ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

WDWD
കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാന്നൂരിലെ മഹാദേവ ക്ഷേത്രം. കോട്ടയത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഏറ്റുമാന്നൂരിലെ ഏഴര പൊന്നാന പ്രസിദ്ധമാണ്. അതേപോലെ കുംഭത്തിലും ശിവരാത്രി നാളിലും നടക്കുന്ന ഉത്സവ ആഘോഷങ്ങളും പ്രസിദ്ധമാണ്. ഗ്രാമ ക്ഷേത്രമായിരുന്നു ഇത്. പ്രധാന മൂര്‍ത്തി ശിവനാണ്. വലിയ ശിവലിംഗമാണ് പ്രതിഷ്ഠ. വട്ട ശ്രീകോവിലില്‍ പടിഞ്ഞാറോട്ടാണ് ദര്‍ശനം.

സംഹാരഭാവത്തിലുള്ള സരഭേശ മൂര്‍ത്തിയായാണ് മഹേശ്വരന്‍ ഇവിടെ വിരാജിക്കുന്നത്. ശ്രീകോവിലിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ഗണപതി. ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഭഗവതി, യക്ഷി, വടക്ക് പടിഞ്ഞാറെ മൂലയില്‍ കീഴ്‌തൃക്കോവില്‍ എന്നിങ്ങനെയാണ് ഉപദേവതാ പ്രതിഷ്ഠകള്‍.

ക്ഷേത്രത്തിലെ കിഴക്കേ നട തുറക്കാറില്ല. അവിടെ പാര്‍വതിയുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം.

കുംഭത്തിലെ തിരുവാതിരയ്ക്ക് ആറാട്ട് നടക്കുന്നവിധം ഉള്ള പത്ത് ദിവസത്തെ ഉത്സവമാണ് ഇവിടത്തെ ഏറ്റവും പ്രധാന ആഘോഷം. എട്ടാം ദിവസമായ രോഹിണി നാളില്‍ ഏഴര പൊന്നാനകളെ എഴുന്നള്ളിക്കാറുണ്ട്.


WDWD
ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം വളരെ പ്രസിദ്ധമാണ്. 1888 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്താണ് ഇത് പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കുറിച്ചും ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.

ഖരാസുരന് പരമശിവന്‍ നല്‍കിയ മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഏറ്റുമാന്നൂരില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം (മറ്റ് രണ്ടെണ്ണം വൈക്കത്തും കടുത്തുരുത്തിയിലും). ബലിക്കല്‍ പുരയ്ക്ക് മുമ്പില്‍ വാടാവിളക്കുണ്ട്. നാലമ്പലത്തിലെ നമസ്കാര മണ്ഡപം വളരെ വലുതാണ്. അത് ചെമ്പ് തകിടുകൊണ്ട് മേഞ്ഞിരിക്കുന്നു. ഒട്ടേറേ കൊത്തുപണികളും കാണാം.

അവിടെക്കാണുന്ന നന്ദികേശ്വരന്‍റെ വിഗ്രഹം അസുഖം മാറാന്‍ ചെമ്പകശേരി രാജാവ് സമര്‍പ്പിച്ചതാണ്. കരിങ്കല്ലിലാണ് വൃത്താകൃതിയിലുള്ള ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രതിഷ്ഠാ വിഗ്രഹത്തിന് തൊട്ടടുത്ത് രണ്ട് യാത്രാബിംബങ്ങളുണ്ട്. ഒന്ന് സ്വര്‍ണ്ണം കൊണ്ടും മറ്റേത് പഞ്ചലോഹം കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചലോഹ തിടമ്പ് നിത്യശീവേലിക്കുള്ളതാണ്. തന്ത്രി ബലികര്‍മ്മം ചെയ്യുമ്പോള്‍ മാത്രമാണ് സ്വര്‍ണ്ണ വിഗ്രഹം എഴുന്നള്ളിക്കുക.
WDWD


ക്ഷേത്രത്തില്‍ സ്വര്‍ണ്ണ താഴികക്കുടങ്ങളും കാണാം. ക്ഷേത്ര ചുവരില്‍ ശ്രദ്ധേയമായ ചുമര്‍ ചിത്രങ്ങളുണ്ട്. മഹേശ്വരന്‍റെ നടന വൈഭവം വിളിച്ചോതുന്ന പ്രദോഷ നൃത്ത ആലേഖനമാണ് അതില്‍ പ്രസിദ്ധം. അപസ്മാര രോഗികള്‍ ക്ഷേത്രത്തിലെ നെയ്യും പഞ്ചഗവ്യവും സേവിച്ച് ഭജനമിരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

പതിവില്‍ നിന്ന് വിപരീതമായി ഏറ്റുമാന്നൂര്‍ ക്ഷേത്രം പടിഞ്ഞാറുഭാഗത്തുള്ള റോഡില്‍ നിന്ന് രണ്ട് മീറ്ററോളം താഴ്ചയിലാണ്. മറ്റൊരു പ്രത്യേകത ക്ഷേത്ര കുളത്തിന് കുലച്ച വില്ലിന്‍റെ ആകൃതിയാണുള്ളത്.


WDWD
വില്ലുകുളം ക്ഷേത്രത്തില്‍ മാധവി പിള്ള പൂജ എന്നൊരു പ്രത്യേക ഉഷ:പൂജയുണ്ട്. കോഴിക്കോട് സാമൂതിരിയുടെ അനന്തിരവള്‍ മാധവി തമ്പുരാട്ടിയുടെ തലയിലെ വ്രണം മാറിയതിന് സാമൂതിരി ഏര്‍പ്പെടുത്തിയതാണ് അഭിഷേകം കഴിഞ്ഞാലുള്ള ഈ പ്രത്യേക പൂജ. സാമൂതിരി ഇതിനുവേണ്ടി നിലവും പുരയിടവും ക്ഷേത്രത്തിനു നല്‍കിയിരുന്നു.

കൊല്ലവര്‍ഷം 929 ല്‍ തിരുവിതാം‌കൂര്‍ ക്ഷേത്രം നില്‍ക്കുന്ന വടക്കും‌കൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ മാധവി പിള്ള മഠവും സാമൂതിരി നല്‍കിയ സ്ഥലവും നശിപ്പിച്ചു. ഇതിന്‍റെ പ്രായശ്ചിത്തമായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ നടയ്ക്ക് വച്ചതാണ് ഏഴരപൊന്നാന. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടേതായിരുന്നു പ്രായശ്ചിത്ത നേര്‍ച്ചയെങ്കിലും കാര്‍ത്തിക തിരുനാളാണ് ആനകളെ നടയ്ക്ക് വച്ചത്.

രണ്ടടി പൊക്കം വരുന്ന പ്ലാവിന്‍റെ തടിയില്‍ തീര്‍ത്ത ഏഴാനകളും ഓരോ തുലാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഒരടി പൊക്കമുള്ള പ്ലാവിന്‍ തടിയിലുണ്ടാക്കിയ അര ആനയെ അരതുലാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചെങ്ങന്നൂരിലെ എട്ട് ഇല്ലക്കാരാണ് ക്ഷേത്രത്തിന്‍റെ ഊരാഴ്മക്കാര്‍. അവര്‍ പങ്കുവച്ച് എടുക്കാതിരിക്കാനാവാം ഏഴര പൊന്നാനകളാക്കിയതെന്ന് കരുതുന്നത്.
WDWD


കൊല്ലവര്‍ഷം 717 കുംഭം 21 ന്‍് തുടങ്ങി 720 മീനം 20 ന് ദ്രവ്യ കലശം നടത്തി എന്ന് ക്ഷേത്രത്തിനു മുകള്‍ ഭാഗത്തെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. ഈ സമയത്ത് തമിഴ്നാട്ടിലെ ചിദംബരത്തു നിന്നാണ് ലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നാണ് അനുമാനിക്കുന്നത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനു പടിഞ്ഞാറുള്ള വലിയവിളക്കിലെ എണ്ണമഷി കോണ്ട് കണ്ണെഴുതിയാല്‍ കണ്ണുരോഗങ്ങള്‍ മാറുമെന്ന് വിശ്വാസമുണ്ട്.

ക്ഷേത്രനടയ്ക്കല്‍ കാണുന്ന കരിങ്കല്‍ നാദസ്വരം നീലകണ്ഠന്‍ ആശാരി നടയ്ക്കല്‍ വച്ചതാണ്. ആകെ 14 സ്വര്‍ണ്ണ താഴികക്കുടങ്ങളുണ്ട്. ഈ ക്ഷേത്രം പണ്ടുമുതലെ രോഗങ്ങള്‍ മാറാന്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥിക്കാനും പ്രസിദ്ധമായിരുന്നു എന്ന് കരുതണം.


WDWD
മഹാശിവരാത്രിനാളില്‍ ക്ഷേത്രത്തില്‍ 18 പൂജകള്‍ നടക്കും. നിത്യവും അഞ്ച് പൂജകളാണുള്ളത്. ചതയം നാളില്‍ കൊടിയേറി കുംഭത്തിലെ തിരുവാതിരയ്ക്ക് ആറാട്ടായി നടത്തുന്ന ഉത്സവത്തില്‍ രോഹിണി നാളിലെ എട്ടാം ഉത്സവമാണ് പ്രധാനം.

അന്ന് പാതിരായ്ക്ക് ആസ്ഥാന മണ്ഡപത്തില്‍ സാന്നിദ്ധ്യമരുളി ഏറ്റുമാന്നൂരപ്പന്‍ എഴുന്നള്ളി ഏവരേയും അനുഗ്രഹിക്കും എന്നാണ് സങ്കല്‍പ്പം. ആസ്ഥാനമണ്ഡപ ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ അവിടെ കാണിക്കയര്‍പ്പിക്കുന്നു. ഇതിനെ വലിയ കാണിക്ക എന്നാണ് പറയുക. ഈ സമയമാണ് ഏഴര പൊന്നാനയെ തണ്ടിലേറ്റി കൊണ്ടുവന്ന് ഭഗവാനെ എതിരേല്‍ക്കുക.

എട്ടുമനയൂര്‍ എന്ന പേരില്‍ നിന്നാണ് ഏറ്റുമാന്നൂര്‍ എന്ന പേരു വന്നത് എന്നാണൊരു വിശ്വാസം. ഖരാസുരന്‍ വൈക്കത്തും കടുത്തുരുത്തിയിലും പ്രതിഷ്ഠ നടത്തി തൃപ്തിവരാതെ ഒരു മാനായി തപസ്സു ചെയ്തു. അന്നുമുതല്‍ ഈ ക്ഷേത്രത്തിന് ഏറ്റിയ മാന്‍ പുരം എന്നും കാലക്രമത്തില്‍ ഇത് ഏറ്റുമാന്നൂരായി എന്നുമാണ് മറ്റൊരു വിശ്വാസം.

നമസ്കാര മണ്ഡപത്തില്‍ ഭഗവാന് അഭിമുഖമായുള്ള വെള്ളോടുകൊണ്ടുള്ള ഋഷഭം, ഇതിന്‍റെ ഉദരത്തിനകത്തു നിന്നുള്ള നെന്‍‌മണി ഭക്ഷിച്ചാല്‍ വയറു രോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.
WDWD


108 ശിവാലയങ്ങളില്‍ ഉള്‍പ്പെടുന്നതു കൊണ്ട് പരശുരാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും മറ്റൊരു വിശ്വാസമുണ്ട്. ക്ഷേത്രത്തിലെ തെക്കെ ചുവരിലെ അഘോരമൂര്‍ത്തിയും വടക്കേ ചുവരിലെ അനന്തമൂര്‍ത്തിയും വളരെ പ്രസിദ്ധങ്ങളായ ചിത്രങ്ങളാണ്. ശ്രീകോവിലിന്‍റെ ഭിത്തി നിറയെ ദാരു ശില്‍പ്പങ്ങള്‍ കൊണ്ട് കമനീയമാക്കിയിരിക്കുന്നു.