സതോഷിക്കും ടൊംഗ് വെന്നും സ്വര്‍ണ്ണം

വെള്ളി, 15 ഓഗസ്റ്റ് 2008 (17:53 IST)
ബീജിംഗിലെ അവസാന ജൂഡോ മത്സരങ്ങളില്‍ ജപ്പാനും ചൈനയ്‌ക്കും ജയം. പുരുഷന്‍‌മാരുടെ 100 കിലോ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്‍റെ അബ്ദുള്ളോ തന്‍ ഗ്രീവിനെ മറിച്ച് ജാപ്പനീസ് താര്‍മ ഇഷി സതോഷി സ്വര്‍ണ്ണം നേടി. 21 കാരനാണ് ഇഷി സതോഷി. 2006 ദോഹ ഏഷ്യന്‍ ഗെയിം‌സിലെ വെള്ളിമെഡല്‍ ജേതാവാണ് സതോഷി.

ഇറാന്‍റെ മൊഹ്ഹമ്മദ് റെസായെ കീഴടക്കി ക്യൂബന്‍ താരം ബ്രൈസണ്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഈ വര്‍ഷം പ്രാഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ബ്രൈസണ്‍. 78 കിലോ ഗ്രാം വനിതകളുടെ മത്സരത്തില്‍ ചൈനയുടെ ടോംഗ് വെന്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്‍റെ സുകാഡ മാക്കിയെ കീഴടക്കി സ്വര്‍ണ്ണമണിഞ്ഞു.

വനിതാ ജൂഡോയില്‍ ബീജിംഗിലെ അവസാന മത്സരത്തിലാണ് ആതിഥേയര്‍ക്ക് അഭിമാനിക്കാന്‍ വക ചൈനീസ് താരം നല്‍കിയത്. കൊറിയന്‍ റിപ്പബ്ലിക്കിലെ നാ യംഗിനെ പരാജയപ്പെടുത്തി സ്ലോവേനിയന്‍ താരം ലൂസിയാ പോലാഡെര്‍ ആദ്യ വെങ്കല മെഡല്‍ രാജ്യത്തിനു സംഭാവന ചെയ്തു. 2004 ഏതന്‍സ് ഒളിമ്പിക്സിലും വെങ്കലം നേടിയ താരം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ വെങ്കലം നേടിയ താരമാണ്.

വെബ്ദുനിയ വായിക്കുക