ഇന്ത്യയിലെ ആത്മീയ ആചാര്യന്മാരില്‍ പ്രമുഖനാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി. തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്ന് തുടങ്ങി സ്വതന്ത്രമായ തത്വചിന്താ പദ്ധതികളുമായി നീങ്ങിയ അദ്ദേഹം ഒരു കാലത്ത് ബുദ്ധന്‍റെ രണ്ടാം അവതാരമാണ് കൃഷ്ണമൂര്‍ത്തി എന്നു വരെ ലോകം വിശ്വസിച്ചിരുന്നു.
ഗുരുവും ശിഷ്യനും ആത്മജ്ഞാന പാതയില്‍ ഒരുമിച്ച് സഞ്ചരിക്കുന്ന രണ്ട് സുഹൃത്തുക്കളാണെന്നാണ് ിദ്ദു കൃഷ്ണമൂര്‍ത്തി വിശ്വസിച്ചിരുന്നത്. ആത്മീയ അന്വേഷണത്തിന് ഗുരുവിന്‍റെ ആവശ്യമില്ലെന്നും അത് ദൈവവിരുദ്ധമാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. ബുദ്ധന്‍റെ പിന്‍ഗാമിയായി അറിയപ്പെടാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
ഭൂതകാലത്തില്‍ നിന്നും സമയത്തില്‍ നിന്നും വേര്‍പെടുത്താനാവാത്ത അനുഭവങ്ങളില്‍ നിന്നും ലാകജ്ഞാനത്തില്‍ നിന്നുമാണ് ചിന്ത ജനിക്കുന്നത്. മനുഷ്യനും അവന്‍റെയുള്ളിലെ ചിന്തയും തമ്മിലുള്ള അകലം കുറയുന്നത് അവന്‍ അവയുടെ ചലനങ്ങള്‍ മനസിലാക്കുന്പോഴാണ്. അജ്ഞാത ചിന്തയുമായി ഏകോപിപ്പിച്ച് ജ്ഞാനത്തിന്‍റെ പാതയില്‍ അദ്ദേഹം ചരിക്കുന്നു.
1895 മേയ് 11ന് മദനപ്പള്ളിയിലാണ് കൃഷ്ണമൂര്‍ത്തി ജനിച്ചത്. മദ്രാസില്‍ നിന്നും 150 മൈലുകള്‍ അകലെയുള്ള ഒരു കുന്നിന്‍ മുകളിലെ ചെറിയ പട്ടണമായിരുന്നു മദനപ്പള്ളി.
തെലുങ്ക് - ബ്രാഹ്മണരായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. ബ്രിട്ടീഷ് ഭരണത്തിലെ റവന്യൂ വകുപ്പിലെ ഓഫീസറും കളക്ടറും, മജിസ്ട്രേറ്റുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛന്‍ ജിദ്ദു നാരായണ്യ.
കൃഷ്ണമൂര്‍ത്തിയുടെ പത്താം വയസ്സില്‍ അമ്മ ജിദ്ദു സഞ്ജീവമ്മ മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ 1881ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ ചേര്‍ന്നു. 1909 ല്‍ കൃഷ്ണമൂര്‍ത്തിയും അച്ഛന്‍റൈയൊപ്പം അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റി ഹെഡ്കോര്‍ട്ടേഴ്സില്‍ താമസമാക്കി.
ചെറിയ കുട്ടിയായിരുന്ന കൃഷ്ണമൂര്‍ത്തിയുടെ കഴിവിനെ സി.ഡബ്ള്യു. ലെഡ്ബീറ്റര്‍ കണ്ടെത്തിയത് അവിടെ വച്ചാണ്. ലോകമൊട്ടുക്ക് വ്യാപിച്ചു കിടക്കുന്ന തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖ്യപ്രവര്‍ത്തകനായി അദ്ദേഹത്തെ വളര്‍ത്തിയെടുത്തത് ആനിബസന്‍റും ലെഡ്ബീറ്ററും ചേര്‍ന്നാണ്.
തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ജിദ്ദു കൃഷ്ണമൂര്‍ത്തി വിദ്യാഭ്യാസത്തിനും സമയം കണ്ടെത്തി. ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹംഇംഗ്ളണ്ടിലേക്ക് പോയി. പഠനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ആത്മീയകാര്യങ്ങളിലേക്ക് തിരിഞ്ഞു.
സ്റ്റാര്‍ ഓഫ് ദി ഈസ്റ്റ് എന്ന വിഭാഗത്തിന്‍റെ മേധാവിയായി. തിയോസഫിക്കല്‍ സൊസൈറ്റിയുടെ അടുത്ത ലോകനേതാവായി അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ അതിന് താന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തീര്‍ത്തും വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ വിശ്വാസപ്രമാണങ്ങളെ മുഴുവന്‍ തകര്‍ക്കുന്നതായിരുന്നു സഹോദരന്‍റെ മരണവാര്‍ത്ത. ദൈവീകമായ വിധിയില്‍ അദ്ദേഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു.
തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്നും അദ്ദേഹം പിന്മാറി. 1929-ലായിരുന്നു അത്. നടപ്പാതയില്ലാത്ത ഭൂമിയാണ് സത്യം എന്ന രീതിയിലദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തി. സൊസൈറ്റിയുടെ ദൈവീക ദര്‍ശനത്തിന് എതിരായിരുന്നു അദ്ദേഹത്തിന്‍റേത്
തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്നും പിരിഞ്ഞ് സ്വതന്ത്രനായി സഞ്ചരിച്ചും ചിന്തിച്ചും അദ്ദേഹം ജീവിതം നയിച്ചു. ആത്മീയ പ്രഭാഷണങ്ങളും പൊതുജനങ്ങളുമായി ഇടപഴകിയും സത്യത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ദുഖം , സ്വാതന്ത്ര്യം എന്നിവയുടെ സത്യത്തെ കുറിച്ചും സ്വന്തം ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.
1986 ഫെബ്രുവരി 17ന് കാലിഫോര്‍ണിയയില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി അന്തരിച്ചു.