തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവം

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (21:40 IST)
നവരാത്രിയാഘോഷക്കാലത്ത് കേരളത്തില്‍ നടക്കുന്ന പ്രധാന കലോപാസനയാണ് തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന കുതിരമാളികയുടെ അങ്കണത്തിലെ നവരാത്രിമണ്ഡപത്തില്‍ പത്തുദിവസത്തെ സംഗീതക്കച്ചേരിയാണ് നടക്കുക. 1844-ല്‍ സ്വാതിതിരുനാള്‍ പണികഴിപ്പിച്ചതാണ് പുത്തന്‍ മാളിക എന്ന കുതിരമാളിക.
 
സ്വാതിതിരുനാളിന്‍റെ ആസ്വാദ്യമായ കീര്‍ത്തനങ്ങള്‍ മാത്രം ആലപിക്കുന്ന ഈ സംഗീതക്കച്ചേരി നടക്കുന്ന മണ്ഡപം സവിശേഷതയാര്‍ന്നതാണ്. തുറന്ന വേദിയാണിത്. വേദികള്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കും കര്‍പ്പൂരവും ചന്ദനവും പുകച്ച് അന്തരീക്ഷം ശുദ്ധമാക്കും.
 
നാടന്‍ ശബ്ദസംവിധാനമാണ് മറ്റൊരു പ്രത്യേകത. ഉച്ചഭാഷിണിയായി വായ് മൂടിക്കെട്ടിയ മണ്‍കുടങ്ങളാണുള്ളത്. അവയുടെ വായ കയറുകൊണ്ട് കെട്ടി പരപരം ബന്ധിപ്പിക്കുന്നു പല വലുപ്പത്തിലും വായ്‌വട്ടത്തിലുമുള്ള കുടങ്ങള്‍ കേള്‍വിക്കാര്‍ക്ക് സുഖമായി പാട്ട് ആസ്വദിക്കാന്‍ പാകത്തില്‍ നിലത്ത് കമിഴ്ത്തിയാണ് വെക്കുക.
 
ഇതില്‍ കേരളത്തിലെ മാത്രമല്ല അന്യനാടുകളിലേയും കര്‍ണാടക സംഗീതജ്ഞര്‍ പങ്കെടുക്കും. സ്വാതിതിരുനാളിന്റെ സരസ്വതികീര്‍ത്തനങ്ങളടങ്ങിയ ‘നവരാത്രിപ്രബന്ധം’ എന്ന സംഗീതകൃതിയാണ് നവരാത്രികച്ചേരിക്ക് പ്രധാനമായും അവലംബിച്ചിരുന്നത്.
 
പില്‍ക്കാലത്ത് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബാലമുരളീകൃഷ്ണ സ്വന്തം കൃതികളും താന്‍ സ്വന്തമായുണ്ടാക്കിയ രാഗങ്ങളും നവരാത്രി മണ്ഡപത്തില്‍ അവതരിപ്പിച്ചിരുന്നു. വൈകീട്ട് ആറു മുതല്‍ രാത്രി എട്ടരവരെയാണ് സംഗീതോപാസന നടക്കുക.
 
തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയതു മുതലാണ് കുതിരമാളികയിലെ സരസ്വതീക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയത്. അന്നു ധര്‍മ്മരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്.
 
എല്ലാ വര്‍ഷവും നവരാത്രിക്കാലത്ത് കന്യാകുമാരി ജില്ലയില്‍ പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതീക്ഷേത്രത്തില്‍ ഉത്സവം നടക്കാറുണ്ട്. ഇന്നവിടം ചരിത്രസ്മാരകമാണ്. മാത്രമല്ല തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് അവിടെ അധികാരവുമില്ല. അതുകൊണ്ട് ഉത്സവവും സംഗീതോത്സവവും തിരുവനന്തപുരത്തേക്ക് മാറ്റി.
 
അവിടെ നിന്ന് ദേവിയെ തിരുവനന്തപുരത്തേക്ക് നവരാത്രിക്കാലം തുടങ്ങുന്നതിനു തൊട്ടുമുമ്പ് എഴുന്നള്ളിച്ചു കൊണ്ടു വരാറുണ്ട്. ഈ നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് സുപ്രധാനമായ സാംസ്കാരിക പരിപാടിയായി മാറിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക