ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഒളിമ്പിക്സില്‍ നിന്നു പുറത്താക്കപ്പെട്ട ഭാരോദ്വാഹക മോണിക ദേവി നിരപരാധിയാണെന്ന് ഒളിമ്പിക്സ് അസോസിയേഷന്‍. എന്നാല്‍ മത്സരത്തില്‍ എത്തേണ്ട സമയം പിന്നിട്ടുകഴിഞ്ഞതിനാല്‍ മോണിക്കക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഇതോടെ ഇന്ത്യന്‍ ഭാരോദ്വാഹക ഫെഡറേഷന്‍ പ്രതികൂട്ടിലായിരിക്കുകയാണ. ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഫെഡറേഷന്‍ കള്ളക്കളി കാട്ടിയെന്ന ആരോപണം കൂടുതല്‍ പ്രസക്തമായിട്ടുണ്ട്. മോണിക്കക്കു പകരം ഷൈലജ പൂജാരിയെ ഒളിമ്പിക്സിന് അയക്കാന്‍ സായിയും ഫെഡറേഷനും തിരിമറി കാട്ടിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തന്നെ മനപ്പൂര്‍വം ബലിയാടാക്കുകയായിരുന്നെന്ന മോണിക്കയുടെ വാദത്തെത്തുടര്‍ന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പ്രശ്‌നത്തിലിടപെടുകയും പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനാലാണ് മോണിക്കയുടെ നിരപരാധിത്വം തെളിഞ്ഞത്. ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു മോണിക്ക പങ്കെടുക്കേണ്ടിയിരുന്നത്. ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു മോണിക്ക.