യാക്കൂബ് മേമനെ ഇന്ത്യ ചതിച്ചതോ? സുപ്രധാന വെളിപ്പെടുത്തല്‍ പുറത്ത്
ശനി, 25 ജൂലൈ 2015 (11:25 IST)
മുംബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ ഇന്ത്യ ചതിച്ചതാണെന്ന വിവാദമായേക്കാവുന്ന് വെളിപ്പെടുത്തലുകള്‍ പുറത്ത്. ന്യൂസ് വെബ് പോര്‍ട്ടലായ റെഡിഫ് ഡോട്ട്കോമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. മേമന്റെ അറസ്റ്റിനു നേതൃത്വം നല്‍കിയ അന്തരിച്ച മുന്‍ റോ മേധാവി ബി. രാമന്‍ നടത്തിയ വെളിപ്പെടുത്തലാണ് ന്യൂസ് പോര്‍ട്ടല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മരന ശേഷം മാത്രമെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു എന്ന നിബന്ധന പ്രകാരമാണ് ഇപ്പോള്‍ ലേഖനം പുറത്തു വിടുന്നതെന്നാണ് ന്യൂസ് പോര്‍ട്ടല്‍ പറയുന്നത്.
2007ല്‍ രാമന്‍ എഴുതിയ ലേഖനം പുറത്തുവിട്ടത് അദ്ദേഹത്തിന്റെ സഹൊദരനായ റിട്ട. ഐഎഎസ് ഓഫിസര്‍ ബി.എസ്. രാഘവന്‍ നല്‍കിയ സമ്മത പത്രത്തൊടെയാണ്. 1994 ജൂലൈ 28ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നേപ്പാള്‍ പൊലീസാണ് യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തതെന്നാണ് രാമന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 94 ആഗസ്റ്റ് അഞ്ചിന് ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തുവെന്നാണ് സിബിഐയുടെ അവകാശവാദം.
കറാച്ചിയില്‍ കുടുംബസമേതം താമസിക്കുന്ന മേമന്‍ ആക്രമണത്തിന് ശേഷം ഐ.എസ്. ഭീഷണി ഭയന്നാണ് ഇന്ത്യക്ക് കീഴടങ്ങാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം നേപ്പാളിലെ അഭിഭാഷകനുമായി ചര്‍ച്ചചെയ്യാനാണ് കാഠ്മണ്ഡുവില്‍ എത്തുന്നത്. എന്നാല്‍, കീഴടങ്ങുന്നതിനെ അഭിഭാഷകരും ബന്ധുക്കളും എതിര്‍ത്തു. തുടര്‍ന്ന് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെയാണ് വിമാനത്താവളത്തില്‍വെച്ച് നേപ്പാള്‍ പൊലീസ് മേമനെ പിടികൂടുന്നത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് സിബിഐ സംഘം അദ്ദേഹത്തെ വിമാനത്തില്‍ ഡല്‍ഹിയിലത്തെിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
1994ല്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന് ഒരാഴ്ചമുമ്പാണ് താന്‍ ഈ ലേഖനം എഴുതുന്നത്. ഇത് പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. എന്നാല്‍, കുറ്റവാളിയല്ളെന്ന ഉത്തമ ബോധ്യമുള്ള ഒരാളെ സംരക്ഷിക്കുന്നതിനാണ് ലേഖനം എഴുതാന്‍ തീരുമാനിച്ചതെന്നാണ് രാമന്‍ വ്യക്തമാക്കുന്നത്.സ്ഫോടനത്തില്‍ മേമന്‍ പങ്കാളിയല്ളെന്ന വിശ്വാസം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
പാകിസ്താനിലെ കറാച്ചിയില്‍ കഴിയുന്ന ടൈഗര്‍ മേമന്‍ ഉള്‍പ്പെടെയുള്ള കേസിലെ പ്രധാന പ്രതികളെ മേമന്റെ സഹായത്തോടെ ഇന്ത്യയിലത്തെിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും റോ മേധാവി പറയുന്നു. അന്വേഷണത്തോട് മേമന്‍ സഹകരിച്ചിരുന്നുവെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കാന്‍ തയാറായിരുന്നുവെങ്കില്‍ മേമന് വധശിക്ഷ ലഭിക്കുമായിരുന്നില്ല എന്ന വിവാദമായ പരാമര്‍ശവും ലേഖനത്തിലുണ്ട്. അതേസമയം വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മേമന്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഈ ഹര്‍ജിയും തള്ളിയാല്‍ മേമനെ ഉടന്‍ തന്നെ തൂക്കിലേറ്റിയേക്കും.