യു പിയിലെ ഗോരഖ്പൂരിലുണ്ടായ കൂട്ടശിശുമരണത്തിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. 24 മണിക്കൂറിനിടെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചു കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തീവ്ര പരിചരണത്തിലുള്ള ഈ കുട്ടികളുടെ നിലയും അതീവ ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ജനിക്കുമ്പോള്‍തന്നെ കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മരണമടഞ്ഞ ഒമ്പത് കുട്ടികളിൽ നാല് കുട്ടികൾ മാത്രമേ ഈ ആശുപത്രിയിൽ ജനിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവർ മറ്റു സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടുതൽ ചികിത്സക്കായി വന്നതാണെന്നും മെഡിക്കൽ സൂപ്രണ്ട് എം എം പ്രഭാകർ പറഞ്ഞു. സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.