നവരാത്രി: എട്ടാം ദിനം മഹാഗൌരി പ്രഭാവം

ശനി, 9 സെപ്‌റ്റംബര്‍ 2017 (19:55 IST)
ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നും എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൌരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൌരിയാണ്. മഹാഗൌരീ ദേവിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. 
 
കാലത്തെ നിലയ്ക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ള കാലകേയനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും. മഹാഗൌരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനുശേഷമാണ് യുദ്ധത്തിനായി തിരിച്ചത്‌. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധപുസ്തകപൂജയായി മാറുന്നത്.
 
അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.
 
പൂജവയ്പ്‌ അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്‌. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക്‌ വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. 
 
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വച്ച്‌ അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്‌. ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്ക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റോ പായയോ പേപ്പറോ വച്ച്‌ അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.
 
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌ 
‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’ എന്ന മന്ത്രം ചൊല്ലി തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക. നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം കാണിക്കണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