ഹരിയാന തെരെഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് സൂചന. പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടമായതിന് പിന്നാലെ അന്താരാഷ്ട്ര ഗുസ്തിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയാലുടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.
ഇതിനിടെയാണ് വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയുമായി സന്ദര്‍ശനം നടത്തിയത്. വിനേഷിനൊപ്പം ബജറംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. ഇതോടെയാണ് പുറത്തുവരാനിരിക്കുന്ന സ്ഥാനാര്‍ഥിപട്ടികയില്‍ വിനേഷും ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസിന് താത്പര്യക്കുറവുണ്ടെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി മൂന്നാം ഘട്ട ചര്‍ച്ചയിലാണ്. 90ല്‍ 10 സീറ്റുകള്‍ വേണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. 7 സീറ്റുകള്‍ വരെ നല്‍കാനാണ് കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടുള്ളത്.