കൃഷിസ്ഥലങ്ങള്‍ മരുഭൂമിയാക്കരുത് എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചിന്തിക്കേണ്ട വിഷയം. ഇന്ത്യ വ്യാവസായിക വല്‍ക്കരണത്തിന്റെ പിന്നാലെ പായുന്ന ഈ അവസരത്തില്‍ പരിസ്ഥിതിയും അതിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ പ്രകൃതിയെ(കാര്‍ഷികസ്ഥലം) സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നാമെല്ലാം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോക രാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി 1972 മുതല്‍ ഓരോ വര്‍ഷവും ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.