എന്താണ് റീ പെചേജ് ?

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ വെങ്കലമെഡല്‍ നേടിയതോടെ റീ പെ ചേജ് എന്ന വാക്ക് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ്.

ആദ്യ റൌണ്ടില്‍ ഉക്രൈനിലെ ആന്‍ഡ്രിയ സ്റ്റാഡ്നിക്കിനോട് തോറ്റ സുശീല്‍ കുമാര്‍ ഈ മത്സരത്തില്‍ നിന്നും പുറത്തായി എന്നായിരുന്നു. ആദ്യം വന്ന വാര്‍ത്തകള്‍. പിന്നീട് കേട്ടു ഇനി ആകെ ഒരു പ്രതീക്ഷ റീ പെ ചേജ് മാത്രമാണെന്ന്. പ്രതീക്ഷ ശരിയായി. റീ പെ ചേജ് ലൂടെ സുശീല്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ചു.

റീ പെ ചേജ് എന്നാല്‍ രക്ഷപ്പെടുത്തുക, മുന്‍ നിരയിലേക്ക് വരാന്‍ അവസരം നല്‍കുക എന്നൊക്കെയാണ് അര്‍ത്ഥം.

സൈക്ലിംഗ്, തുഴച്ചില്‍, ജൂഡോ, ഗുസ്തി, കരാട്ടെ, ടേക്ക് വാണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് റീ പെ ചേജ് ഉപയോഗിച്ച് വിജയികളെ നിര്‍ണ്ണയിക്കുക പതിവ്. സൈക്ലിംഗിലും തുഴച്ചിലിലും ഓരോ ഹീറ്റ്സിലെയും റണ്ണര്‍ അപ്പ് മാരെ വച്ച് നടത്തുന്ന അവസാനത്തെ ഹീറ്റ്സാണ് റീ പെ ചേജ്.

ഇതിലെ വിജയിക്കും ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ ഗുസ്തിയിലും മറ്റും റീ പെ ചേജ് വേറൊരു തരത്തിലാണ് നടത്തുക. ഒരു ഇനത്തില്‍ ഫൈനലിലെത്തിയ രണ്ട് ഗുസ്തിക്കാരോട് തോറ്റ നാലു പേര്‍ വീതം മത്സരിച്ച് അവയില്‍ വിജയികളാവുന്ന രണ്ട് പേര്‍ക്കാണ് മൂന്നാം സമ്മാനം പങ്കിട്ടു നല്‍കുക.


ഇതനുസരിച്ച് മത്സരത്തിലെ ഏറ്റവും മികച്ചവരെ ആദ്യ റൌണ്ടില്‍ തന്നെ നിശ്ചയിക്കാന്‍ കഴിയുന്നു. അവര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നു.

ഇരുവരോടും പരാജയപ്പെട്ടവര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം മത്സരിച്ച് മികവ് തെളിയിച്ച് രണ്ട് വെങ്കല മെഡല്‍ പങ്ക് വയ്ക്കുന്നു. സുശീല്‍ കുമാര്‍ ആദ്യ റൌണ്ടില്‍ ഉക്രൈനിലെ ആന്‍ഡ്രിയ സ്റ്റാഡ്നിക്കിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

എന്നാല്‍ റീ പേ ചേജ് റൌണ്ടില്‍ ആദ്യം അമേരിക്കയിലെ ഡഗ് സ്വാബിനെയും പിന്നീട് ബെലാറഷ്യയിലെ ആല്‍ബര്‍ട്ട് ബാട്രിയോവിനെയും തോല്‍പ്പിച്ചശേഷമണ് കസഖിസ്ഥാന്‍റെ ലെനോയിദ് സ്കെര്‍ദിനോവിനെ തോല്‍പ്പിച്ച് വെങ്കലമെഡല്‍ നേടിയത്.

ഇതേ മട്ടില്‍ തുര്‍ക്കിയുടെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് റമസാന്‍ ഷാഹിന്‍ തോല്‍പ്പിച്ച നാലു പേര്‍ തമ്മിലും മത്സരിച്ചാണ് മറ്റൊരു വെങ്കല മെഡല്‍ ജേതാവിനെ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക