ജനജീവിതം ദുസഹമാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് കീഴടക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക സംഘം തയ്യാറായി കഴിഞ്ഞു. വീര്യം കൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അരിക്കൊമ്പനെ തളര്‍ത്താനാണ് ആലോചന. തമിഴ്‌നാട് വനം വകുപ്പ് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തുന്നത്. ഉചിതമായ എന്ത് നടപടിയും തമിഴ്‌നാടിന് സ്വീകരിക്കാമെന്നാണ് കേരള വനം വകുപ്പിന്റെ നിലപാട്.
അതേസമയം, കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ആന തട്ടിയിട്ട് വീണ ഇദ്ദേഹത്തിനു തലയ്ക്കും വയറിനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.