍ എന്ന് പഴയ ക്രമം.
ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും. ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര്‍ ഇല്ലം നാലായതിനാല്‍ (നെടുമ്പള്ളി തരണനെല്ലൂര്‍, വെളുത്തേടത്ത് തരണനെല്ലൂര്‍, കിടങ്ങശ്ശേരി തരണനെല്ലൂര്‍, തെക്കിനിയടത്ത് തരണനെല്ലൂര്‍) ഇപ്പോള്‍ ആറു തന്ത്രമാരാണ്.
ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവും, ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില്‍ ഉത്രാടം മുതല്‍ 40 ദിവസമാണ് കൂത്ത്. 28 ദിവസം പ്രബന്ധവും 12 ദിവസം അംഗുലീയാംഗവും.
മൂലക്കുരുവിനും, അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും.മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പിറ്റെ ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്‍. ഇതു പ്രസിദ്ധമായ ഒരു മരുന്നാണ്. മുക്കുടിക്ക് വലിയ തിരക്കുണ്ടാവും .
ചരിത്രം
കേരളത്തില്‍ 32 ഗ്രാമങ്ങളായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. അതില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപതിമഹര്‍ഷിയോഗം യാഗം ചെയ്ത് ഇവിടം പുണ്യഭൂമിയാക്കിത്തീര്‍ത്തു. പിന്നീട് അവിടെ സ്ഥാപിച്ച യജ്ഞദേവന്‍റെ ക്ഷേത്രം ജൈന-ബൗദ്ധമതവും നമ്പൂതിരിമാരും, ശൈവ-വൈഷ്ണവസംഘര്‍ഷങ്ങളും മൂലം ഒരു സംഘര്‍ഷഭൂമിയായി.
കാലം കടന്നുപോയി. ആഭിചാര പൂജകള്‍ ചെയ്തു മൂര്‍ത്തിയുടെ ശക്തിക്ഷയം വരെ ഉണ്ടായി. അക്കാലത്ത് ചൈതന്യം വര്‍ദ്ധിപ്പിക്കാന്‍, പുനഃപ്രതിഷ്ഠ നടത്താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമുദ്രത്തില്‍ മീന്‍പിടിക്കാന്‍ പോയ മുക്കുവന്മാര്‍ക്ക് നാലു ദിവ്യവിഗ്രഹങ്ങള്‍ ലഭിച്ചതു വായ്ക്കല്‍ കയ്മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത അപ്പോഴാണ് ക്ഷേത്ര ഭരണയോഗക്കാര്‍ അറിഞ്ഞത്.
നാടുവാഴികളും യോഗക്കാരും ചേര്‍ന്ന് അതിലൊരു വിഗ്രഹംകൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭരതന്‍റേതായിരുന്നു. ശ്രീരാമവിഗ്രഹം തൃപ്രയാറും ലക്സ്മണന്‍റെ മൂഴിക്കുളത്തും ശത്രുഘ്നന്‍റെ പായമേലും പ്രതിഷ്ഠിച്ചു.
ജലപ്രവാഹം ഇരുകൈവഴികളായി പ്രവഹിച്ചിരുന്നതിന്‍റെ മദ്ധ്യത്തില്‍ മണല്‍ വന്നുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണം ചെയ്തു ദേവപ്രതിഷ്ഠ കഴിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞാല്‍കിട (ഇരുചാല്‍ക്കിടാ) എന്നു പേരുണ്ടായത്. (കൂനേഴത്ത് പരമേശ്വരമേനോന്‍-ലേഖനം). എന്നാല്‍ ഇന്ന് ക്ഷേത്രമേയുള്ളൂ. ഒന്നിടവിട്ട വര്‍ഷങ്ങളല്‍ കുറുമാലിപുഴയിലും ചാലക്കുടിപുഴയിലും ദേവനെ ആറാടിക്കുന്നു.
പുനപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ് കാണപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായം കുളം രാജ-ാവിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്‍ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി.
പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്‍ത്തുപിടിച്ച് പ്രകാശങ്ങള്‍ തമ്മിലൊത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട് കൂടിച്ചേര്‍ന്നതുകൊണ്ട് അതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.
