സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യാക്കാരന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 26.7 വയസ്സ് മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 60 വയസിലെത്തി നില്‍ക്കുന്നു. ഇത് ആരോഗ്യമേഖലയില്‍ രാജ്യം നേടിയ പുരോഗതിയുടെ അളവുകോലായി കണക്കാക്കാമെങ്കിലും രാജ്യത്തെ രോഗബാധിതരുടെ എണ്ണവും ആവശ്യമായ ഡോക്ടര്‍മാരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ നാം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വികസിത രാജ്യങ്ങളില്‍ ‘40000 ജനങ്ങള്‍ക്ക് ഒരു ഡോക്ടര്‍’ എന്ന നിലയില്‍ സേവനം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് നാലു ലക്‍ഷം പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണെന്ന് അറിയുമ്പോഴേ ഈ രംഗത്ത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുളള യഥാര്‍ത്ഥ ചിത്രം വ്യക്തമാവൂ.
ഓരോ വര്‍ഷവും ലക്‍ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും ഇവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കോഴ്സിന് പ്രവേശനം ലഭിക്കാറുള്ളു. ഇവിടെയാണ് വിദ്യാര്‍ത്ഥികളുടെ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള പരിശീലന പരിപാടി(സ്കില്‍സ് ബേസ്ഡ് ഗ്രാജുവേറ്റ് ട്രെയിനിംഗ് പ്രോഗ്രാം)യുടെ പ്രസക്തി.
ആരോഗ്യമേഖലയിലെ സങ്കേതിക മുന്നേറ്റത്തിന്‍റെ ഫലമായി ഇന്ന് ഏത് അതിസങ്കീര്‍ണ ശസ്ത്രക്രിയയും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് അനായാസം നിര്‍വഹിക്കാനാവും. എന്നാല്‍ അത്യന്താധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ശസ്ത്രക്രിയകള്‍ക്ക് സാങ്കേതിക രംഗത്തെ ഒരുപാട് വിദഗ്ധരുടെ സേവനം ഒരേസമയം ആവശ്യമാണ്. ഇവിടെയാണ് പാരാ മെഡിക്കല്‍ പ്രഫഷണലുകളുടെ പ്രസക്തി. ഡോക്ടര്‍മാര്‍ക്ക് പകരക്കാരല്ലെങ്കിലും ഡോക്ടര്‍മാരുടെ ജോലി അനായാസവും ലളിതവും ആക്കുക വഴി ഇവര്‍ ചെയ്യുന്നതും ഡോക്ടര്‍മാരുടേതിന് തുല്യമായ സേവനമാണ്.
PRO
ശസ്ത്രക്രിയ സമയത്ത് കഴിവുറ്റ പാരാ മെഡിക്കല്‍ പ്രഫഷണലുകളുടേ സേവനം ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളവും ഒരു അനുഗ്രഹം കൂടിയാണ്. കാരണം ഒരു പ്രധാന ശസ്ത്രക്രിയ നടക്കുമ്പോള്‍ ഡോക്ടര്‍ക്ക് പലകാര്യങ്ങളും ഒരേസമയം ശ്രദ്ധിക്കേണ്ടി വരും. ചെറിയൊരു അനാസ്ഥപോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ കഴിവുറ്റ പാരാ മെഡിക്കല്‍ പ്രഫഷണലുകളുടെ സേവനം സമ്മര്‍ദ്ദവും ജോലിഭാരവും കുറയ്ക്കുന്നതിനും ശസ്ത്രക്രിയയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും ഡോക്ടര്‍മാരെ സഹായിക്കുന്നു.
ഈ സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്ക് മുന്നില്‍ വലിയൊരു തൊഴില്‍സാധ്യത തുറന്നിട്ടുകൊണ്ട് ചെന്നൈ മിയോട്ട് ഹോസ്പിറ്റല്‍ നടത്തുന്ന പാരാമെഡിക്കല്‍ കോഴ്സുകളുടെ പ്രാധാന്യം. പ്രധാനമായും മൂന്നു വര്‍ഷ കോഴ്സുകളാണ് ഈ മേഖലയില്‍ ഉള്ളത്. മനുഷ്യ ശരീരത്തിന്‍റെ അനാട്ടമിയും ഫിസിയോളജി, കോശങ്ങളിലെയും അവയവങ്ങളിലെയും പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമായിരിക്കും പ്രധാനമായും രാവിലെയുള്ള ക്ലാസുകളിലെ പഠനവിഷയം.
ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. മൂന്നു വര്‍ഷ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്നാട്ടിലെ എം ജി ആര്‍ സര്‍വകലാശാല നല്‍കുന്ന ബി എസ് സി ഡിഗ്രി(അലൈഡ് ഹെല്‍ത്ത് സയന്‍സ്) ലഭിക്കും.
അടുത്ത പേജില്‍: തൊഴില്‍സാധ്യതയുള്ള ഇത്തരം ചില കോഴ്സുകള്‍
ബി എസ് സി ആക്സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ടെക്നോളജി
അപകടമരണ നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ ബി എസ് സി ആക്സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ടെക്നോളജി കോഴ്സിന് ഏറെ പ്രാധാന്യമുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കുന്നതിനു പുറമെ ഹൃദയ, നാഡീ സംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും രോഗിയെ അതീജീവനത്തിന് സഹായിക്കുകയും ചെയ്യാന്‍ ഉതകുന്ന പരിശീലനമാണ് ഈ കോഴ്സില്‍ പ്രധാനമായും നല്‍കുന്നത്.
