വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി; ആഭ്യന്തരം മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യും

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (07:32 IST)
ഏറെ ചർച്ചകൾക്കൊടുവിൽ ഉത്തർപ്രദേശിൽ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നലെയോടെ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെ ആയിരിക്കും. ഇൻഫർമേഷൻ, നഗരാസൂത്രണം, പൊതുവിതരണം, ഖനനം, എസ്റ്റേറ്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ്.
 
ആഭ്യന്തര വകുപ്പിനായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അഭ്യന്തരം മുഖ്യമന്ത്രി സ്വന്തമാക്കിയത്. മൗര്യയ്ക്ക് പൊതുമരാമത്ത് വകുപ്പിനു പുറമെ ഭക്ഷ്യസംസ്കരണം, വിനോദ നികുതി, പബ്ലിക് എന്റർപ്രൈസസ് എന്നീ വകുപ്പുകളുടെയും ചുമതല നൽകിയിട്ടുണ്ട്.  
 
ദിനേശ് ഷായ്ക്ക് ഐടിക്കു പുറമെ ഹയർ സെക്കൻഡറി, ശാസ്ത്ര സാങ്കേതിക, ഇലക്ട്രോണിക്സ് വകുപ്പുകളുടെ ചുമതലയും നൽകി. ബിജെപിയുടെ ഔദ്യോഗിക വക്താവുകൂടിയായ സിദ്ധാർഥ് നാഥ് സിങ്ങിനാണ് ആരോഗ്യ വകുപ്പിന്റെ ചുമതല. മധുരയിൽനിന്നുള്ള ജനപ്രതിനിധി ശ്രീകാന്ത് ശർമയ്ക്കാണ് ഊർജവകുപ്പ്. 
 
മുൻ ക്രിക്കറ്റ് താരം കൂടിയായ ചേതൻ ചൗഹാൻ കായിക വകുപ്പ് കൈകാര്യം ചെയ്യും. ധനകാര്യവകുപ്പിന്റെ ചുതമല രാജേഷ് അഗർവാളിനാണ്. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ റീത്ത ബഹുഗുണ കുടുംബ ക്ഷേമം, സ്ത്രീ–ശിശു ക്ഷേമം, വിനോദ സഞ്ചാരം എന്നീ വകുപ്പുകൾ നൽകി.
 
Next Article