കുത്തകയായ ഒളിമ്പിക്‍സ് റിലേ മത്സരത്തില്‍ ടീം കാട്ടിയ കനത്ത പിഴ അമേരിക്കന്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചെങ്കിലും ട്രാക്കിലെ വിജയങ്ങള്‍ സാന്ത്വനമായി. 400 മീറ്റര്‍ മത്സരത്തില്‍ എല്ലാ മെഡലുകളും അമേരിക്കന്‍ താരങ്ങള്‍ സ്വന്തമാക്കി. ലാഷോണ്‍ മെറിറ്റ് സ്വര്‍ണ്ണം നേടിയപ്പോള്‍ ജെറമി വാറിനെര്‍ വെള്ളിയും ഡേവിഡ് നെവില്‍ വെങ്കലവും നേടി.
നിലവിലെ ചാമ്പ്യനും നാട്ടുകാരനുമായ ജെറമിവാറിനെറെ പരാജയപ്പെടുത്തിയാണ് മെരിറ്റ് സ്വര്‍ണ്ണം കണ്ടെത്തിയത്. 43.75 സെക്കന്‍ഡ് ആയിരുന്നു സമയം. 44.74 സെക്കന്‍ഡുമായി ജറമി വാറിനെര്‍ വെള്ളി നേടി. വെങ്കല നേട്ടക്കാരന്‍ നെവില്‍ 44.80 സെക്കന്‍ഡുകള്‍ എടുത്ത് ആയിരുന്നു വെങ്കല മെഡലിലേക്ക് കുതിച്ചത്.
ലാഷോണ്‍ മെറിറ്റിനു പുറമെ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എയ്ഞ്ചലോ ടെയ്‌ലര്‍, വനിതകളുടെ 100 മീ.ഹര്‍ഡില്‍സില്‍ ഹാര്‍പ്പര്‍ ഡോണ്‍, ഡിസ്‌കസ് ത്രോയില്‍ സ്‌റ്റെഫാനി ബ്രൗണ്‍ എന്നിവരാണ് യു എസിനായി വ്യാഴാഴ്ച സ്വര്‍ണമെഡല്‍ നേടിയവര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സിലും അമേരിക്കന്‍ ആധിപത്യം തന്നെയായിരുന്നു.
എയ്‌ഞ്ചലോ ടെയ്‌ലര്‍ 47.25 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയതിനു പിന്നാലെ അമേരിക്കന്‍ താരം കെരണ്‍ ക്ലെമന്‍റ് 47.98 വെള്ളിയും ബെര്‍ഷ്വാന്‍ ജാക്‍സണ്‍ 48. 02 സെക്കന്‍ഡില്‍ വെങ്കലവും കണ്ടെത്തി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിജയം അമേരിക്കയുടെ ഹാര്‍പ്പര്‍ഡോണ് ഒപ്പമായിരുന്നു. 12.54 സെക്കന്‍ഡിലായിരുന്നു വിജയം.
ഓസ്ട്രേലിയയുടെ സാലി മക് ലല്ലന്‍ 12.64 സെക്കന്‍ഡില്‍ വെള്ളിയും കാനഡയുടെ ലോപസ്‌ലിയെപ് 12.64 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.