ബി എസ് സി കാര്‍ഡിയാക് പള്‍മനറി കെയര്‍ ടെക്നോളജി
ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗമുള്ളവരുടെ ചിക്തിത്സയ്ക്കും രോഗനിര്‍ണയത്തിനും അതിജീവനത്തിനുമെല്ലാം ഉപകരിക്കുന്ന കോഴ്സുകളിലൊന്നാണിത്. ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയും ഇവയുടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികതയെക്കുറിച്ചും രോഗികള്‍ അനുവര്‍ത്തിക്കേണ്ട ജീവിതരീതിയെക്കുറിച്ചുമെല്ലാം ഈ കോഴ്സില്‍ വിശദമായി പഠിപ്പിക്കുന്നു.
ബി എസ് സി ക്രിട്ടിക്കല്‍ കെയര്‍ ടെക്നോളജി
സാധാരണയായി പഠിപ്പിക്കുന്ന അനാട്ടമി, ഫിസിയോളജി, പാത്തോളജി, മെഡിസിന്‍, ശസ്ത്രക്രിയ എന്നിവയെക്കുറിച്ചുളള അറിവ് രോഗത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെപ്പറ്റി അറിയാനും പെട്ടെന്നുണ്ടാവുന്ന രോഗലക്ഷണങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മനസ്സിലാക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഹൃദയം, കിഡിനി, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലാവുമ്പോഴൊ പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ വരുമ്പോഴോ ഇത്തരം രോഗികള്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ ഈ കോഴ്സിലൂടെയുളള പരിശീലനം വഴി കഴിയുന്നു.
ബി എസ് സി ഓപ്പറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്തീഷ്യ ടെക്നോളജി
പ്രധാന അനസ്തേഷ്യോളജിസ്റ്റിനെ സഹായിക്കുക എന്ന ലക്‍ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പുറമെ ശസ്ത്രക്രിയയ്ക്ക് മുമ്പും പിമ്പുമുള്ള ഓപ്പറേഷന്‍ തിയറ്ററിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും അനസ്തീഷ്യ, രോഗികളുടെ പരിചരണം, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അണുവിമുക്തമാക്കല്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള പൂര്‍ണ അറിവ് നല്‍കുന്നു. അനസ്തീഷ്യ നല്‍കാനും അനസ്തീഷ്യ ഉപകരണം കൈകാര്യം ചെയ്യാനും അടിയന്തിര ഘട്ടങ്ങളില്‍ എങ്ങനെ അനസ്തീഷ്യ നല്‍കണമെന്നതിനെക്കുറിച്ചുമെല്ലാം ഉള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഈ കോഴ്സിലൂടെ ലഭ്യമാവുന്നു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജിസ്റ്റ്, അനസ്തീഷ്യ അസിസ്റ്റന്‍റ് എന്നീ ജോലികള്‍ക്ക് യോഗ്യരായിരിക്കും.
ബി എസ് സി ഫിസിഷ്യന്‍ അസിസ്റ്റന്‍റ്
ആരോഗ്യ സംബന്ധമായ മേഖലകളില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക കോഴ്സാണിത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്. സോഷ്യല്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ് അപ്ലിക്കേഷന്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളാണ് കോഴ്സില്‍ പഠിപ്പിക്കുന്നത്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ജനിതക വ്യത്യാസം കൊണ്ടു വരുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങളുടെ നിയമവശം, മാനേജ്‌മെന്‍റ്, മാനസികാരോഗ്യം എന്നിവയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സിലൂടെ അറിവ് നല്‍കുന്നു. ബയോമെഡിക്കല്‍ രംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ലാബോറട്ടറി സൌകര്യവും ലഭ്യമാണ്. രണ്ട് സെമസ്റ്റര്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നത്.
ബി എസ് സി റേഡിയോളജി ഇമേജിംഗ് ടെക്നോളജി
അനാട്ടമി, ഫിസിയോളജി, പാത്തോളജി, മൈക്രോബയോളജി, സര്‍ജറി എന്നിവയെക്കുറിച്ചുളള പഠനം രോഗത്തിന്‍റെ പൊതു പ്രകൃതം മനസ്സിലാക്കുന്നതിന് വിദ്യാര്‍ത്ഥിയെ പ്രാപ്തരാക്കുമ്പോള്‍ റേഡിയോളജിയിലുള്ള വൈദ്ഗ്ധ്യം രോഗത്തിന്‍റെ ആരംഭത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമെല്ലാം സി ടി, എം ആര്‍ ഐ സ്കാന്‍ എന്നിവയിലൂടെ മനസ്സിലാക്കുന്നതിന് വിദ്യാര്‍ത്ഥിയെ സഹായിക്കുന്നു.
തൊഴില്‍സാധ്യത
വിദഗ്ധരായ പാര മെഡിക്കല്‍ പ്രഫഷണലുകളുടെ അഭാവം ഇന്ന് രാജ്യത്തുണ്ട്. ഓരോ ദിവസവും ശസ്ത്രക്രിയയ്ക്കും രോഗനിര്‍ണയത്തിനുമായി പുതിയ ഉപകരണങ്ങള്‍ രംഗത്ത് വരുമ്പോള്‍ അതിസങ്കീര്‍ണമായ ഈ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധരായ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരെല്ലാം ഐ ടി രംഗം മാത്രം ലക്‍ഷ്യമിടുമ്പോള്‍ മറ്റ് മേഖലകളില്‍ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. ഇതിന് ഒരളവുവരെ പരിഹാരമാകാനും പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്ക് കഴിയും.