വനിതാബില്‍ ഇന്നു വീണ്ടും പാര്‍ലമെന്‍റില്‍

ചൊവ്വ, 9 മാര്‍ച്ച് 2010 (09:47 IST)
PRO
ലോകവനിതാ ദിനത്തില്‍ വനിതാസംവരണ ബില്‍ പാസാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്നം സഫലമായില്ല. പാര്‍ലമെന്‍റ് ബില്‍ ഇന്നു വീണ്ടും പരിഗണിക്കും. ബില്‍ പരിഗണിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിവിധ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും.

വനിതാബില്‍ പസാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചു നില്ക്കുന്നതില്‍ പ്രതിഷേധിച്ച് യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനായി എസ് പിയും ആര്‍ ജെ ഡിയും വാക്കാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന ബിഎസ്പി ഇന്നലെ എസ് പിക്കും ആര്‍ ജെ ഡിക്കുമൊപ്പം പ്രതിഷേധിച്ചില്ല.

അതേസസമയം ജനതാദള്‍ (യു) ബില്ലിന്‍റെ കാര്യത്തില്‍ രണ്ടു തട്ടിലാണ്. ജനതാദള്‍ (യു) അധ്യക്ഷന്‍ ശരദ്‌ യാദവ്‌ ബില്ലിനെ എതിര്‍ക്കുകയും പാര്‍ട്ടി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാര്‍ അനുകൂലിക്കുകയുമാണ്‌.

ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷം സഭാധ്യക്ഷന്‍റെ മൈക്ക്‌ ഒടിക്കുകയും നടുത്തളത്തില്‍ സഭാലേഖകരുടെ മേശപ്പുറത്തു കയറി മുദ്രാവാക്യം വിളിക്കുകയും ബില്ലിന്‍റെ പകര്‍പ്പുകള്‍ വലിച്ചുകീറിയെറിയുകയും ചെയ്തിരുന്നു. വനിതാബില്ലില്‍ പ്രതിഷേധം അറിയിച്ച എസ് പി, ആര്‍ ജെ ഡി എംപിമാര്‍ അച്ചടക്കലംഘനത്തില്‍ പുതിയ ചരിത്രമായിരുന്നു രചിച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ആറു തവണയും ലോക്സഭ അഞ്ചു തവണയുമാണു നിര്‍ത്തിവച്ചത്‌.

എസ് പി, ആര്‍ ജെ ഡി ബഹളത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു. ആറുമണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ഉപാധ്യക്ഷനായ പി ജെ കുര്യന്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

സഭയില്‍ ചര്‍ച്ചയുടെ അന്തരീക്ഷമില്ലാത്ത സാഹചര്യത്തില്‍ ബില്ല് വോട്ടിനിടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വോട്ടെടുപ്പിനോ ചര്‍ച്ചയ്ക്കോ സാധ്യതയില്ലെങ്കില്‍ ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപടിയെ ഇടതുപക്ഷവും ബി ജെ പിയും എതിര്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക