ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

കേരളത്തിലെ പ്രധാനപ്പെട്ടശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹദേവ ക്ഷേത്രം.

കുംഭത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം. അപസ്മാരത്തിന് നെയ്യും പഞ്ചഗവ്യവും സേവിച്ച് ക്ഷേത്രത്തില്‍ ഭജനമിരിക്കാറുണ്ട്. ശ്രീകോവിലിന്‍റെ താക്കോല്‍ ഇപ്പോഴും കൈസ്ഥാനികളായ മൂസ്സതു കുടുംബക്കാരുടെ (വലിയിടത്തില്ലം, പാടകശ്ശേരി ഇല്ലം, തെക്കില്ലം, ചിറ്റേഴത്തില്ലം) കൈവശം.

പുന്നയ്ക്കല്‍, അയ്യങ്ങണിക്കല്‍, ചിറക്കര, പുളിന്താനം, പട്ടമന, മംഗലം, ചെന്തിട്ട, എട്ടൊന്നശ്ശേരി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.

ഇവരില്‍ പുന്നയ്ക്കലാണ് ശ്രീകോവില്‍ പണിയിച്ചത്. ചെങ്ങന്നൂര്‍ വാഴൂര്‍ പൊന്നുരുട്ടി മഠത്തില്‍ പണ്ഡാരത്തിന് എട്ടാം ഉത്സവ ദിവസം ഏഴരപ്പൊന്നാന ദര്‍ശനസമയത്ത് പ്രത്യേകം അവകാശമുണ്ട്. നായര്‍ കുടുംബങ്ങളായ താഴത്തെ കൂറ്റ്, കുഴിക്കോട്ട, താഴത്തുരുത്തി വീട്ടുകാര്‍ക്കും ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട്.

ക്ഷേത്രത്തിന്‍റെ ഊരാളന്മാരായ എട്ടു മനക്കാര്‍ ഉണ്ടായിരുന്നതുകൊണ്ട് സ്ഥലത്തിന് എട്ടുമനയൂര്‍ എന്ന പേരുവന്നു എന്ന് ഐതിഹ്യം. ഇതു ശരിയാകാന്‍ വഴിയില്ല.

നന്പൂതിരി ഗ്രാമക്ഷേത്രമായിരുന്നു ഏറ്റുമാനൂര്‍. ഗ്രാമത്തിലെ എല്ലാ ഇല്ലക്കാര്‍ക്കും ക്ഷേത്രത്തില്‍ ഊരാളസ്ഥാനം. ഒരുപക്ഷേ ശേഷിച്ചത് എട്ടുമനക്കാരാകാം. ഇവിടത്തെ ശിവന്‍ കൊടികുത്തിമലയിലായിരുന്നു എന്ന് ഒരു ഐതിഹ്യമുണ്ട്.

108 ശിവാലയങ്ങളില്‍ ഒന്നായതിനാല്‍ പരശു രാമപ്രതിഷ്ഠ എന്നും ഐതിഹ്യം. ഖരന്‍ ചിദംബരത്തുനിന്നും കൊണ്ടുവന്ന മൂന്നു ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് മറ്റൊരു ഐതിഹ്യം.

താപസശാപത്താല്‍ കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം വില്വമംഗലമാണ് പുനഃപ്രതിഷ്ഠിച്ചത് എന്നാണ് മറ്റൊരു പുരാവൃത്തം. വില്വമംഗലം വൈഷ്ണവനായതിനാല്‍ ശിവനെ പ്രതിഷ്ഠിക്കാന്‍ സാദ്ധ്യത തീരെയില്ല. വേദവ്യാസന്‍ താമസിച്ചിരുന്ന വേദഗിരിയിലാണ് ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം എന്നും ഒരു വിശ്വാസമുണ്ട്.

അവിടെ കുംഭത്തിലെയും കര്‍ക്കിടകത്തിലെയും കറുത്തവാവുകള്‍ക്ക് ബലിതര്‍പ്പണത്തിനു ഭക്തര്‍ പോകാറുമുണ്ട്. കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം വില്വമംഗലത്തിന്‍റെ കാലത്ത് പുനരുദ്ധരിച്ചതാകാം. ലിംഗം ചിദംബരത്തുനിന്നും അക്കാലത്ത് കൊണ്ടുവന്നതാകാനാണ് സാധ്യത.

ചിദംബരം ക്ഷേത്രത്തില്‍നിന്നും ലിംഗങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കുക കേരളത്തിലെ ഒരു കീഴ്വഴക്കമായിരുന്നു. തിരുവഞ്ചിക്കുളം ക്ഷേത്രം തകര്‍ത്തപ്പോള്‍ പുനഃപ്രതിഷ്ഠയ്ക്ക് ലിംഗം കൊണ്ടുവന്നത് ചിദംബരത്തുനിന്നാണ്. ശൈവ-വൈഷ്ണവ സംയോജനസങ്കല്പം അക്കാലത്ത് ഉടലെടുത്തതിനാല്‍ വില്വമംഗലം കീഴ്തൃക്കോവിലില്‍ ശ്രീകൃഷ്ണനെയും പ്രതിഷ്ഠിച്ചു എന്നു കരുതാം.

ശിവനെ ശത്രുസംഹാരഭാവത്തില്‍ പ്രതിഷ്ഠിക്കാന്‍ കാരണം ശത്രുക്കളുടെ ഉന്മൂലനാശനമായിരിക്കണം. നരസിംഹത്തിന്‍റെ കോപമടക്കിയ ഭാവമാണ് "സരഭന്‍'. റോഡുനിരപ്പില്‍നിന്നും ഒന്നര മീറ്ററോളം താഴ്ചയിലാണ് ക്ഷേത്രം. ക്ഷേത്രക്കുളത്തിന് കുലച്ച വില്ലിന്‍റെ ആകൃതി. "വില്ലുകുളം.' ക്ഷേത്രത്തില്‍ ഒരു പ്രത്യേക പൂജയുണ്ട്.

മാധവിപ്പിള്ള പൂജ (ഉഷപ്പൂജ). സാമൂതിരിയുടെ ഭാഗിനേയി മാധവിത്തന്പുരാട്ടിയുടെ തലയില്‍ വ്രണം വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നും മാറിയപ്പോള്‍ സാമൂതിരി ഏര്‍പ്പെടുത്തിയതാണ് അഭിഷേകം കഴിഞ്ഞാല്‍ നടത്തുന്ന ഈ പൂജയെന്നുമാണ് പഴമ.

ഇതിന് 336 പറ നിലവും ഏഴര മുറി പുരയിടവും ക്ഷേത്രത്തിനു നല്‍കിയിരുന്നു. കൊല്ലവര്‍ഷം 929-ല്‍ തിരുവിതാംകൂര്‍, വടക്കുംകൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ മാധവിപ്പിള്ള മഠവും ശത്രുവായ സാമൂതിരി ഈ ക്ഷേത്രത്തിനു നല്കിയ സ്ഥലവും നശിപ്പിച്ചു.

ഇതിന്‍റെ പ്രായശ്ഛിത്തച്ചാര്‍ത്തനുസരിച്ച് നടയ്ക്കല്‍വെച്ചതാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന. രണ്ടടി പൊക്കം വരുന്ന പ്ളാവിന്‍റെ കാതല്‍ കൊണ്ടു നിര്‍മ്മിച്ച ഏഴ് ആനകള്‍. ഓരോ ആനയും ഓരോ തുലാം സ്വര്‍ണ്ണംകൊണ്ടും ഒരടിപ്പൊക്കത്തിലുള്ള അരയാന അര തുലാം സ്വര്‍ണ്ണംകൊണ്ടും പൊതിഞ്ഞതാണ്.

കൂടാതെ 96.5 കഴഞ്ച് സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച പഴുക്കാക്കുലയും ഏഴു കഴഞ്ച് കൊണ്ടുണ്ടാക്കിയ തോട്ടിയും വളരും. 934 ഇടവം 12 വെള്ളിയാഴ്ചയാണ് നടയ്ക്കല്‍ വെച്ചത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് പ്രായശ്ഛിത്തം കഴിക്കാന്‍ ചാര്‍ത്ത് അനുസരിച്ചു നേര്‍ന്നതെങ്കിലും അദ്ദേഹം മരിച്ചതിനാല്‍ കാര്‍ത്തിക തിരുനാളാണ് നേര്‍ച്ച നടയ്ക്കല്‍ വെച്ചത്.


ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് ഏഴരപ്പൊന്നായെ തണ്ടിലേറ്റി എഴുന്നള്ളിക്കും.ഇതുകൂടാതെ മാണിക്കം ദേശത്ത് 168 പറ നിലവും 23.5 മുറി പുരയിടവും ഒരു മാവും ക്ഷേത്രത്തിന് ദാനമായും തിരുവിതാംകൂര്‍ നല്കിയിരുന്നു. ചണ്ഡലഭാസ്കരന്‍ എന്ന പാണ്ഡ്യരാജാവ് ഒരു പരദേശബ്രാഹ്മണനെ വധിച്ച പാപം തീരാന്‍ ക്ഷേത്രത്തില്‍ 36 ബ്രാഹ്മണര്‍ക്കു നമസ്കാരം ഏര്‍പ്പെടുത്തിയിരുന്നായും ഒരു ഐതിഹ്യമുണ്ട്.

ക്ഷേത്രത്തില്‍ രണ്ടു വൃഷഭമുണ്ട്. ഇതില്‍ ഒന്ന് ഏറ്റുമാനൂരപ്പനെ ഭജിച്ച് വയറുവേദന മാറിയ ചെന്പകശ്ശേരി രാജാവ് കൊല്ലവര്‍ഷം എട്ടാംനൂറ്റാണ്ടില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതാണെന്നു കരുതുന്നു. ഇതിനകത്തുള്ള നെല്ലെടുത്ത് "ഉദരത്തില്‍ ചെന്നെല്ല് വിത്ത്' ഭക്ഷിച്ചാല്‍ ഉദരവ്യാധി മാറുമെന്ന് വിശ്വാസമുണ്ട്.

സാമൂതിരിയുടെ ഭാഗിനേയി മാധവിപ്പിള്ളയും ചെന്പകശ്ശേരിയും അസുഖം മാറി വഴിപാടുകള്‍ നേര്‍ന്ന ക്ഷേത്രം അക്കാലത്ത് അസുഖങ്ങള്‍ മാറാന്‍ പ്രസിദ്ധിപെറ്റതായിരിക്കണം. ക്ഷേത്രത്തില്‍ വലംപിരിശംഖുമുണ്ട്.

ക്ഷേത്രനിര്‍മ്മാണം കൊല്ലവര്‍ഷം 717 കുംഭം 21-ന് തുടങ്ങി 720 മീനം 20-ന് ദ്രവ്യകലശം നടത്തിയെന്ന് ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗത്തെ ഭിത്തിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ചിദംബരത്തുനിന്നായിരിക്കാം ലിംഗം കൊണ്ടുവന്നത്.

ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനു പടിഞ്ഞാറുഭാഗത്തുള്ള വലിയ വിളക്കും പ്രസിദ്ധമാണ്. ഈ വിളക്കിലെ എണ്ണമഷികൊണ്ടു കണ്ണെഴുതിയാല്‍ നേത്രരോഗം മാറുമെന്ന് പഴമ. ഒരു നീലകണ്ഠനാചാരി നടയ്ക്കല്‍ വെച്ച കരിങ്കല്‍ നാദസ്വരവും ക്ഷേത്രത്തിലെ തെക്കെ ഭിത്തിയിലെ അഘോരമൂര്‍ത്തിയുടെയും വടക്കെ ഭിത്തിയിലെ അനന്തശയനത്തിന്‍റെയും ചിത്രങ്ങള്‍ പ്രസിദ്ധിപെറ്റതാണ്.

ഈ ക്ഷേത്ര ഊരാളന്മാരായ നന്പൂതിരിമാര്‍ തമ്മില്‍ മത്സരം മൂത്തതിനെത്തുടര്‍ന്ന് കാര്യസ്ഥനായ മൂത്തത് ക്ഷേത്രഭരണം ചെങ്ങന്നൂര്‍ പൊന്നുരുട്ടി പിന്തരോട്ട പണ്ടാരത്തിലേക്ക് ഒഴിഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം ചെങ്ങന്നൂരിലെ എട്ട് ഇല്ലക്കാരെ ഊരാളന്മാരാക്കി എന്നും പറയുന്നുണ്ട്.

929-ല്‍ തിരുവിതാംകൂറിനു നല്കി. പിടിച്ചെടുത്തു എന്നും ഒഴിഞ്ഞുകൊടുത്തു എന്നും അഭിപ്രായങ്ങള്‍. അക്കൊല്ലമായിരുന്നു വടക്കുംകൂറിനെതിരെ യുദ്ധം. കൊല്ലവര്‍ഷം 987 മുതല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ കീഴിലാണ് ക്ഷേത്രം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍.


വെബ്ദുനിയ വായിക്കുക