ഗിരീഷ് കര്‍ണാടിന് വധഭീഷണി; കല്‍ബുര്‍ഗിയുടെ ഗതിയുണ്ടാകുമെന്ന് സന്ദേശം

വ്യാഴം, 12 നവം‌ബര്‍ 2015 (11:52 IST)
കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെ സ്വാഗതം ചെയ്‌ത ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനും നടനും സിനിമാപ്രവര്‍ത്തകനുമായ ഗിരീഷ്‌ കര്‍ണാടിന്‌ ട്വിറ്ററിലൂടെ വധഭീഷണി. കന്നഡ പുരോഗമന സാഹിത്യകാരനായ കൽബുര്‍ഗിയുടെ അവസ്ഥയായിരിക്കും ഉണ്ടാകുക എന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഭീഷണി.

അജഞാതമായ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍ടോളറന്റ് ചന്ദ്ര എന്നാണ് അക്കൗണ്ടിലെ പേര്. പരാതി ലഭിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഹിന്ദുസംഘടനകള്‍ക്കെതിരേ കര്‍ണാട് രംഗത്തെത്തിയിരുന്നു. ടിപ്പു ഒരു ഹിന്ദുവായിരുന്നെങ്കില്‍ മറാത്ത ഭരണാധിപനായിരുന്ന ഛത്രപതി ശിവജിക്കു മഹാരാഷ്ട്രയില്‍ കിട്ടുന്ന അതേ ആദരം അദ്ദേഹത്തിനും ലഭിക്കുമായിരുന്നുവെന്ന് കര്‍ണാട് പറഞ്ഞതാണ് അദ്ദേഹത്തിനു നേരെ വധഭീഷണി ഉണ്ടാകാന്‍ കാരണമായത്.

ഇതേത്തുടർന്ന് ഗിരീഷ് കര്‍ണാടിന്റെ പ്രസ്താവന ഹിന്ദുവിന്റെയും വൊക്കലിംഗ സമുദായത്തിന്റെയും വികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ബിജെപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. തുട‍ര്‍ന്ന് ഗിരീഷ് കര്‍ണാട് ഖേദം പ്രകടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദേഹത്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക