‘ഞാനയച്ച മറുപടി കൂടെ വെളിപ്പെടുത്താൻ ചോർച്ചക്കാർ തയ്യാറാകണം‘; ഇ മെയിൽ ചോർത്തിയവരോട് ശശി തരൂർ

ബുധന്‍, 28 ഓഗസ്റ്റ് 2019 (18:34 IST)
മോദി സ്‌തുതിയുടെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമായ സംഭവത്തിൽ തന്റെ നിലപാടിൽ ഉറച്ച് ശശി തരൂര്‍ എംപി. സംഭവത്തിൽ ശശി തരൂർ കെപിസിസിക്ക് വിശദീകരണം നൽകി. മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താനെന്നും, ക്രിയാത്മക വിമര്‍ശനമാണ് നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടു എന്നും തരൂര്‍ വ്യക്തമാക്കി.
 
കെപിസിസി പ്രസിഡന്റ് തനിക്കയച്ച ഇ മെയില്‍ ചോര്‍ന്നതില്‍ ശശി തരൂര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ഇ മെയില്‍ ചോര്‍ത്തിയവര്‍ തന്റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ പറഞ്ഞു. മെയിൽ മാത്രം ചോർത്താതെ അതിനു താനയച്ച മറുപടി കൂടി വെളിപ്പെടുത്താൻ ചോർത്തിയവർ തയ്യാറാകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 
 
കെ മുരളീധരന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തരൂര്‍ മോദി സ്തുതി തുടര്‍ന്നാല്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കേണ്ടി വരുമെന്നും കുറച്ചുകാലം മുമ്പ് മാത്രം കോണ്‍ഗ്രസിലെത്തിയ തരൂരിനെ തന്റെ രാഷ്ട്രീയ പാരമ്പര്യം അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