മലയാളികളുടെ കൂട്ടപലായനം മാധ്യമസൃഷ്ടി: സൌദി

തിങ്കള്‍, 1 ഏപ്രില്‍ 2013 (11:59 IST)
PRO
PRO
സൌദി അറേബ്യയിലെ സ്വദേശിവത്കരണം ചില മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്ന് സൗദി തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അഹമദ് അല്‍ ഹുമൈദാന്‍. ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിടുന്ന യാതൊരു നടപടിയും സൌദിയിലില്ല. മലയാളികള്‍ കൂട്ടത്തോടെ മടങ്ങുന്ന സാഹചര്യം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സൌദിയിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ അനുപാതം ഉറപ്പുവരുത്തുക, ബിനാമി വ്യവസായം ഇല്ലാതാക്കുക തുടങ്ങിയവ കാര്യങ്ങളാണ് രാജ്യത്തെ ഭരണകൂടം ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് നേരെ മാത്രമാണ് നടപടി. അതിനര്‍ത്ഥം ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിടുക എന്നല്ല. നൂറോളം രാജ്യങ്ങളിലെ ആളുകള്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് വിസ മാറാന്‍ ഇനിയും സമയമുണ്ടെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

താമസരേഖ ഇല്ലാത്തവരെയും ഫ്രീ വിസക്കാരെയും ലക്ഷ്യമിട്ട് സൌദിയില്‍ വ്യാപക പരിശോധന തുടരുകയാണ്. നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ ആരും തന്നെ പിടിയിലായിട്ടില്ല എന്നാണ് വിവരം. പാകിസ്ഥാന്‍, യെമന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിയത്. റെയ്ഡ് ഭയന്ന് പല കമ്പനികളും പ്രവര്‍ത്തിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വദേശിവത്കരണം ഇല്ലെന്ന് കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ ഉടന്‍ നടപടി നേരിടേണ്ടിവരും എന്നത് വസ്തുതയാണ്. ഇങ്ങനെ റദ്ദാക്കുകയാണെങ്കില്‍ രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് നഷ്ടപ്പെടുക.

വെബ്ദുനിയ വായിക്കുക