ഉത്സവം
മകരമാസത്തിലെ പുണര്‍തമാണ് പ്രതിഷ്ഠ ദിവസമായി ആചരിക്കുന്നത്. മേടത്തില്‍ ഉത്രം കൊടികയറി പതിനൊന്നു ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. അണിഞ്ഞൊരുങ്ങിയ പതിനഞ്ചാനപ്പുറത്താണ് ദിവസവും എഴുന്നള്ളിപ്പ്.
എഴുന്നള്ളിക്കുന്ന ആനയുടെ രണ്ടു പുറത്തും കുട്ടി ആനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ട്. പഞ്ചാരിമേളമാണ് പ്രധാനം. രാവിലേയും രാത്രിയും എഴുന്നള്ളിപ്പും മേളവും ഗംഭീരമാണ്. പള്ളി വേട്ട ആഘോഷദിവസം രാത്രി അങ്ങ് അകലെ കിഴക്കുള്ള ആല്‍ത്തറയില്‍ ആണ് പള്ളിവേട്ടച്ചടങ്ങ് പതിവുള്ളത്.
അതിനുശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്‍കുളത്തിന് അടുത്ത് എത്തിയാല്‍ പഞ്ചവാദ്യം കവിഞ്ഞ് വെടിക്കൊട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും.
ക്ഷേത്രത്തില്‍ മടങ്ങി എത്തിയാല്‍ പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്‍പ്പറ നിറക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.
ക്ഷേത്ര കുളങ്ങള്‍
ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്ത് പ്രദക്ഷിണംവയ്ക്കാനുള്ള സ്ഥലമൊഴിച്ച് ബാക്കിമുഴുവന്‍ ദീര്‍ഘ ചതുരത്തിലുള്ള വലിയ കുളമാണ്. കപിലതീര്‍ത്ഥം.
ഈ തീര്‍ഥക്കുളം പണ്ടു കുലീപതിമഹര്‍ഷി യജ്ഞം നടത്തിയ പുണ്യഭൂമിയാണെന്ന് വിശ്വസിക്കുന്നു.കുളം കുളിക്കാനുള്ളതല്ല.തീര്‍ഥക്കുളമാണ്. ക്ഷേത്രത്തിലെ ആവശ്യത്തിന് ഇതിലെ ജലം ഉപയോഗിക്കുന്നു. പൊഞ്ഞനം ഭഗവതിക്കുമാത്രമേ തീര്‍ഥക്കുളത്തില്‍ ആറാടാന്‍ അധികാരമുള്ളൂ.
ക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചു കുളങ്ങള്‍കൂടിയുണ്ട്. പുറത്തു കിഴക്കുഭാഗത്ത് കട്ടംകുളം, വടക്കു കിഴക്കേ മൂലയില്‍ ബ്രഹ്മസ്വം മഠം കുളം, പടിഞ്ഞാറ് താമരക്കുളം, കിഴക്ക് തെക്കും, തെക്കുപടിഞ്ഞാറുള്ള കുളങ്ങള്‍.
ശാന്തിക്കാരന്‍ രണ്ടു കുളത്തില്‍ കുളിക്കണമെന്നു ചിട്ട. പുറത്തെ കുളത്തിലും അകത്തെ തീര്‍ത്ഥക്കുളത്തിലും. തീര്‍ത്ഥക്കുളത്തില്‍ ശാന്തിക്കാരനല്ലാതെ മറ്റാരും കുളിക്കരുതെന്നും വ്യവസ്ഥയുണ്ട്.
തീര്‍ത്ഥക്കുളത്തിലെ വെള്ളമാണ് നേദ്യത്തിനും അഭിഷേകത്തിനും. ക്ഷേത്രപ്രവേശനത്തിനു മുന്‍പ് തുലമാമാസത്തിലെ കറുത്തവാവു ദിവസം ഭക്തജനങ്ങളെ ഈ കുളത്തില്‍ കുളിക്കാന്‍ അനുവദിച്ചിരുന്നു. കുളത്തില്‍ മീനാട്ട് വഴിപാടുണ്ട്.