വനിതകളുടെ ടീം ഇവന്‍റിലും ചൈന

ബുധന്‍, 13 ഓഗസ്റ്റ് 2008 (13:50 IST)
മെഡല്‍ നേട്ടം കുത്തകയാക്കി മാറ്റിയ ചൈന വനിതാ ടീം ജിംനാസ്റ്റിക്‍സിലും സ്വര്‍ണ്ണം കണ്ടെത്തി. ചൊവ്വാഴ്ച ചൈനയുടെ പുരുഷ ടീം സ്വര്‍ണ്ണം നേടിയതിനു പിന്നാലെയാണ് ചൈനയുടെ വനിതാ ടീമും കിരീടം നേടിയത്. മൊത്തം 188.900 പോയിന്‍റ് നേടിയാണ് ചൈന ഈ മികവിലേക്ക് ഉയര്‍ന്നത്.

ചൈനയോട് ഒപ്പം തന്നെ നിന്നു പൊരുതിയ അമേരിക്ക 186.525 എന്ന സ്കോര്‍ നേടി വെള്ളി കണ്ടെത്തി. 181.525 പോയിന്‍റുമായി റുമാനിയ വെങ്കലത്തിന് അര്‍ഹമായി. ഹീ കെക്സിന്‍, യാംഗ് യിലിന്‍, ചെംഗ് ഫീ, ലി ഷാന്‍ഷാന്‍ എന്നിവരായിരുന്നു ചൈനയ്‌ക്കായി മികച്ച പ്രകടനം നടത്തിയത്.

ചൈനയുടെ ഏറ്റവും പരിചയസമ്പന്നയായ താരം ചെംഗ് ഫീ ഫ്ലോര്‍ എക്സര്‍സൈസില്‍ നടത്തിയ മികച്ച പ്രകടനം ആയിരുന്നു ചൈനയെ മുന്നോട്ട് നയിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തില്‍ റഷ്യയെ മറികടന്നായിരുന്നു റുമാനിയ വെങ്കലം നേടിയത്. ബീം വിഭാഗത്തില്‍ റഷ്യ നടത്തിയ പ്രകടനം മോശമായതാണ് പിന്നിലാകാന്‍ കാരണം.

അതേസമയം മെഡല്‍ വേട്ടയുടെ കാര്യത്തില്‍ ചൈന മികവ് തുടരുകയാണ്. ടീം ഇവന്‍റില്‍ ബുധനാഴ്ച ആദ്യ സ്വര്‍ണ്ണം കണ്ടെത്തിയതിനു പിന്നാലെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും ചൈന സ്വര്‍ണ്ണം കണ്ടെത്തി. ചൈന ഷൂട്ടിംഗില്‍ കണ്ടെത്തുന്ന ആറാമത്തെ മെഡല്‍ ആയിരുന്നു ഇത്. ഫൈനലില്‍ മൂന്നാം സ്ഥാനത്തായി എത്തിയ ചെന്‍ 793.4 പോയിന്‍റ് നേടിയാണ് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടിയത്.

മംഗോളീയയുടെ ഗുണ്ഡെഗ്മാ വെള്ളി മെഡലിനും ജര്‍മ്മന്‍ താരം മുംഘ്ബായര്‍ വെങ്കലത്തിനും അര്‍ഹയായി. 2006 ലോക്ക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തായ ചെന്‍ 2004 ഏതന്‍സ് ഒളിമ്പിക്‍സില്‍ നാലാം സ്ഥാനത്തായിരുന്നു.

വെബ്ദുനിയ വായിക്കുക