ബോള്‍ട്ട് റെക്കോഡോടെ വീണ്ടും

ശനി, 23 ഓഗസ്റ്റ് 2008 (10:00 IST)
PROPRO
ലോകത്തിലെ ഏറ്റവും വേഗക്കാരന്‍ ഒരിക്കല്‍ കൂടി മികവിനൊത്ത് ഉയര്‍ന്നപ്പോള്‍ ജമൈക്കയ്‌ക്ക് വീണ്ടും സ്വര്‍ണ്ണം. ഉസൈന്‍ ബോള്‍ട്ടും അസാഫാ പവലും ഓടിയ ജമൈക്കന്‍ ടീം 4x100 മീറ്റര്‍ റിലേയില്‍ ലോക റെക്കോഡോടെ ആണ് സ്വര്‍ണ്ണമണിഞ്ഞത്. നേരത്തെ 100 മീറ്ററും 200 മീറ്ററും ലോക റെക്കോഡോടെ തന്നെ ബോള്‍ട്ട് മറികടന്നിരുന്നു.

ഉസൈന്‍ ബോള്‍ട്ടിനൊപ്പം നെസ്റ്റാ കാര്‍ട്ടര്‍, മൈക്കല്‍ ഫ്രാറ്റര്‍, അസാഫാ പവല്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ടീം 37.20 സെക്കന്‍ഡുകളിലാണ് പുതിയ ലോകറെക്കോഡ് ഇട്ടത്. അമേരിക്ക 1993 ല്‍ സ്ഥാപിച്ച റെക്കോഡ് 0.30 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ജമൈക്കന്‍ ടീം മറികടന്നത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ രണ്ടാം സ്ഥാനത്തെത്തി.

ഒന്നാം സ്ഥാനക്കാരുമായി 10 മീറ്റര്‍ വ്യത്യാസത്തിലാണ് ജമൈക്കയുടെ അയല്‍ക്കാര്‍ വെള്ളി നേടിയത്. 38.06 ആയിരുന്നു അവരുടെ സമയമെങ്കില്‍ 38.15 സമയത്തില്‍ ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കരുത്തരായ എതിരാളികളൊന്നും ഇല്ലാതിരുന്ന ജമൈക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുക ആയിരുന്നു.

ഏതന്‍സ് ഒളിമ്പിക്സിലെ മൂന്ന് സ്ഥാനക്കാര്‍ അമേരിക്ക, ബ്രിട്ടന്‍, നൈജീരിയ യോഗ്യത പോലും സമ്പാദിച്ചില്ല. യു എസിന്‍റെ പിഴവ് ആവര്‍ത്തിച്ച ജമൈക്കയുടെ വനിതാ റിലേ ടീം റഷ്യയ്ക്ക് മത്സരം സമ്മാനിച്ചു. 42.31 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയ റഷ്യന്‍ ടീം ബല്‍ജിയത്തെയാണ് പിന്നിലാക്കിയത്. നൈജീരിയ വെങ്കല നേട്ടത്തിന് അര്‍ഹയായി.

വെബ്ദുനിയ വായിക്കുക