തിരുവോണത്തിന് മോഹന്‍ലാലിന്‍റെ ‘വിസ്മയം’ ഏഷ്യാനെറ്റില്‍ ?

ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:42 IST)
വന്‍ തുക മുടക്കി മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘വിസ്മയം’ ഏഷ്യാനെറ്റ് വാങ്ങി എന്നത് സത്യമാണ്. എന്നാല്‍ ചിത്രം ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുമോ? ഉണ്ടെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
 
ഏഷ്യാനെറ്റിന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് ആയി വിസ്മയം തിരുവോണദിനത്തില്‍ സം‌പ്രേക്ഷണം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് അറിയിപ്പൊന്നും നല്‍കിയിട്ടില്ല. ഔദ്യോഗികമായി ഏഷ്യാനെറ്റ് അറിയിച്ചിരിക്കുന്ന പട്ടികയില്‍ വിസ്മയം ഉള്‍പ്പെടുന്നില്ല.
 
തെലുങ്ക് ഡബ്ബിംഗ് ചിത്രമായിട്ടും കേരളത്തില്‍ വന്‍ വിജയം നേടിയ സിനിമയാണ് വിസ്മയം. ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഈ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിസ്മയം ഏഷ്യാനെറ്റ് ഓണത്തിന് സം‌പ്രേക്ഷണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
 
എന്തായാലും ഇക്കാര്യത്തില്‍ ഒരു വ്യക്തത ലഭിക്കണമെങ്കില്‍ ഓണം വരെ കാത്തിരിക്കണം. അതേസമയം, മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ കസബ തിരുവോണദിനത്തില്‍ സൂര്യ ടി വി കാണിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക