പോയിന്‍റസ് റേസില്‍ മരിയന്‍

സൈക്ലിങ്ങില്‍ റോഡ് റേസില്‍ ആറാം സ്ഥാനത്തായി പോയതിന്‍റെ നിരാശ മറന്ന് ഡച്ച് താരം മരിയന്‍ വോസ് വനിതകളുടെ പോയിന്‍റ് റേസില്‍ സ്വര്‍ണ്ണമണിഞ്ഞു. ലവോഷാന്‍ വെലോഡ്രോമില്‍ നടന്ന മത്സരത്തില്‍ ക്യൂബയുടെ യൊവാങ്ക ഗോണ്‍സാലസിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് മരിയന്‍ സ്വര്‍ണ്ണമണിഞ്ഞത്.

മരിയന്‍റെ കരിയറിലെ ആദ്യ ഒളിമ്പിക് മെഡലാണിത്. പത്ത് പോയിന്‍റ് സ്പ്രിന്‍റുകളുള്ള 25 കിലോമീറ്റര്‍ റേസില്‍ ആദ്യ് സ്പ്രിന്‍റില്‍ നേടിയ വിജയമാണ് മരിയനെ സ്വര്‍ണ്ണമണിയിച്ചത്. യൊവാങ്ക നേടിയ വെള്ളിയിലൂടെ ക്യൂബ ഒളിമ്പിക് ചരിത്രത്തില്‍ സൈക്ലിങ്ങിലെ തങ്ങളുടെ ആദ്യ മെഡലും സ്വന്തമാക്കി.

സ്പാനിഷ് താരം ലെയര്‍ ഒലാബെറിയയാണ് പതിമൂന്നു പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത്. പോയിന്‍റ് നിലയില്‍ കൊളംബിയയുടെ മരിയാ ലുയിസ കാലിയും ഒലാബെറിയും തുല്യത പാലിച്ചെങ്കിലും അവസാന സ്പ്രിന്‍റില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് സ്പാനിഷ് താരത്തിന് വെങ്കലം നേടാന്‍ തുണയാകുകയായിരുന്നു.

അമേരിക്കയുടെ സാറാ ഹാമര്‍, ജപ്പാന്‍റെ വഡാമി സറ്റോമി, ജെര്‍മനിയുടെ വേരേനാ ജോസ്, ചൈനയുടെ ലി യാന്‍ എന്നിവര്‍ രണ്ടാം സ്പ്രിന്‍റിനൊടുവില്‍ കൂട്ടിയിടിച്ചു വീണ ശേഷം ഇവരില്‍ ലീയ്ക്ക് മാത്രമാണ് മത്സരം തുടരാനായത്. വനിതാ വിഭാഗം വ്യക്തിഗത പെര്‍സ്യൂട്ടില്‍ സ്വര്‍ണ്ണം നേടിയ ബ്രിട്ടന്‍റെ റെബേക്ക റൊമേറോ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ശക്തമായ മാര്‍ക്കിങ്ങിനെ അതിജീവിക്കാനാകാതെ പരാജയം സമ്മതിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക