ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്തെത്തി. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും പിന്നീട് നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ ഇറങ്ങേണ്ടി വരുമെന്നും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ താക്കീത് നല്‍കി.
ബ്രിജ് ഭൂഷണിനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് റെസ്ലിങ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഫെഡറേഷന്‍ താക്കീത് ചെയ്തിരിക്കുന്നത്.