ഒളിമ്പിക്സ്: ഒരു തിരിഞ്ഞു നോട്ടം

തിങ്കള്‍, 25 ഓഗസ്റ്റ് 2008 (18:42 IST)
PROPRO
ലോകതാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ലോകത്തെ ഒന്നാകെ അഞ്ച് വളയത്തിനു കീഴില്‍ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്ത കായിക മാമാങ്കത്തിന് ഒടുവില്‍ തിരശ്ശീല വീണു. സാങ്കേതിക വിദ്യയും പണക്കൊഴുപ്പും നിറഞ്ഞു നിന്ന മേളയില്‍ പക്ഷേ തിളങ്ങി നിന്നത് ആതിഥേയരുടെ ചുറു ചുറുക്കും സംഘാടന മികവും തന്നെയായിരുന്നു.

ഓഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്ത് 18 ദിവസം നീണ്ട കായിക ഇനങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനേകം പ്രകടനങ്ങള്‍ ഉണ്ട്. എന്നാല്‍ അപ്രതീക്ഷിത ഫലങ്ങളാണ് മത്സരങ്ങളുടെ ഭംഗി എന്ന സത്യം ഉള്‍ക്കൊണ്ടാല്‍ സ്വിമ്മിംഗ്പൂളില്‍ നുരകളെ വകഞ്ഞുമാറ്റി നീന്തുന്ന മൈക്കല്‍ ഫെല്പ്‌സും ട്രാക്ക് മെതിച്ച് കടന്ന് പോകുന്ന വേഗ തമ്പുരാന്‍ ഉസൈന്‍ ബോള്‍ട്ടും ഉയര്‍ന്ന് വരുന്നത് കാണാം.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ക്ക് അര്‍ഹനായ മൈക്കല്‍ ഫെല്പ്സ് തന്നെയാണ് ഒളിമ്പിക്‍സിന്‍റെ താരം. പങ്കെടുത്ത എട്ടില്‍ ഏഴിലും ലോകറെക്കോഡ് സ്വര്‍ണ്ണം റിലേയില്‍ ഗ്രൂപ്പ് മത്സരമായതിനാലാകം ഫെല്പ്സിനു ലോക റെക്കോഡ് കഴിയാതിരുന്നത്. പങ്കെടുത്ത എല്ലാ ഇവന്‍റിലും സ്വര്‍ണ്ണം നേടിയതാരം രണ്ട് ഒളിമ്പിക്സുകളിലായി മൊത്തം 14 സ്വര്‍ണ്ണമായിരുന്നു കണ്ടെത്തിയത്.

ഫെല്പസ് വെള്ളത്തിലാണ് അതിശയം തീര്‍ത്തതെങ്കില്‍ കരയിലാണ് ഈ പ്രകടനം ഉസൈന്‍ ബോള്‍ട്ട് നടത്തിയത്. 100 ലും 200 ലും ലോകറെക്കോഡ് കണ്ടെത്തിയ ലോകതാരത്തിന്‍റെ മികവിലാണ് ജമൈക്ക 4x100 സ്വര്‍ണ്ണം കണ്ടെത്തിയത്. അതും ലോകറെക്കോഡായിരുന്നു. ഇതിലൂടെ ഒളിമ്പിക്സില്‍ ത്രിബിളിലേക്കാണ് ബോള്‍ട്ട് കയറി നിന്നത്.

ഇരുപത്തഞ്ചാം തവണ ലോകറെക്കോഡ് തിരുത്തിയ ഇസിന്‍ബയേവയും അത്ഭുതമായി. ഓരോ മീറ്റിലും പോള്‍വാള്‍ട്ടില്‍ സ്വന്തം ചാട്ടം മെച്ചപ്പെടുത്തുന്ന താരം ഇതാദ്യമായി അഞ്ച് മീറ്റര്‍ ഉയരമെന്ന റെക്കോഡിനും അവകാശിയായി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡല്‍ നേടി ഒളിമ്പിക്‍സിനെത്തി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ സ്വര്‍ണ്ണം നേടിയ ഷോണ്‍ ജോണ്‍സന്‍റെയും ജിംനാസ്റ്റിക്സില്‍ ഒമ്പത് മെഡല്‍ കണ്ടെത്തിയ ചൈനയുടെയും പ്രകടനവും അവിസ്മരണീയം ആയിരുന്നു. അടുത്ത ഇതിഹാസമായിട്ടാണ് ജോണ്‍സന്‍റെ പ്രകടനം വിദഗ്ദര്‍ വിലയിരുത്തപ്പെടുന്നത്.

