തോല്‍വിയ്ക്ക് ഒഴിവുകഴിവുകള്‍ പറയുകയല്ല, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റി; ആത്മപരിശോധന നടത്തി തിരുത്തും: അരവിന്ദ് കെജ്‌രിവാള്‍

ശനി, 29 ഏപ്രില്‍ 2017 (10:14 IST)
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍‌വി ഏറ്റുവാങ്ങിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് പറ്റിയ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും താന്‍ സംസാരിച്ചു. അതില്‍ നിന്ന് യാഥാര്‍ത്ഥ്യം വ്യക്തമായി. പാര്‍ട്ടിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ട്. അത് തിരുത്തി മുന്നോട്ടു പോകുകയാണ് ഇനി ചെയ്യേണ്ടതെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
  
തെരെഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയ്ക്ക് ഒഴിവുകഴിവുകള്‍ പറയുകയല്ല, പകരം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. വീഴ്ച്ചകള്‍ ഉണ്ടാകുന്ന സമത്ത് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ അര്‍ഹിക്കുന്നതെന്തോ അത് അവര്‍ക്ക് ലഭിക്കണം. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തതെന്നും കെജ്രിവാള്‍ ടിറ്ററില്‍ കുറിച്ചു. 
 
വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആം ആദ്മി നേതൃത്വം ആദ്യം പ്രതികരിച്ചത്. ഇതിനെതിരെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്  നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ വിമതസ്വരം ഉയരുന്നതിനിടെയാണ് കെജ്രിവാള്‍ തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക