രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (14:29 IST)
യൂട്യൂബ് ചാനലിലെ ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യല്‍ മീഡിയ താരം രണ്‍വീര്‍ അല്ലാബാഡിയ സുപ്രീം കോടതിയില്‍. വിവിധ സംസ്ഥാനങ്ങളിലായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് അല്ലാബാഡിയ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനകം പരിഗണയ്ക്ക് വരുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
 
ഇന്ത്യാ ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായ രണ്‍വീര്‍ മത്സരാര്‍ഥികളോട് അശ്ലീലപരാമര്‍ശം നടത്തിയതായാണ് പരാതി. ഷോയ്ക്കിടെ ഇനിയുള്ള ജീവിതത്തില്‍ നിങ്ങള്‍ മാതാപിതാക്കള്‍ സെക്‌സ് ചെയ്യുന്നത് നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് ഈ പരിപാടി അവസാനിപ്പിക്കുമോ എന്ന ചോദ്യമാണ് വ്യാപകവിമര്‍ശനത്തിനിടയാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ മാപ്പപേക്ഷിച്ചെങ്കിലും പ്രതിഷേധങ്ങള്‍ക്ക് കുറവുണ്ടായില്ല.
 
 ഷോയുടെ 6 എപ്പിസോഡുകളില്‍ ഭാഗമായിരുന്ന 40 ഓളം പേര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. ഇതോടെ ഷോയുടെ അവതാരകനായ സമയ് റെയ്‌ന എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്തു. നിലവില്‍ അലഹബാദിയ പരിപാടികളുമായി ബന്ധപ്പെട്ട് യുഎസിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