PROPRO
ഗെയിംസില്‍ ഫുട്ബോള്‍ സ്വര്‍ണ്ണം നിലനിര്‍ത്തിയ അര്‍ജന്‍റീനയുടെ പ്രകടനവും അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ടീമിന്‍റെ തിരിച്ചുവരവുമായിരുന്നു ഗംഭീരമായത്. സെമിഫൈനലില്‍ ബ്രസീലിനെ കീഴടക്കിയ അര്‍ജന്‍റീനയെ പഴയ ചാമ്പ്യന്‍‌മാര്‍ നൈജീരിയ അല്പം വിഷമിപ്പിച്ചെന്ന് മാത്രം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.

പ്രതാപശാലികളായ അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ടീം ഫൈനലില്‍ തകര്‍ത്തത് ലോക ചാമ്പ്യന്മാരായ സ്പെയിനെ ആയിരുന്നു. മാമാങ്കത്തിലെ അവസാന ഇനമായ ഫൈനലില്‍ അമേരിക്കന്‍ ഡ്രീം ടീം സ്വപ്നതുല്യമായ പ്രകടനത്തിലൂടെ 118-107 എന്ന സ്കോറിലാണ് തിരിച്ചു വന്നത്. അമേരിക്കന്‍ വോളിബോള്‍ ടീമിനും അങ്ങനെ തന്നെയുള്ള ഒരു കഥ പറയാനുണ്ട്. ഒളിമ്പിക്സില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കിരീടമായിരുന്നു അമേരിക്കന്‍ പുരുഷ ടീമിന്‍റെത്.

ടേബിള്‍ ടെന്നീസില്‍ ചൈന മെഡല്‍ തൂത്തുവാ‍രിയതും ഭാരോദ്വഹനത്തില്‍ നടത്തിയ പ്രകടനങ്ങളും തിളങ്ങിത്തന്നെ നില്‍ക്കുന്നു. ബോക്സിംഗില്‍ പ്രതിഭാസങ്ങളായ ക്യൂബയ്ക്ക് ആദ്യമായി വെറും കയ്യോടെ മടങ്ങേണ്ടി വന്നപ്പോള്‍ എല്ലാ വിഭാഗത്തിലും പ്രതിഭകളെ ഉണ്ടാക്കാന്‍ അല്പം പയറ്റുന്ന ചൈന ബോക്സിംഗില്‍ ആദ്യ സ്വര്‍ണ്ണം കണ്ടെത്തി.

ടെന്നീസില്‍ റാഫേല്‍ നദാലിലൂടെ സ്പെയിന്‍ ആദ്യ ടെന്നീസ് മെഡല്‍ കണ്ടെത്തിയപ്പോള്‍ അത്‌ലറ്റിക്സില്‍ ഡബിള്‍ തികച്ച ദിയബാബയും ബെക്കലെയും ഒളിമ്പിക്സിലെ മികച്ച പ്രകടനങ്ങളുടെ ഭാഗമായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്‍റെയും താരങ്ങള്‍ റിലേ മത്സരത്തില്‍ ബാറ്റണ്‍ കൈവിട്ട് അപമാനിതരാകുന്നതിന്‍റെ ദൃശ്യവും ബീജിംഗ് കാട്ടിത്തന്നു.

ഇന്ത്യന്‍ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജും ദുരന്ത ചിത്രമാണ്. മൂന്ന് ഫൌളുകള്‍ ഇന്ത്യന്‍ താരം വരുത്തി. ഒരിക്കലും സ്വര്‍ണ്ണം കണ്ടെത്താതെ വിഷമിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇനി ഇന്ത്യ പുറത്താകും. അഭിനവ് ബിന്ദ്രയിലൂടെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയ ഇന്ത്യ ബോക്സിംഗിലും ഗുസ്തിയിലും മെഡല്‍ നേടി സഞ്ചിയില്‍ മൂന്ന് മെഡലുകളുമായിട്ടാണ് ഇന്ത്യ മടങ്ങിയത്.

കാര്യങ്ങള്‍ അനേകം വിവരിക്കാനാകുമെങ്കിലും ചൈനയുടെ ആത്മാര്‍പ്പണത്തിനോളം വരില്ല അതൊന്നും. ഉദ്ഘാടന ചടങ്ങ് മുതല്‍ ഗെയിംസ് ഗംഭീരമാക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. മനുഷ്യാവകാശ ലംഘനം‍, ബീജിംഗിലെ പൊടി തുടങ്ങി അനേകം അപവാദങ്ങള്‍ ഗെയിംസിനു മുമ്പേ കേട്ട ചൈന വിമര്‍ശകരുടെ വായടപ്പിക്കുക തന്നെ ചെയ്തു.