ലോസാഞ്ചലസ്: തനിക്ക് ലഭിച്ച ഓസ്‌കര്‍ അംഗീകാരം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് സ്ലംഡോഗ് മില്യണയറിലൂടെ മലയാളത്തിന്‍റെ അഭിമാനമായ റസുല്‍ പൂക്കുട്ടി. ഇത് വെറും അവാര്‍ഡല്ല. ചരിത്രമാണ് - പൂക്കുട്ടി പറഞ്ഞു.
ഈ അവാര്‍ഡ് ലഭിച്ചതിലൂടെ ഞാനും ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് ചെയ്തത്. ഓസ്കര്‍ ലഭിക്കുക എന്നത് അവിശ്വസനീയമാണ്. എല്ലാ ശബ്ദങ്ങളെയും ഉള്‍ക്കൊള്ളുന്ന ‘ഓം’കാരമെന്ന വലിയൊരു ശബ്‌ദം ഈ ലോകത്തിന് സംഭാവന ചെയ്ത രാജ്യത്തുനിന്നാണ് താന്‍ വരുന്നത് - സ്ലംഡോഗിലെ ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വികാരാധീനനായി റസുല്‍ പറഞ്ഞു.
കൊല്ലം അഞ്ചല്‍ വിളക്കുപാറ പഴയ തെരുവില്‍ വീട്ടില്‍ പരേതനായ പി ടി പൂക്കുട്ടിയുടെയും എ നബീസ ബീവിയുടെയും മകനാണ് റസൂല്‍ പൂക്കുട്ടി. ഭാര്യ - ബബിന്‍ ശാദിയ. മകന്‍ - റയാന്‍ പൂക്കുട്ടി. ഒരു വയസുള്ള ഒരു മകളുണ്ട്.
ബോളിവുഡില്‍ വളരെ കുറച്ചു സിനിമകളിലൂടെ തന്നെ തന്‍റെ പ്രാഗത്ഭ്യം തെളിയിച്ച റസുല്‍ പൂക്കുട്ടി സ്ലംഡോഗ് മില്യണയറിലൂടെ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.